രണ്ട് വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടമായത്, അമ്പത് ലക്ഷം ആളുകള്‍ക്ക്! നോട്ടുനിരോധനം നഷ്ടപ്പെടുത്തിയത് വിദ്യാഭ്യാസം കുറഞ്ഞവരുടെയും തൊഴിലവസരങ്ങള്‍; ബംഗളൂരു അസിം പ്രേംജി സര്‍വകലാശാല പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ

രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടുള്ള തൊഴിലില്ലായ്മ റെക്കോര്‍ഡാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവുമൊടുവില്‍ നോട്ടുനിരോധനം ഇന്ത്യയില്‍ വരുത്തിയ തൊഴിലില്ലായ്മ സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

നോട്ടു നിരോധനം ഇന്ത്യയില്‍ തൊഴിലില്ലായ്മയുടെ നില പിന്നെയും ഉയര്‍ത്തിയാതായാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്കിടയില്‍ തൊഴിലില്ലായ്മ കൂടുമ്പോള്‍ തന്നെ വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കുള്ള പണികൂടി പോകുന്ന സ്ഥിതി 2016 ന് ശേഷം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൊവ്വാഴ്ച പുറത്തിറക്കിയ ബംഗളൂരു അസിം പ്രേംജി സര്‍വകലാശാല പുറത്തുവിട്ട സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2019 റിപ്പോര്‍ട്ടില്‍ 2016 നും 2018 നും ഇടയില്‍ 50 ലക്ഷം പേര്‍ക്ക് പണിയില്ലാതായതായി ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ കുറയാനുള്ള കാര്യത്തിന് അനുബന്ധ ഘടകമായി 2016 നവംബറില്‍ എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനം മാറുക കൂടി ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു.

2016 ന് ശേഷം ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരില്‍ തൊഴിലില്ലായ്മ കൂടുന്ന സാഹചര്യം സൃഷ്ടിച്ചപ്പോള്‍ കൂലിപ്പണി ഉള്‍പ്പെടെ വിദ്യാഭ്യാസം കുറഞ്ഞവരുടെ ഇടങ്ങളില്‍ പണി കുറയുകയും ചെയ്തിരിക്കുകയാണ്. സ്ത്രീകളെയാണ് ഈ സ്ഥിതി കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തൊഴിലിന് അര്‍ഹരായവരില്‍ 34 ശതമാനം സ്ത്രീകളും 60 ശതമാനം പുരുഷന്മാരും നിലവില്‍ തൊഴില്‍ രഹിതരാണ് എന്നത് രാജ്യത്തിന്റെ അഭിമാനത്തിന് പോലും കോട്ടം വരുത്തുകയാണ്.

Related posts