നഗരത്തില്‍ ഓടുന്ന വാഹനം തടഞ്ഞു നിര്‍ത്തി നൃത്തം ചെയ്തു! ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കളി കാര്യമായി; തൃശൂരില്‍ നാട്ടുകാരും ടിക് ടോക്ക് പിള്ളേരും തമ്മിലുണ്ടായ അടിയില്‍ സ്ത്രീകള്‍ക്കടക്കം പരിക്ക്

സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെയിടയില്‍ ട്രെന്‍ഡിംഗാണ് ടിക്ക് ടോക്കും അതിലെ നില്ല് നില്ല് ചലഞ്ചും. ഓടിക്കൊണ്ടിരിക്കുന്ന വാഹനം തടഞ്ഞു നിര്‍ത്തി നില്ല് നില്ല് വീഡിയോ ചെയ്യുന്നത് അപകടകരമായ അവസ്ഥകളിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അതിന് തടയിടാന്‍ പോലീസും തയാറായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ടിക് ടോക്കിലെ ‘നില്ല് നില്ല്’ ചലഞ്ച് മലപ്പുറം ജില്ലയിലെ തിരൂരില്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരിക്കുന്നു. വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളുമായി നടന്ന സംഘര്‍ഷത്തില്‍ സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച നഗരത്തില്‍ ഓടുന്ന വാഹനം തടഞ്ഞു നിര്‍ത്തി നൃത്തം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. ഗതാഗതക്കുരുക്ക് വന്‍ ജനരോഷത്തിന് കാരണമായതോടെ തുടങ്ങിയ സംഘര്‍ഷാവസ്ഥ അന്ന് മുതിര്‍ന്നവര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് സ്ഥലത്തെത്തി നാട്ടുകാരെ മര്‍ദിക്കുകയായിരുന്നു.

കല്ലേറില്‍ തൊട്ടടുത്ത കടയില്‍ ജോലി ചെയ്യുകയായിരുന്ന സുജാതയുടെ തലക്ക് പരിക്കേറ്റു. കടയിലെ ഗ്ലാസ് പൊട്ടി തലയില്‍ വീണാണ് പരിക്കേറ്റത്.സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. യുവാക്കള്‍ക്കിടയില്‍ പുതിയ തരംഗം സൃഷ്ടിച്ച ടിക് ടോക്കിലെ ‘ചലഞ്ചുകള്‍ ഇതിനകം തന്നെ വിവാദമുണ്ടാക്കിയിട്ടുണ്ട്.

Related posts