സ്‌കൂളില്‍ നിന്നു പുറത്താക്കിയപ്പോള്‍ നാടുകാണാന്‍ മോഹം ; ട്രെയിന്‍ പോയപ്പോള്‍ ബൈക്ക് മോഷ്ടിച്ച് വീട്ടിലേക്ക് പറപറന്നു; മലപ്പുറത്ത് പതിനഞ്ചുകാരന്‍ കുടുങ്ങിയതിങ്ങനെ…

വണ്ടൂര്‍: സ്‌കൂളില്‍ അച്ചടക്ക ലംഘനം നടത്തിയതിനെത്തുടര്‍ന്നാണ് പതിനഞ്ചുകാരനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. ഇതോടെ ഒരു ബൈക്ക് മോഷ്ടിച്ച് വിദ്യാര്‍ഥി നാടുകാണാനിറങ്ങി. മലപ്പുറം വണ്ടൂരിലാണ് സംഭവം. സ്‌കൂളില്‍ നിന്ന് പുറത്താക്കിയത് അവസരമാക്കി നാടുകാണാന്‍ ഇറങ്ങിയ മേലാറ്റൂര്‍ സ്വദേശിയാണ് നാട്ടുകാരെ വട്ടം കറക്കിയത്. കറങ്ങിത്തിരിച്ച് തിരിച്ചു പോകാനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ പോയിരുന്നു. പിന്നെ മറ്റ് മാര്‍ഗമില്ലാതെ ഇടംവലം നോക്കാതെ, സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളിലൊന്ന് മോഷ്ടിച്ച് ആള് നാട്ടിലേക്ക് പറ പറക്കുകയായിരുന്നു.

വാണിയമ്പലം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വിദ്യാര്‍ത്ഥി ബൈക്ക് അടിച്ചെടുത്തത്. ഡിസംബര്‍ 11 നാണ് സംഭവം. വാണിയമ്പലത്ത് എത്തിയപ്പോള്‍ പാറയിലും, മറ്റും ചുറ്റിക്കറങ്ങി സമയം കളഞ്ഞ് വൈകിട്ടുള്ള ട്രെയിന്‍ നാട്ടിലെത്താനായിരുന്നു വിദ്യാര്‍ത്ഥിയുടെ പദ്ധതി. എന്നാല്‍ ട്രെയിന്‍ പോയതോടെ പണിപാളി. പിന്നെ ഒന്നും നോക്കിയില്ല റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്കെടുത്ത് നൈസായി അങ്ങ് മുങ്ങി. ശാന്തനഗര്‍ സ്വദേശിയായ യുവാവിന്റെ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. ബൈക്ക് മോഷണം പോയതു സംബന്ധിച്ച് പരാതി നല്‍കുകയും പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ വഴി വ്യാപകമായ പ്രചരണം നടത്തിയതോടെ ബൈക്ക് മേലാറ്റൂരില്‍ കണ്ടെത്തുകയായിരുന്നു.

 

Related posts