പരിശീലകന്‍ ഏകാപ്പോള്‍ ചന്ദാവോങ് ഒരു ദിവസം തനിച്ച് ഗുഹയില്‍ കഴിയേണ്ടി വരും ! നാളെ കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം ആശങ്ക കൂട്ടുന്നു; ഇന്ന് നിര്‍ണായക ദിനം

ബാങ്കോക്ക്:തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകന്‍ ഏകാപോള്‍ ചന്ദാവോങ് ഒരു ദിവസം ഗുഹയില്‍ തനിച്ചു കഴിയേണ്ടി വരും. 25കാരനായ ചന്ദാവോങ് ഉള്‍പ്പെടെ അഞ്ചുപേരാണ് ഇനി ഗുഹയില്‍ അവശേഷിക്കുന്നത്.

ബാക്കിയുണ്ടായിരുന്ന എട്ടുപേരെ രണ്ടു ദിവസങ്ങളിലായി രക്ഷപ്പെടുത്തി. ഇനിയുള്ള നാലുകുട്ടികളെ ആദ്യം പുറത്തെത്തിക്കാനാവും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അതിനു ശേഷമാവും പരിശീലകനെ പുറത്തെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തൂ.

മൂന്നാംഘട്ട രക്ഷാപ്രവര്‍ത്തനത്തില്‍ കുട്ടികള്‍ക്കൊപ്പം പരിശീലകനെ പുറത്ത് കൊണ്ടുവരാനുള്ള തീരുമാനം രക്ഷാപ്രവര്‍ത്തനത്തിന്റെ തലവന്‍ ഒസോട്ടാനകോണ്‍ നിരസിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ വേണം എല്ലാം ചെയ്യാന്‍ എന്നതിനാല്‍ അധികഭാരം എടുക്കേണ്ടെന്നാണ് ഒസോട്ടാനകോണിന്റെ നിര്‍ദേശം. അതുകൊണ്ടു തന്നെ മുമ്പത്തെ പോലെ നാലു പേര്‍ വീതം മതിയെന്ന് അദ്ദേഹം രക്ഷാപ്രവര്‍ത്തകരോട് കര്‍ശനമായി പറയുകയും ചെയ്തിരിക്കുകയാണ്.

ജൂണ്‍ 23 നായിരുന്നു പരിശീലകനും മറ്റ് 12 കുട്ടികളും ഗുഹയില്‍ കുടുങ്ങിയത്. ഇവര്‍ ഗുഹയില്‍ കയറിയതിന് പിന്നാലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗുഹാമുഖം അടയുകയായിരുന്നു. വെള്ളം ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് മൂന്ന് മൈലോളം അകത്തേക്ക് പോകാന്‍ നിര്‍ബ്ബന്ധിതരാകുകയായിരുന്നു.

നാളെ മഴപെയ്യുമെന്ന കാലാവസ്ഥാ പ്രവചനമുണ്ടായ സാഹചര്യത്തില്‍ ഗുഹയില്‍ അവശേഷിക്കുന്നവരെ ഇന്നു പുറത്തെത്തിക്കാന്‍ ഊര്‍ജിതശ്രമമുണ്ടാകും. ഇന്നലെയും താം ലുവാങ്ങിനു സമീപം ചെറിയ മഴ പെയ്തിരുന്നു. പക്ഷേ, അത് ആശങ്കയ്ക്കു കാരണമായില്ല. ഞായറാഴ്ച രക്ഷാപ്രവര്‍ത്തനം നടത്തിയ 13 ബ്രിട്ടിഷ് ഡൈവര്‍മാരാണ് ഇന്നലെയും ദൗത്യം നയിച്ചത്. രാവിലെ 11 നാണു ദൗത്യം തുടങ്ങിയത്. വൈകിട്ട് 4.30 ന് ആദ്യ ഫലം ഉണ്ടായി. അഞ്ചാമത്തെ കുട്ടി ഗുഹയ്ക്കു പുറത്തെത്തി. കേവലം ഒറ്റ മണിക്കൂറിനുള്ളില്‍ ആറാമനെയും ഏഴാമനെയും ഗുഹയ്ക്കു പുറത്ത് എത്തിക്കാനായി.

എന്നാല്‍, പിന്നീട് ഏറെ നേരം കഴിഞ്ഞാണ് എട്ടാമനെ പുറത്തെത്തിച്ചത്. ഇവരെ സ്ട്രെച്ചറില്‍ കിടത്തിയാണ് ആംബുലന്‍സിലേക്കു മാറ്റിയത്. അവിടെനിന്ന് താം ലുവാങ് ദേശീയോദ്യാനത്തിന് അടുത്തു തയാറാക്കിയിരുന്ന ലാന്‍ഡിങ്പാഡില്‍ എത്തിച്ച് ഹെലികോപ്ടറില്‍ ചിരങ്റായ് പ്രണുക്രോ ആശുപത്രിയില്‍ എത്തിച്ചു.

പ്രാദേശിക സമയം ഇന്നലെ െവെകിട്ട് 7.40 നാണ് എട്ടാമത്തെ കുട്ടി ഗുഹയ്ക്കു പുറത്തെത്തിയത്. കുട്ടികളെ മാനസികമായി തയാറാക്കിയശേഷമാണു ദൗത്യം തുടങ്ങിയതെന്നു ബ്രിട്ടിഷ് കേവ് റസ്‌ക്യു കൗണ്‍സില്‍ അംഗം പീറ്റര്‍ ഡെന്നിസ് അറിയിച്ചു. രക്ഷപ്പെട്ട പല കുട്ടികള്‍ക്കും നീന്തലറിയില്ല.

നാളെ കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. ഇന്നു തന്നെ അവശേഷിക്കുന്നവരെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണു രക്ഷാപ്രവര്‍ത്തകരുടെ പ്രതീക്ഷ. ഇതേസമയം, ഞായറാഴ്ച രക്ഷപ്പെടുത്തിയ നാലുപേര്‍ ആശുപത്രിയില്‍ അപകടനില തരണം ചെയ്തു.

ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്കായി അവരുടെ സ്‌കൂളുകളും തയാറെടുത്തു തുടങ്ങി. കുട്ടികള്‍ക്കായി പ്രത്യേക ക്ലാസുകള്‍ നടത്തുമെന്നു മായ് സായ് പ്രസിത്സാര്‍ട്ട് സ്‌കൂള്‍ അറിയിച്ചു. ഗുഹയില്‍ കുടുങ്ങിയ ആറു കുട്ടികള്‍ ഇവിടെയാണു പഠിക്കുന്നത്.

Related posts