മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തമിഴ് യുവതി വഞ്ചിച്ചത് നിരവധി മലയാളികളെ; പട്ടിണി ഒഴിവാക്കാന്‍ ഹോട്ടലുകളില്‍ പണിയെടുത്ത് യുവാക്കള്‍; അഞ്ചുവര്‍ഷത്തിനിടെ തട്ടിപ്പിനിരയാക്കിയത് ആയിരത്തിലധികം ആളുകളെ…

മലേഷ്യയില്‍ മികച്ച ജോലി വാഗ്ദാനം ചെയ്ത് നിരവധി മലയാളി യുവാക്കളില്‍ നിന്ന് പണം തട്ടി തമിഴ് യുവതി. ഗുഗപ്രിയ കൃഷ്ണന്‍ എന്ന തമിഴ് വംശജയാണ് മലയാളിയെന്നു സംശയിക്കുന്ന ഭര്‍ത്താവ് വിജയകുമാറിനും മധുര സ്വദേശിയായ സഹായി ജബരാജിനുമൊപ്പം ചേര്‍ന്ന് യുവാക്കളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. തൊഴില്‍രഹിതരായ യുവാക്കളെ അനധികൃത ജോബ് കണ്‍സള്‍ട്ടന്‍സി വഴിയാണ് ഇവര്‍ മലേഷ്യയില്‍ എത്തിക്കുന്നത്. വന്‍ കമ്പനികളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് മനുഷ്യക്കടത്ത് നടത്തുന്നത്. എന്നാല്‍ സഹായിയായ ജബരാജിനെ ചതിച്ചതോടെ ഇയാള്‍ ഗുഗപ്രിയയുടെ തട്ടിപ്പുകള്‍ പുറംലോകത്തിനു വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് നിരവധി ആളുകള്‍ ഇരകളായ കാര്യവും അറിയുന്നത്.

നല്ല ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് യുവാക്കളെ മലേഷ്യയില്‍ എത്തിച്ചശേഷം അവരുടെ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ ശേഷം മുങ്ങുകയാണ് ഗുഗപ്രിയയുടെ രീതി. ഇതിനോടകം ഇവര്‍ ആയിരത്തിലധികം യുവാക്കളെ വഞ്ചിച്ച് ലക്ഷങ്ങളാണ് തട്ടിയത്. ജോബ് വിസപോലും ഇല്ലാതെ മലേഷ്യയിലെ ഹോട്ടലുകളില്‍ വെയ്റ്റര്‍മാരായി ജോലിചെയ്തുവരികയാണ് ഇവര്‍. അഞ്ചുവര്‍ഷത്തിലേറെയായി ഗുഗപ്രിയ തട്ടിപ്പുതുടങ്ങിയിട്ടെന്ന് മലേഷ്യയില്‍നിന്നും രക്ഷപ്പെട്ടെത്തിയവര്‍ പറയുന്നു. ഇവര്‍ക്ക് മലേഷ്യന്‍ പൗരത്വമുണ്ട്. ഇതുപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

തട്ടിപ്പിനിരയായ നിരവധി ആളുകള്‍ ഇവര്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പലവിധ സ്വാധീനത്തിന്റെ ബലത്തില്‍ ഇവര്‍ ഓരോ തവണയും രക്ഷപ്പെട്ടു. എന്നാല്‍ തട്ടിപ്പിനു കൂട്ടുനിന്ന ജബരാജിന്റെ പാസ്‌പോര്‍ട്ടും ഇവര്‍ അടിച്ച് മാറ്റിയതോട് കൂടിയാണ് വിവരങ്ങള്‍േ പുറത്ത് വരുന്നത്. ഇയാള്‍ക്ക് വാഗ്ദാനം ചെയ്ത കമ്മിഷന്‍ തുകയും നല്‍കാന്‍ അവര്‍ തയാറായില്ല. തുടര്‍ന്നാണ് ജബരാജ് ഗുഗപ്രിയക്കെതിരേ രണ്ടുമാസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ നിരവധി വാര്‍ത്തകള്‍ പത്രങ്ങളില്‍ ഇവരെപ്പറ്റി വന്നെങ്കിലും അന്വേഷണം അത്ര കാര്യക്ഷമമായില്ല.

തട്ടിപ്പിനായി തന്ത്രപരമായ രീതികളാണ് ഗുഗപ്രിയ സ്വീകരിക്കുന്നത്. ഇതിനായി പെട്രോണാസ്, ലേ-മോള്‍ഡിങ് പോലുള്ള വന്‍കിട സ്ഥാപനങ്ങളില്‍ ഒഴിവുണ്ടെന്നു കാട്ടി സാമൂഹിക മാധ്യമങ്ങള്‍, ഇന്റര്‍നെറ്റ് എന്നിവയിലൂടെ ഇവര്‍ പരസ്യം നല്‍കും. തുടര്‍ന്ന് ജബരാജിനെ കേരളത്തിലേക്ക് അയക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ജോബ് കണ്‍സള്‍ട്ടന്‍സികളെ സ്വാധീനിച്ച് വന്‍തുക ഇവര്‍ക്ക് കമ്മിഷന്‍ വാഗ്ദാനം ചെയ്താണ് യുവാക്കളെ ആകര്‍ഷിക്കുന്നത്. ഇവര്‍ പറയുന്ന സ്ഥാപനത്തില്‍ ഒഴിവുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചാല്‍ ഇവര്‍തന്നെ സ്ഥാപനത്തിന്റെ എച്ച്.ആര്‍. വിഭാഗത്തിന്റെ നമ്പര്‍ നല്‍കും.

ഇതില്‍ വിളിച്ചാല്‍ ഒഴിവ് ഉണ്ടാകും എന്ന മറുപടി ആയിരിക്കും കിട്ടുക. എന്നാല്‍ ഇത് ഗുഗപ്രിയയുടെ സംഘത്തില്‍പ്പെട്ട ആളുടെ നമ്പര്‍ തന്നെയായിരിക്കും. ഒരാള്‍ക്ക് ജോലി നല്‍കുന്നതിന് 3.75 ലക്ഷം മുതല്‍ ആറുലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. വാങ്ങുന്ന തുകയ്ക്കനുസരിച്ച് അമ്പതിനായിരം മുതല്‍ ഒന്നര ലക്ഷം വരെ ഏജന്‍സിക്ക് കമ്മിഷന്‍ നല്‍കും.മലേഷ്യയില്‍ എത്തിയ ഉടനെ ജോലി ലഭിക്കുമെന്നും ആഴ്ചകള്‍ക്കുള്ളില്‍ ജോബ് വിസ നല്‍കുമെന്നുമാണ് വാഗ്ദാനം. യുവാക്കള്‍ മലേഷ്യയിലെത്തിയാല്‍ നല്ല താമസസ്ഥലം നല്‍കും. തുടര്‍ന്ന് ഇവരുടെ പാസ്‌പോര്‍ട്ട് കെക്കലാക്കും.

എന്നാല്‍ കിട്ടാവുന്നത്ര പണം സ്വരൂപിച്ച ശേഷം പാസ്‌പോര്‍ട്ടുകളുമായി ഗുഗപ്രിയ മുങ്ങുകയാണ് പതിവ്. ഇതോടെ താമസസ്ഥലത്തിന്റെ വാടകപോലും നല്‍കാന്‍ സാധിക്കാതെ യുവാക്കള്‍ പെരുവഴിയിലാകും. യുവാക്കളില്‍നിന്നും അടിച്ചുമാറ്റുന്ന പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഗുഗപ്രിയ വീണ്ടും തട്ടിപ്പുകള്‍ നടത്തും. മലേഷ്യയിലെ ക്വലാലമ്പൂരില്‍ ഗുഗപ്രിയ ”ജി.കെ. ഗ്ളോബല്‍ മാനേജ്‌മെന്റ്” എന്നൊരു സ്ഥാപനം നടത്തുന്നുണ്ട്. ഒറ്റത്തവണ തട്ടിപ്പു നടത്തുന്നതിനായി തട്ടിക്കൂട്ടുന്നതാണിത്.

വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാന്‍ തയാറാകാത്ത യുവാക്കള്‍ ഭക്ഷണത്തിനും താമസത്തിനുമായാണ് ചെറിയ ശമ്പളത്തില്‍ ഹോട്ടലുകളില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. എംബസിയുടെ സഹായത്തോടെ നിരവധി യുവാക്കള്‍ നാട്ടിലേക്കു തിരിച്ചെത്തുന്നുമുണ്ട്. ഗുഗപ്രിയയുടെ ഭര്‍ത്താവ് വിജയകുമാര്‍ കംബോഡിയയിലാണ്. തട്ടിപ്പ് ആവശ്യങ്ങള്‍ക്കായി ഇയാള്‍ ഇടയ്ക്ക്ിടെ മലേഷ്യയിലും കേരളത്തിലും എത്താറുണ്ട്. കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടാണ് ഇയാളുടേത് എന്നും അറിയുന്നു.

Related posts