മൂന്ന് വര്‍ഷമായി ശമ്പളമില്ല! കുടുംബം പോറ്റാനായി പ്ലസ്ടു അദ്ധ്യാപകന്‍ കൂലിപ്പണി ചെയ്യുന്നു; കൊടിയത്തൂര്‍ സ്വദേശിയുടെ കഥ ഉദാഹരണം മാത്രം

ygijkതന്റെയും കുടുംബത്തിന്റെയും നിലനില്‍പ്പ് അവതാളത്തിലായപ്പോള്‍ നസീം മറ്റൊന്നും ആലോചിച്ചില്ല. അവധി ദിവസങ്ങളില്‍ കല്‍പ്പണിക്കാരനായി മാറി ഈ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍. കോഴിക്കോട് കൊടിയത്തൂരിലെ പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലി ചെയ്യുന്ന നസീമിന് മൂന്നു വര്‍ഷമായി ശമ്പളം ലഭിക്കുന്നില്ല. പട്ടിണി കുടുംബത്തില്‍ പിടിമുറുക്കിയപ്പോള്‍ മറ്റൊന്നും അലോചിക്കാതെ കല്‍പ്പണിക്കിറങ്ങുകയായിരുന്നു.

2014-15 അധ്യയനവര്‍ഷം പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ബാച്ചുകളിലും നിയമിതരായ കേരളത്തിലെ മൂവായിരത്തിലേറെ +2 അദ്ധ്യാപകരില്‍ ഒരാളാണു നസീം. മൂന്നു വര്‍ഷമായിട്ടും തസ്തിക സൃഷ്ടിക്കപ്പെടാത്തതു മൂലമാണ് ശമ്പളം ലഭിക്കാത്തത്. ഇത് നസീമിന്റെ മാത്രം കഥയല്ല. കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകരില്‍ ഒരു വിഭാഗത്തിന് ഇന്നും നിത്യവൃത്തിക്ക് മറ്റു പല തൊഴിലും ആശ്രയിക്കേണ്ട അവസ്ഥയാണ്. നസീമിനെപ്പോലെ ശമ്പളമില്ലാതെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കേരളത്തിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ ദുരിതം സഹിക്കുന്നു. പലര്‍ക്കും അവധി ദിനങ്ങളിലെ ഇത്തരം തൊഴിലുകളാണ് നിലനില്‍പിന്റെ ഏക ആശ്രയം.

തസ്തിക സൃഷ്ടിക്കാന്‍ വൈകുന്നതനുസരിച്ച് തങ്ങളുടെ നിയമന പ്രായപരിധി കവിഞ്ഞു പോകുമോ എന്ന വേവലാതിയും ഇവരെ വലയ്ക്കുന്നു. തസ്തിക നിര്‍മ്മാണം വൈകുമ്പോള്‍ തുല്യ യോഗ്യതയുള്ളവര്‍ ഹൈസ്‌കൂളില്‍ നിന്നും പ്രമോഷനായി വരാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയാണെങ്കില്‍ സ്ഥിരം ജോലി സ്വപ്നം കണ്ടവര്‍ പടിക്കു പുറത്താകും. ഹൈക്കോടതിയുടെ അനുമതിയോട് കൂടിയാണ് സീറ്റു ക്ഷാമം പരിഹരിക്കാന്‍ പുതിയ +2 സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്. ബാച്ച് നിലനിര്‍ത്താനാവുംവിധം കുട്ടികളുണ്ടെങ്കില്‍ രണ്ട് വര്‍ഷം കഴിഞ്ഞ് തസ്തിക സൃഷ്ടിച്ച് സ്ഥിര നിയമനം എന്നായിരുന്നു അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം.

ഈ അദ്ധ്യാപകരാണ് ഇപ്പോള്‍ ദുരിതത്തില്‍ കഴിയുന്നത്. ആവശ്യത്തിന് കുട്ടികളുണ്ടായിട്ടും ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് തസ്തിക നിര്‍മ്മാണത്തിന് തടസമായി നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഗസ്റ്റ് അദ്ധ്യാപക വേതനം പോലും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ഗസ്റ്റ് അദ്ധ്യാപക വേതനവും 2016 ജൂണ്‍ മുതല്‍ പ്രാബല്യത്തോടെ തസ്തിക നിര്‍ണയവും വേണമെന്നാണ് ഇവരുടെ അടിയന്തര ആവശ്യം.

Related posts