ആകെ മുങ്ങിയാല്‍ കുളിരില്ല ! ആഷിഖ് അബു പറയുന്നതൊന്ന് ബിജിബാല്‍ പറയുന്നത് മറ്റൊന്ന്; സന്ദീപ് വാര്യരുടെ വാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍; പണി മൊത്തത്തില്‍ പാളി മ്യൂസിക്ക് ഫൗണ്ടേഷന്‍…

മ്യൂസിക്ക് ഫൗണ്ടേഷന്റെ സംഗീത പരിപാടി നടത്തിയത് പ്രളയദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാനല്ലെന്ന് ആഷിഖ് അബു വാദമുയര്‍ത്തിയതിനെത്തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍ എസ്. സുഹാസ്.യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരുടെ പരാതി പരിഗണിച്ചാണ് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടത്. കളക്ടറായിരുന്നു പരിപാടിയുടെ രക്ഷാധികാരിയെന്ന് മ്യൂസിക് ഫൗണ്ടേഷന്‍ സെക്രട്ടറി ബിജിബാല്‍ പറഞ്ഞിരുന്നു.

എന്നാല്‍ കളക്ടര്‍ ഇക്കാര്യം നിഷേധിച്ചതോടെ മ്യൂസിക്ക് ഫൗണ്ടേഷന്‍ വീണ്ടും വെട്ടിലായി. സാങ്കേതിക പിഴവാണെന്ന് പറഞ്ഞ് ബിജിബാല്‍ തടിയൂരിയതിന്റെ പിന്നാലെയാണ് പോലീസ് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടത്. തട്ടിപ്പുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് കളക്ടര്‍ പൊലീസിന് കൈമാറുന്നത്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് മനസ്സിലാക്കിയാണ് ഇടപെടല്‍. കൊച്ചി റേഞ്ച് ഐജിക്കും കമ്മീഷണര്‍ക്കുമാണ് പരാതി കൈമാറിയത്. അന്വേഷണം ഉള്‍പ്പെടെയുള്ള അനിവാര്യമായ നടപടികള്‍ വേണമെന്ന് പൊലീസിനോട് കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനുള്ള പരിപാടി നടത്തുന്നതിനായി, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സൗജന്യമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജിപാല്‍ നല്‍കിയ കത്ത് പുറത്തു വന്നിരുന്നു. താന്‍ മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നും തന്റെ പേര് ദുരുപയോഗം ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി കളക്ടര്‍ എസ്.സുഹാസ്, ബിജിപാലിന് കത്തയച്ചു. ഇതിന് പിന്നാലെയാണ് കേസെടുക്കല്‍.

സാമ്പത്തിക തട്ടിപ്പു നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും. സംഭവം വിവാദമായപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കാനല്ല സംഗീത പരിപാടി നടത്തിയതെന്നായിരുന്നു ആഷിഖ് അബു ഫേസ്ബുക്ക് കുറിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയ ചെക്കിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

ടിക്കറ്റിലൂടെ കിട്ടിയ വരുമാനം സംഭാവന നല്‍കാന്‍ സംഘാടകര്‍ തീരുമാനിച്ചതാണെന്നും സ്റ്റേഡിയം സൗജന്യമായി കിട്ടിയതില്‍ തട്ടിപ്പില്ലെന്നുമാണ് ആഷിക് അബു അവകാശപ്പെട്ടത്. ഇതിന് പിന്നാലെയാണ് സുഹാസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

റീജിയണല്‍ സ്‌പോര്‍ട് സെന്ററിനെ സംഘാടകര്‍ തെറ്റിദ്ധരിപ്പിച്ചാണ് സ്റ്റേഡിയത്തിന് അനുമതി വാങ്ങിയതെന്ന് ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ എംപിയും രംഗത്തെത്തിയിരുന്നു. തെളിവായി സ്‌പോര്‍ട്‌സ് സെന്ററിന് ബിജിപാല്‍ നല്‍കിയ കത്തും പുറത്തുവിട്ടു.

സ്‌പോര്‍ട്‌സ് സെന്ററിന്റെ എക്സിക്യൂട്ടീവ് സമിതി പലതവണ തള്ളിയ അപേക്ഷ, മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലം അംഗീകരിക്കുകയായിരുന്നുവെന്നും ഹൈബി ഈഡന്‍ ആരോപിച്ചിരുന്നു. പിന്നാലെയാണ് താന്‍ കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന്റെ രക്ഷാധികാരി അല്ലെന്ന് വ്യക്തമാക്കി കളക്ടര്‍ എസ്.സുഹാസ് ബിജിപാലിന് കത്തയച്ചത്.

അനുമതിയില്ലാതെ തന്റെ പേര് ദുരുപയോഗം ചെയ്യരുതെന്ന് മുന്നറിയിപ്പും നല്‍കി. ആരോപണമുന്നയിക്കുന്നവര്‍ നിയമപരമായി നീങ്ങണമെന്നും പരിപാടിക്ക് ചെലവായ പണം കൊടുത്ത് തീര്‍ത്ത ശേഷം ഭാരവാഹികളുടെ കയ്യില്‍ നിന്നും പണം എടുത്ത് ദുരിതാശ്വാസ ഫണ്ടില്‍ അടക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്നും ബിജിബാല്‍ പറയുന്നു. കൊച്ചി രാജ്യാന്തര സംഗീതോത്സവത്തിന്റെ പ്രഖ്യാപനത്തിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചെലവില്‍ നടത്തിയ പരിപാടിയാണ് ഇതെന്നായിരുന്നു ആഷിഖ് അബുവിന്റെ വിശദീകരണം.

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാത്ത, പൂര്‍ണമായും ഫൗണ്ടേഷന്‍ തന്നെ ചെലവ് വഹിച്ച ടിക്കറ്റിന്റെ പണം സര്‍ക്കാരിലേക്ക് നല്‍കിയ പരിപാടി തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതായി എന്ത് അടിസ്ഥാനത്തിലാണ് ഹൈബി പറയുന്നത് കണ്ടെത്തിയ തട്ടിപ്പ് എന്താണെന്ന് അറിയാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും അത് തെളിവുസഹിതം എല്ലാവരെയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തു എന്നു പറയുന്ന ചെക്കിന്റെ തീയതി ഈ ഫെബ്രുവരി 14 ആണെന്ന് വെളിപ്പെട്ടതോടെ മ്യൂസിക് ഫൗണ്ടേഷന്‍ അധികൃതരുടെ വാദങ്ങള്‍ അപ്പാടെ പൊളിയുകയായിരുന്നു. ചെക്കിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒക്ടോബര്‍ 16ന് ബിജിബാല്‍ റീജനല്‍ സ്‌പോര്‍ട്‌സ് സെന്ററിന് നല്‍കിയ കത്തില്‍ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് സംഗീതനിശ എന്ന് വ്യക്തമായി പറയുന്നുണ്ടെന്ന് ഹൈബി ഈഡന്‍ വിശദീകരിക്കുക കൂടി ചെയ്തതോടെ ഫൗണ്ടേഷന്റെ എല്ലാ വാദങ്ങള്‍ പൊളിഞ്ഞു. ഇതോടെ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Related posts

Leave a Comment