മലേഷ്യന്‍ വിമാനം തേടി അന്ന് സെന്റിനല്‍ ദ്വീപിലും പോയിരുന്നു ! ദ്വീപിലെ ഗോത്രവര്‍ഗക്കാര്‍ ഒറ്റപ്പെട്ടു കഴിയാന്‍ ആഗ്രഹിക്കുന്നതിനു കാരണം ബ്രിട്ടീഷുകാരില്‍ നിന്ന് നേരിട്ട ദുരനുഭവം…

ലോകത്തിലെ ഏറ്റവും ദുരൂഹമായ ജനസമൂഹം എന്ന വിശേഷണമാണ് ലോകം ആന്റമാനിലെ വടക്കന്‍ സെന്റിനല്‍ ദ്വീപ് നിവാസികള്‍ക്ക് നല്‍കുന്നത്. തങ്ങളുടെ സ്വകാര്യതയിലേക്ക് പുറം ലോകത്തു നിന്നും ആരുമെത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇവിടേക്ക് മറ്റുള്ളവര്‍ പോകുന്നത് സര്‍ക്കാര്‍ വിലക്കിയിട്ടുമുണ്ട്. ഇതു ലംഘിച്ചെത്തിയ അമേരിക്കന്‍ യുവാവ് കൊല്ലപ്പെട്ടതോടെ സെന്റിനല്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. പതിറ്റാണ്ടുകള്‍ക്കിടയില്‍ സെന്റിനല്‍ ദ്വീപ് സന്ദര്‍ശിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അത്തരമൊരാളാണു മലയാളിയായ ഡോ.എം.ശശികുമാര്‍. ആന്ത്രപ്പോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഡയറക്ടര്‍.

2014 ഏപ്രിലില്‍ ആയിരുന്നു ശശികുമാറിന്റെ ആദ്യ സെന്റിനല്‍ യാത്ര. ദ്വീപില്‍ പുകയുയരുന്നു എന്ന നാസയുടെ റിപ്പോര്‍ട്ട് ആയിടയ്ക്കു പുറത്തുവന്നിരുന്നു. എംഎച്ച് 370 എന്ന മലേഷ്യന്‍ വിമാനം ദ്വീപില്‍ തകര്‍ന്നു വീണു എന്ന അഭ്യൂഹവും അന്ന് പ്രചരിച്ചിരുന്നു. ഈ രണ്ടു സംഭവങ്ങളും ആന്ത്രപ്പോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ദ്വീപിലേക്ക് ഒരു യാത്ര സംഘടിപ്പിക്കാന്‍ കാരണമായി. എഎസ്ഐയിലെ ഉന്നത ഉദ്യോഗസ്ഥനായ ശശികുമാറിനായിരുന്നു ചുമതല.

കപ്പലുകള്‍ക്ക് അടുക്കാനാവാത്ത വിധം പ്രകൃതി തന്നെ ദ്വീപിന് പവിഴപ്പുറ്റുകള്‍ നിറഞ്ഞ കവചം ഒരുക്കിയിട്ടുണ്ട്. ശശികുമാറിന്റെ ആദ്യ യാത്ര ഹെലികോപ്റ്ററിലായിരുന്നു. എന്നാല്‍ ദ്വീപിനു കുറുകെ ഹെലികോപ്റ്റര്‍ പറത്തരുതെന്ന് ഒരു ചട്ടമുണ്ട്. അതിനാല്‍ ദ്വീപിനെ ചുറ്റിപ്പറന്നാണു പുകയുയരുന്നതിന്റെ കാരണം ഇവര്‍ പരിശോധിച്ചത്. അഭ്യൂഹങ്ങളില്‍ കഴമ്പില്ലെന്നു പരിശോധനാസംഘത്തിനു ബോധ്യപ്പെട്ടു.

എങ്കിലും ഉറപ്പിക്കാനായി ഒരു ബോട്ട് യാത്ര കൂടി നടത്തി. യാത്രയിലാണു ദ്വീപിലെ അന്തേവാസികളും ഒറ്റപ്പെട്ട ജീവിതശൈലികൊണ്ടു നരവംശശാസ്ത്രജ്ഞര്‍ക്കിടയില്‍ പ്രശസ്തരുമായ സെന്റിനലീസ് ഗോത്രാംഗങ്ങളെ ശശികുമാര്‍ നേരിട്ടു കണ്ടത്. അവര്‍ നഗ്‌നരായിരുന്നു. 16 പേരുള്ള സംഘം. 7 പുരുഷന്‍മാരും 6 സ്ത്രീകളും 3 കുട്ടികളുമുണ്ടായിരുന്നു. ദ്വീപിനെ ചുറ്റിയോടുന്ന ചെറുബോട്ടിനെ സാകൂതം നിരീക്ഷിച്ചായിരുന്നു അവരുടെ നില്‍പ്.

എന്തുകൊണ്ടാണ് അവര്‍ പുറംലോകവുമായുള്ള സഹവാസം വെടിഞ്ഞ് റ്റപ്പെട്ടു കഴിയാന്‍ ആഗ്രഹിക്കുന്നത്..? ഇതിനു പ്രത്യേകമായ കാരണങ്ങളില്ലെന്നാണു ശശികുമാറിന്റെ അഭിപ്രായം. ആന്‍ഡമാന്‍ ദ്വീപസമൂഹങ്ങളിലെ പ്രമുഖ ഗോത്രങ്ങളായ ഗ്രേറ്റ് ആന്‍ഡമാനീസ്, ഓംഗി, ജരാവ തുടങ്ങിയവരും പണ്ട് ഇപ്രകാരമായിരുന്നു. പുറമേയുള്ളവരുടെ ആഗമനം ഇവര്‍ ഭീകരമായി എതിര്‍ത്തിരുന്നു.

ബ്രിട്ടീഷുകാര്‍ ദ്വീപിനെ കോളനിയാക്കിയപ്പോഴും സ്ഥിതി നിലനിന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ ഗ്രേറ്റ് ആന്‍ഡമാനീസ് ഗോത്രം നടത്തിയ ആബര്‍ദീന്‍ യുദ്ധം പോലുള്ളവ ഇതിന്റെ സാക്ഷ്യം. എന്നാല്‍ പില്‍ക്കാലത്ത് ഈ മൂന്നു ഗോത്രങ്ങളും അടിയറവു പറയുകയും പുറത്തുനിന്നുള്ളവരോടു ചേര്‍ന്നു വസിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. എന്നാല്‍ വടക്കന്‍ സെന്റിനല്‍ ദ്വീപില്‍ താമസിക്കുന്ന സെന്റിനലീസ് ഗോത്രക്കാര്‍ക്കു താരതമ്യേന ശല്യം കുറവായിരുന്നു.

ബ്രിട്ടീഷുകാര്‍ക്ക് താത്പര്യമില്ലാത്തതിനാല്‍ അവര്‍ ദ്വീപ് നിവാസികളെ ശല്യം ചെയ്യാന്‍ അങ്ങോട്ടെത്തിയില്ല. അതിനാല്‍ തന്നെ ദ്വീപ് നിവാസികള്‍ തങ്ങളുടെ തങ്ങളുടെ രീതികള്‍ നിലനിര്‍ത്തി പോന്നു. 70കളുടെ തുടക്കത്തില്‍ ആന്ത്രപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ദ്വീപുകളിലേക്ക് പര്യവേഷണ യാത്രകള്‍ നടത്തിയിരുന്നു.

ഇതില്‍ നിന്നും ദ്വീപസമൂഹത്തില്‍ സെന്റിനലുകള്‍ ഉള്‍പ്പെടുന്ന ‘നെഗ്രിറ്റോ’ വംശജര്‍ ആഫ്രിക്കയില്‍നിന്നുള്ള കുടിയേറ്റത്തില്‍ (ഔട്ട് ഓഫ് ആഫ്രിക്ക തിയറി) ദ്വീപിലെത്തിയവര്‍ ആകാമെന്നാണു നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായം. ഗ്രേറ്റ് ആന്‍ഡമാനീസ്, ഓംഗി, ജരാവ എന്നീ മറ്റു നെഗ്രിറ്റോ ഗോത്രങ്ങളുടെ ജനിതകഘടനയുടെ പരിശോധന ഇതു സാധൂകരിക്കുന്നു. ഇതേ സാമ്യം സെന്റിനലുകളിലുമുണ്ടാകാം. എന്നാല്‍ ഇവരുടെ ജനിതകഘടന പരിശോധിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

60000 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ദ്വീപില്‍ ആളുകള്‍ താമസിച്ചിരുന്നുവെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു. മനുഷ്യവാസം ആദ്യമായി കണ്ടെത്തിയത് ബ്രിട്ടിഷ് പര്യവേക്ഷകനായ ജോണ്‍ റിച്ചിയാണ്.60000 വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇവിടെ ആളുകള്‍ താമസിച്ചിരുന്നെന്ന് വിദഗ്ധര്‍ക്കിടയില്‍ അഭ്യൂഹമുണ്ട്. 1880ല്‍ ബ്രിട്ടിഷ് ഉദ്യോഗസ്ഥനായ മോറിസ് പോര്‍ട്മാന്‍ ഇവിടെ ആദ്യമായി കാലുകുത്തി. ശിലായുഗം പിന്നിട്ടിട്ടില്ലാത്ത ഗോത്രമെന്നാണു സെന്റിനലുകള്‍ തരംതിരിക്കപ്പെടുന്നത്.എന്നാല്‍ ഇതു പൂര്‍ണമായും ശരിയല്ല. ഇവര്‍ ഉപയോഗിക്കുന്ന ആയുധങ്ങളില്‍ ഇരുമ്പുണ്ട്. ഇതു പക്ഷേ ഇവര്‍ നിര്‍മിച്ചതല്ല, മറിച്ച് തകര്‍ന്ന കപ്പലുകളില്‍ നിന്നും മറ്റും ശേഖരിച്ചവയാണ്. അമ്പും ഒരു തരം മഴുവുമാണ് ഇവരുടെ പ്രധാന ആയുധങ്ങള്‍. ചില്ലകള്‍ മുറിക്കാനും മറ്റുമാകാം മഴു ഉപയോഗിക്കുന്നത്.മരക്കമ്പുകളില്‍ നാട്ടിയ കുടിലുകളിലാണ് ഇവരുടെ ജീവിതം.

വേട്ടയാണ് പ്രധാനജീവിത മാര്‍ഗം. കാട്ടുപന്നിയുടെ മാംസം വ്യാപകമായി ഭക്ഷിക്കപ്പെടുന്നു. മത്സ്യവും കടലാമയും ഇവര്‍ക്ക് പ്രിയം തന്നെ.കൂടാതെ തേന്‍, ആന്‍ഡമാനിലുള്ള പാന്‍ഡനസ് എന്ന പഴം, വിവിധവേരുകള്‍ എന്നിവയും ഇവര്‍ കഴിക്കാറുണ്ട്. പച്ചയായല്ല, മറിച്ച് തീയുപയോഗിച്ച് വറുത്താണ് ഇവര്‍ മാംസവും മല്‍സ്യവുമൊക്കെ കഴിക്കാറുള്ളത്. സെന്റിനലീസ് ഉള്‍പ്പെടെ ആന്‍ഡമാനിലെ ചില ഗോത്രങ്ങള്‍ നരഭോജികളാണെന്ന പ്രചാരണം പണ്ടുണ്ടായിരുന്നു.

എന്നാല്‍ ഇതിനു സാധ്യതയില്ലെന്നും ശശികുമാര്‍ പറയുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ ദ്വീപസമൂഹങ്ങളിലായി 6 പ്രധാന ഗോത്രങ്ങളാണുള്ളത്. ആന്‍ഡമാനില്‍ ഗ്രേറ്റ് ആന്‍ഡമാനീസ്, ഓംഗി,ജരാവ, സെന്റിനലീസ് എന്നീ നാലു ഗോത്രങ്ങള്‍. ‘നെഗ്രിറ്റോ’ വിഭാഗത്തില്‍ വരുന്നവയാണ് ഇവ. നിക്കോബാറില്‍ രണ്ടു പ്രധാന ഗോത്രങ്ങള്‍ ഷോംപന്‍, നിക്കോബാറീസ്. ഇവ മംഗളോയ്ഡ് വിഭാഗത്തില്‍പെട്ടവയാണ്. സെന്റിനല്‍ ഗോത്രവര്‍ഗക്കാരെ്പ്പറ്റി പുറംലോകത്ത് പ്രചരിക്കുന്ന കഥകളില്‍ പലതും അടിസ്ഥാനമില്ലാത്തതാണെന്നതാണ് യാഥാര്‍ഥ്യം.

Related posts