കൈയ്യില്‍ നിന്ന് പണം മുടക്കി ഓക്‌സിജന്‍ എത്തിച്ചു! മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം ഡോ. കഫീല്‍ പരിഭ്രാന്തനായി; യുപിയിലെ ബിജെപി സര്‍ക്കാരിന്റെ ശിക്ഷാനടപടിയ്ക്ക് ഇരയായത് ദുരന്തത്തിന്റെ കാഠിന്യം കുറച്ചയാള്‍

72 കുട്ടികളുടെ മരണത്തിനിടയാക്കിയ ഗൊരഖ്പൂര്‍ ദുരന്തത്തിന് ശേഷം മുഖം രക്ഷിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കിരയായത് സ്വന്തം പണം മുടക്കി ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങി നല്‍കിയ ഡോക്ടര്‍. ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. കഫീല്‍ ഖാനെ ചുമതലയില്‍ നിന്ന് നീക്കി. സ്വകാര്യപ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് കഫീല്‍ ഖാനെ ചുമതലയില്‍ നിന്നും മാറ്റിയത്. യുപി മുഖ്യമന്ത്രി ആദിത്യനാഥ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കഫീലിനെതിരെ ശിക്ഷാനടപടിയുണ്ടായത്. ഓക്സിജന്‍ ഇല്ലാതിരുന്നതാണ് 70 കുട്ടികളുടെ മരണത്തിനിടയാക്കിയത്. ഓഗസ്റ്റ് പത്തോടെ ഓക്സിജന്‍ വിതരണം നിലയ്ക്കുമെന്ന് അധികൃതര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി ഉണ്ടായില്ല.

കണ്‍മുന്നില്‍ കുട്ടികള്‍ പിടഞ്ഞു മരിക്കുകയാണെന്നു ഡോ കഫീല്‍ ഖാന്‍ നടുക്കത്തോടെ തിരിച്ചറിഞ്ഞു. എന്നാല്‍ മനസാന്നിധ്യം കൈവിടാതെ കുരുന്നുജീവനുകള്‍ കാക്കാനുള്ള മാര്‍ഗം തിരയുകയായിരുന്നു ഈ യുവ ഡോക്ടര്‍. ഇതോടെ ശിശുരോഗവിഭാഗം തലവനായ കഫീല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ തേടിയിറങ്ങി. മറ്റ് ആശുപത്രികളില്‍ നിന്നും ക്ലിനിക്കുകളില്‍ നിന്നുമായി 12 സിലിണ്ടറുകള്‍ ഡോക്ടര്‍ സ്വന്തം പണം മുടക്കി വാങ്ങി കുട്ടികളുടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറുടെ സമയോചിത ഇടപെടല്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ വളരെയധികം കുഞ്ഞുങ്ങളുടെ ജീവനുകള്‍ പൊലിഞ്ഞേനെ എന്നാണ് രക്ഷകര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. എന്നാല്‍ ിതിന് പിന്നാലെ അദ്ദേഹത്തെ കാത്തിരുന്നത് അധികൃതരുടെ പ്രതികാര നടപടിയായിരുന്നു. മുഖ്യമന്ത്രി യോദി ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചതിനു തൊട്ടുപിന്നാലെ ശിശുരോഗ വിഭാഗം തലവനായ ഡോ. കഫീല്‍ ഖാനെ ചികിത്സാ ചുമതലകളില്‍ നിന്ന് ഒഴിവാക്കി. സ്വന്തം ഇത് വാര്‍ത്തയായതോടെ സമൂഹമാധ്യമങ്ങള്‍ കഫീലിനെ അഭിനന്ദിച്ച് രംഗത്തെത്തി. മുഖ്യമന്ത്രി പോയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ ഡോക്ടര്‍ തയാറായില്ല. പരിഭ്രാന്തനായ അദ്ദേഹം സ്വന്തം മുറിയില്‍ കയറി വാതിലടയ്ക്കുകയാണുണ്ടായത്.

 

Related posts