സിനിമാ നിര്‍മാതാക്കളുടെ അന്തകരായ തമിഴ് റോക്കേഴ്‌സിന് ഉടന്‍ തന്നെ അന്ത്യമാകും ? തമിഴ് റോക്കേഴ്‌സിന് തടയിടാന്‍ അണിയറയില്‍ ഒരുങ്ങുന്ന തന്ത്രങ്ങള്‍ ഇങ്ങനെ…

ചെന്നൈ: നിര്‍മാതാക്കളുടെ ചങ്കു തകര്‍ത്തു കൊണ്ട് റിലീസിംഗ് ദിനങ്ങളില്‍ തന്നെ വ്യാജകോപ്പി ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യുന്ന തമിഴ് റോക്കേഴ്‌സിന് ഉടന്‍ അന്ത്യമാകുമെന്ന് സൂചന. തമിഴ്‌റോക്കേഴ്‌സിന് വരുമാനം നല്‍കുന്ന ഉറവിടങ്ങള്‍ തടയുന്നതില്‍ വിജയിച്ചുവെന്നും തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ സൈബര്‍ വിദഗ്ധന്‍ ശിവ പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള പ്രൊപ്പെല്ലര്‍, സാപ്പ് തുടങ്ങിയ പരസ്യക്കമ്പനികള്‍ ആയിരുന്നു തമിഴ്‌റോക്കേഴ്‌സിന്റെ പ്രധാന വരുമാന മാര്‍ഗം. ഇവരെ തടയാന്‍ സാധിച്ചുവെന്ന് ശിവ പറയുന്നു.

അടുത്തിടെ തമിഴ്‌റോക്കേഴ്‌സിന്റെ അഡ്മിനില്‍ ഒരാള്‍ ധനസഹായം ആവശ്യപ്പെട്ട് ഇട്ട ട്വീറ്റ് ഇവരുടെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നതാണെന്ന് ശിവ ചൂണ്ടിക്കാട്ടുന്നു. റിലീസ് ചിത്രത്തിന്റെ തീയറ്റര്‍ കോപ്പി പുറത്ത് പോകാതിരിക്കാന്‍ തിയറ്ററുകളില്‍ സിസിടിവി നിര്‍ബന്ധമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ശിവ പറഞ്ഞു.

തമിഴ്‌റോക്കേഴ്‌സിനും തമിഴ്ഗണ്‍ എന്ന സൈറ്റിനുമെതിരേയാണ് തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ ആദ്യനീക്കമെന്ന് ശിവ പറഞ്ഞു. എന്നാല്‍ വ്യാജ പതിപ്പിനു പിന്നില്‍ മാഫിയ ബന്ധമില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും ശിവ വ്യക്തമാക്കി.

ടെക്‌നോളജി വിദഗ്ധരായ ഒരു കൂട്ടം ആള്‍ക്കാരാണ് തമിഴ്‌റോക്കേഴ്‌സിന് പിന്നിലെന്ന് ശിവ വിശദമാക്കി. പണം മാത്രമാണ് ഇവര്‍ ലക്ഷ്യമാക്കുന്നത്. ഇവരെ ജയിലാക്കാനുള്ള പദ്ധതികളെല്ലാം ഒരുങ്ങിക്കഴിഞ്ഞെന്നും ശിവ പറഞ്ഞു.

Related posts