എൽഡിഎഫ് ഭരണകാലത്ത് ഗർഭസ്ഥ ശിശുവിനുപോലും രക്ഷയില്ല; മുഖ്യമന്ത്രിയുടെ നാട്ടിലുണ്ടായ സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ പോലും തയാറാകാത്ത മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: എൽഡിഎഫിന്‍റെ ഭരണകാലത്തു സംസ്ഥാനത്ത് ഗർഭസ്ഥ ശിശുവിനുപോലും രക്ഷയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എൽഡിഎഫിന്‍റെ കാലത്ത് 22 പേരാണ് വിവിധ അക്രമങ്ങളിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഇതിൽ പത്ത് പേർ കണ്ണൂരാണ് കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രിയുടെ നാട്ടിലുണ്ടായ സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ പോലും തയാറാകാത്ത മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

ശുഹൈബിന്‍റെ കൊലപാതകത്തിൽ അക്രമികളെ പിടികൂടുന്നതിൽ പോലീസ് അനാസ്ഥ കാട്ടുന്നു. കൊലപാതകങ്ങളും അക്രമങ്ങളും അടിച്ചമർത്താൻ പോലീസിനു സാധിക്കുന്നില്ല. പോലീസിന് പ്രവർത്തിക്കാൻ സംസ്ഥാനത്ത് സ്വാതന്ത്ര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ശുഹൈബിന്‍റെ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. കോണ്‍ഗ്രസ് ഗൗരവമായാണ് വിഷയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇ.പി. ചന്ദ്രശേഖരന് 51 വെട്ട് വെട്ടിയെങ്കിൽ ശുഹൈബിന് 37 തവണ വെട്ടിയാണ് കൊലപ്പെടുത്തിയതെന്നും ഇത് മരിച്ചതിനു ശേഷം പകതീർക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഗർഭസ്ഥ ശിശുവിനു പോലും സംസ്ഥാനത്ത് രക്ഷയില്ല. തേനാംകുഴിയിൽ സിബി ചാക്കോക്കും ഗർഭിണിയായ ഭാര്യക്കും നേരെയും ആക്രമണമുണ്ടായെന്നും സംഭവത്തിൽ ഗർഭസ്ഥ ശിശു മരിച്ചുവെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

Related posts