സോഷ്യൽ മീഡിയയിൽ താരമാകാൻ പ്രഹസനങ്ങൾ, ഇതൊക്കെയെന്ത്, തന്നെകൊണ്ട് ഇതിലും വലുത് സാധിക്കുമെന്ന് തെളിയിക്കുന്ന തരത്തിലുള്ള അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
സോഹൽ എന്ന യുവാവാണ് മോട്ടോർ സൈക്കിൾ ഉപയോഗിച്ച് ട്രെയിൻ വലിക്കാൻ ശ്രമിച്ചത്. നേരത്തെ, എംജി മജെസ്റ്റർ എസ്യുവി കാർ ഉപയോഗിച്ച് ട്രെയിൻ വലിച്ച് ഗിന്നസ് വേൾഡ് റിക്കാർഡ് നേടിയിരുന്നു സോഹൽ. അതിൽനിന്നും പ്രചോദനം ഉൾകൊണ്ടാണ് യുവാവ് സമാനമായ അഭ്യാസം ബൈക്കിൽ പരീക്ഷിച്ചത്.
വീഡിയോയിൽ, സോഹൽ തന്റെ ബൈക്കിൽ ഒരു ചരട് കെട്ടി നിർത്തിയിട്ടിരിക്കുന്ന ട്രെയിനുമായി ബന്ധിപ്പിച്ചതിനുശേഷം ബൈക്ക് ഓടിച്ച് ട്രെയിൻ മുന്നോട്ട് നീക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബൈക്കിന്റെ പിൻചക്രങ്ങൾ കറങ്ങിയതല്ലാതെ ട്രെയിൻ ഒരിഞ്ച് പോലും അനങ്ങിയില്ല.
ഈ വീഡിയോ പ്രചരിച്ചതോടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. റെയിൽവേ ട്രാക്കുകളിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് അപകടകരവും ഉത്തരവാദിത്വമില്ലായ്മയുമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. പൊതു സുരക്ഷയെ ബാധിക്കുന്നതരത്തിലുള്ള ഇത്തരം നിയമവിരുദ്ധമായ പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
