കേരള മോഡല്‍ തമിഴ്‌നാട് നിയമസഭയിലും, കയ്യാങ്കളി; സ്പീക്കറുടെ കസേര തകര്‍ത്തു, പുറത്ത് വന്‍ പോലീസ് സംഘം, തമിഴ്‌നാട്ടില്‍ എന്തും സംഭവിക്കാം

tnതമിഴ്‌നാട് നിയസഭയില്‍ വിശ്വാസവോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങള്‍. സ്പീക്കറുടെ മേശയും കസേരയും മൈക്കും ഡിഎംകെ അംഗങ്ങള്‍ തകര്‍ത്തു. ബെഞ്ചിനു മുകളില്‍ കയറി ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധിക്കുകയാണ്. ഡിഎംകെ അംഗം ശെല്‍വം സ്പീക്കറുടെ കസേരയില്‍ കയറി ഇരിക്കുകയും ചെയ്തു. ബഹളത്തെ തുടര്‍ന്ന് നിയമസഭ ഒരു മണിവരെ നിര്‍ത്തിവച്ചതായി സ്പീക്കര്‍ പി. ധനപാല്‍ പറഞ്ഞു.

രഹസ്യവോട്ടെടുപ്പ് ആവശ്യപ്പെട്ടാണ് ഡിഎംകെ അംഗങ്ങള്‍ സഭയില്‍ ആക്രമണം അഴിച്ചുവിട്ടത്. ഇതിനിടെ ഡിഎംകെ അംഗം ദുരൈമുരുകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. നിയമസഭയിലെ രണ്ടു സുരക്ഷാ ജീവനക്കാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. രഹസ്യബാലറ്റ് വേണമെന്ന് ഒ. പനീര്‍ശെല്‍വവും പ്രതിപക്ഷ നേതാവ് സ്റ്റാലിനും നിയമസഭ തുടങ്ങിയപ്പോഴേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രഹസ്യബാലറ്റ് അനുവദിക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതിനുശേഷം പനീര്‍ശെല്‍വത്തെ അനുകൂലിച്ച് ഡിഎംകെ അംഗങ്ങള്‍ സഭയ്ക്കുള്ളില്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. നേരത്തേ, നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കുന്നത് തടഞ്ഞത് പ്രതിഷേധത്തിനു കാരണമായാരുന്നു.

അതേസമയം, നിയമസഭയ്ക്കു പുറത്തും പോലീസ് സുരക്ഷ ശക്തമാക്കി. 2000 പോലീസുകാരെയും പ്രത്യേക സുരക്ഷാ കമാന്‍ഡോകളെയും നിയമസഭയ്ക്കു പുറത്ത് വിന്യസിച്ചതായി ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതിനിടെ എംഎല്‍എമാരെ താമസിപ്പിച്ചിരുന്ന കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. ഇന്നു വിശ്വാസവോട്ടെടുപ്പ് നടന്നില്ലെങ്കില്‍ എംഎല്‍എമാരെ ഈ റിസോര്‍ട്ടിലേക്കു തന്നെ എത്തിക്കുന്നതിനാണ് ഇപ്പോഴത്തെ ശ്രമമെന്നും വിവരങ്ങളുണ്ട്.

Related posts