ചെന്നൈ: വിജയ് മുഖ്യമന്ത്രിയായ ടിവികെ മന്ത്രിസഭയിൽ വിസികെ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. മന്ത്രിസഭയിൽ ചേരണമെന്ന് വിജയ് ആവശ്യപ്പെട്ടതായി വിടുതലൈ ചിരുതൈകൾ കച്ചി നേതാവ് തോൽ തിരുമാവളവൻ പറഞ്ഞു.
നേരത്തെ വിസികെ ഉൾപ്പെടെയുള്ള മുന്നണികൾ പുറത്തുനിന്നു പിന്തുണയ്ക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. മന്ത്രിസഭയുടെ ഭാഗമാകാൻ വിജയ് നേരിട്ട് ആവശ്യപ്പെട്ടതായി തിരുമാവളവൻ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണത്തിൽ നേരിട്ടു പങ്കാളികളാകണമെന്ന വിജയ്യുടെ നിർദേശം വന്നതോടെ പാർട്ടി നിലപാട് പുനപരിശോധിക്കുകയാണ്. മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ വിസികെ ഉന്നതാധികാര സമിതി ഉടൻ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.
തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഒഴിവാക്കാനും ജനാധിപത്യപരമായ ഒരു സർക്കാർ നിലനിർത്താനുമാണ് ടിവികെയെ പിന്തുണയ്ക്കുന്നതെന്ന് തിരുമാവളവൻ കൂട്ടിച്ചേർത്തു.
