മാസം 80,000 രൂപ വാടക ഇനത്തിൽ മാത്രം കിട്ടിയാൽ സന്തോഷത്തോടെ ജോലിയിൽ നിന്ന് വിരമിക്കാനോ അല്ലെങ്കിൽ അധ്വാനം കുറയ്ക്കാനോ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ ഡൽഹിയിലെ ഒരു യൂബർ ഡ്രൈവർ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാവുകയാണ്. ഇത്രയും വരുമാനമുണ്ടായിട്ടും അദ്ദേഹം ദിവസവും ഡൽഹിയിലെ തെരുവുകളിൽ യാത്രക്കാർക്കായി ഓടുന്നു. ഇത്രയും സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നിട്ടും, രാവിലെ 10 മുതൽ രാത്രി 10 വരെ യൂബർ ഓടിച്ച് മാസം 50,000 രൂപ കൂടി അദ്ദേഹം അധ്വാനിച്ചുണ്ടാക്കുന്നു.
കഴിഞ്ഞ വർഷം ഉണ്ടായ ഹൃദയാഘാതമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. രോഗമുക്തി നേടി തിരിച്ചെത്തിയപ്പോൾ, കഠിനാധ്വാനം ആവശ്യമുള്ള ജോലികൾ ഇനി ചെയ്യാൻ കഴിയില്ലെന്നും അതിനാൽ തനിക്കിവിടെ “ഒരു ഉപയോഗവുമില്ല” എന്നും പറഞ്ഞ് ചെയ്തുകൊണ്ടിരുന്ന ജോലിയിൽ നിന്ന് ഒഴിവാക്കി. ജീവിതത്തിന്റെ വൈകിയ വേളയിൽ ഇത്തരമൊരു തിരിച്ചടി നേരിട്ടിട്ടും പതറാൻ അദ്ദേഹം തയാറായില്ല. സ്വന്തം കാലിൽ വീണ്ടും നിവർന്നു നിൽക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.
ആസ്ഥ സേത്ത് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് അദ്ദേഹത്തോടൊപ്പം നടത്തിയ ഒരു യൂബർ യാത്രയിലെ സംഭാഷണം പങ്കുവെച്ചതോടെയാണ് ഈ കഥ ലോകമറിഞ്ഞത്. അദ്ദേഹത്തിന്റെ ആത്മാഭിമാനത്തിന്റേയും നിശ്ചയദാർഢ്യത്തിന്റേയും പ്രതീകമായി ആയിരങ്ങളാണ് ഏറ്റെടുത്തത്.
നോയിഡ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ അദ്ദേഹത്തിന് രണ്ട് ഫ്ലാറ്റുകൾ ഉണ്ട്. ഏകദേശം 80 ലക്ഷം രൂപ വിലമതിക്കുന്ന ഈ വസ്തുക്കളിൽ നിന്ന് പ്രതിമാസം 80,000 രൂപയോളം വാടക വരുമാനമായി മാത്രം ലഭിക്കുന്നുണ്ട്. ഇത്രയും സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നിട്ടും, രാവിലെ 10 മുതൽ രാത്രി 10 വരെ യൂബർ ഓടിച്ച് മാസം 50,000 രൂപ കൂടി അദ്ദേഹം അധ്വാനിച്ചുണ്ടാക്കുന്നു.
“വീട്ടിലിരുന്ന് വിശ്രമിക്കാനുള്ള എല്ലാ സാഹചര്യവും സൗകര്യവും അദ്ദേഹത്തിനുണ്ട്. എങ്കിലും അദ്ദേഹം യൂബർ ഡ്രൈവറായി ജോലി ചെയ്യുന്നത്, ഒരു ഹൃദയാഘാതം വന്ന് പോയതുകൊണ്ട് താൻ ഒന്നിനും കൊള്ളാത്തവനായി മാറി എന്ന് അധിക്ഷേപിച്ചവർക്ക് മുന്നിൽ ജീവിച്ചു കാണിക്കാൻ മാത്രമാണ്.” ഇതെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് ആസ്ഥ സേത്ത് കുറിച്ചു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ജോലി എന്നത് കേവലം പണത്തിന് വേണ്ടി മാത്രം ചെയ്യുന്ന ഒന്നല്ലെന്നും, അത് ഒരാളുടെ ആത്മാഭിമാനവും ജീവിത ലക്ഷ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഈ സംഭവം തെളിയിക്കുന്നു എന്ന് ആളുകൾ പറഞ്ഞു.
