തോക്കുസ്വാമി കുടുങ്ങി, പോലീസ് സ്‌റ്റേഷനില്‍ വെടിയുതിര്‍ത്ത ഹിമവല്‍ ഭദ്രാനന്ദയെ അറസ്റ്റ് ചെയ്തത് കോടതിവളപ്പില്‍വച്ച്, നാടകീയരംഗങ്ങള്‍ പറവൂര്‍ കോടതിയില്‍

swamiവിവാദ തോക്കുസ്വാമി ഹിമവല്‍ ഭദ്രാനന്ദയെ പറവൂര്‍ കോടതിയില്‍ നിന്നും ഇറങ്ങവേ മറ്റൊരു കേസില്‍ എറണാകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് നാടകീയ രംഗങ്ങള്‍ പറവൂര്‍ കോടതി വളപ്പില്‍ അരങ്ങേറിയത്. ഫേസ്ബുക്കില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എറണാകുളം പൊലീസ് വിവാദ സ്വാമി ഹിമവല്‍ ഭദ്രാനന്ദയെ അറസ്റ്റ് ചെയ്തത്. ആലുവായില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടി വെടി വച്ച കേസില്‍ ഇന്ന് പറവൂര്‍ കോടതിയില്‍ ഹാജരായതാണ് വിവാദ തോക്ക് സ്വാമി ഹിമവല്‍ ഭദ്രാനന്ദ. ഈ കേസ് ഈ മാസം 12ന് വിധി പറയാന്‍ മാറ്റിവച്ചു. ഇതേ തുടര്‍ന്ന് കോടതിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ സ്വാമിയെ മറ്റൊരു കേസില്‍ എറണാകുളം പൊലീസ് കോടതി വളപ്പില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ടു ജീപ്പുകളിലായി എത്തിയ പൊലീസ് സംഘം ഇറങ്ങിയ ഉടനെ പൊക്കുകയായിരുന്നു. ഫേസ്ബുക്കില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ നാളുകളായി പോസ്റ്റുകള്‍ ഇട്ടിരുന്നു. തനിക്കെതിരെ തീവ്രവാദികളുടെ ഭീഷണിയുണ്ടെന്നും പൊലിസ് സംരക്ഷണം വേണമെന്നും ഹിമവല്‍ ഭദ്രനന്ദയും പൊലീസിന് പരാതി നല്‍കിയിരുന്നു. മുസ്ലിം വിരുദ്ധ പ്രചരണങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടതിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസ്സെടുക്കുകയായിരുന്നു. എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ്.ഐ വി വി പിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹിമവല്‍ ഭദ്രാനന്ദയെ അറസ്റ്റ് ചെയ്തത്. സൈബര്‍ കുറ്റകൃത്യങ്ങളും കേസിന്റെ പരിധിയില്‍ വരുമെന്ന് എസ്.ഐ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി.

Related posts