വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും കോണ്‍ഗ്രസിന് മുന്നേറ്റത്തിന് കാരണമാകും! കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടും; ടൈംസ് നൗ സര്‍വേഫലം നല്‍കുന്ന സൂചനകളിങ്ങനെ

17ാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ പുറത്തു വിട്ട ടൈംസ് നൗ-വി.എം.ആര്‍ സര്‍വേയില്‍ ദേശീയ തലത്തില്‍ ബി.ജെ.പി തിരിച്ചടി നേരിടുമെന്ന് സൂചന. കേരളത്തില്‍ വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം കേരളത്തിലും, തമിഴ്നാട്ടിലും കോണ്‍ഗ്രസിന് മികച്ച മുന്നേറ്റം നല്‍കുമെന്ന് ഫലം സൂചിപ്പിക്കുന്നു.

തമിഴ്നാട്ടില്‍ ഡി.എം.കെ-കോണ്‍ഗ്രസ്-സി.പി.ഐ.എം സഖ്യം 33 സീറ്റുകള്‍ നേടുമെന്ന് സര്‍വേ ഫലത്തില്‍ പറയുന്നു. 2014 ല്‍ കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചിരുന്നില്ല. എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് തമിഴ്നാട്ടില്‍ 6 സീറ്റിലേക്ക് ഒതുങ്ങുമെന്നും സര്‍വേയില്‍ പറയുന്നു.

കേരളത്തില്‍ കോണ്‍ഗ്രസിന് 17 സീറ്റുകള്‍ ലഭിക്കുമെന്നും സി.പി.ഐ.എം രണ്ടു സീറ്റുകളിലൊതുങ്ങുമെന്നും സര്‍വേയില്‍ പറയുന്നു. ബി.ജെ.പി ഒരു സീറ്റു നേടുമെന്നും ടൈംസ് നൗ സര്‍വേ ഫലം പറയുന്നു. ഗോവയിലെ രണ്ടു സീറ്റുകളിലൊന്ന് കോണ്‍ഗ്രസ് ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുക്കുമെന്ന് ടൈംസ് നൗ സര്‍വേ പറയുന്നു.

കര്‍ണാടകയിലും കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് 12 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ ഫലം പറയുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 11 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന്. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിന് സീറ്റുകളൊന്നും ലഭിക്കില്ലെന്നും, ബി.ജെ.പിക്ക് ലഭിച്ച രണ്ടു സീറ്റുകള്‍ നഷ്ടപ്പെടുമെന്നും സര്‍വേയില്‍ പറയുന്നുണ്ട്.

ഗുജറാത്ത് രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് സീറ്റ് കുറയുമെന്നും സര്‍വേയില്‍ പറയുന്നു. ഗുജറാത്തില്‍ ബി.ജെ.പിയുടെ നാലു ലോക്സഭാ സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നും, രാജസ്ഥാനില്‍ ഏഴു സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും സര്‍വേയില്‍ പറയുന്നു. നിലവില്‍ ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ലോക്സഭാ പ്രതിനിധികളില്ല.

ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി നേതൃത്വം 27 സീറ്റുകള്‍ നേടുമെന്നും, 71 സീറ്റുകളില്‍ നിന്ന് ബി.ജെ.പി 50 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും സര്‍വേയില്‍ പറയുന്നുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ് മൂന്ന് സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ ഫലം.

Related posts