മാധ്യമങ്ങള്‍ എന്റെ വാക്കുകള്‍ വളച്ചൊടിച്ചു! അവസരങ്ങള്‍ മുടക്കിയത് ദിലീപല്ല; ഏറെ ബഹുമാനിക്കുന്ന മറ്റൊരു വ്യക്തിയുടെ പേരാണ് സംവിധായകന്‍ വിനു എന്നോട് പറഞ്ഞത്; ഭാമ വെളിപ്പെടുത്തുന്നു

സിനിമാനടി ഭാമയോട് ദിലീപ് മോശമായി പെരുമാറിയെന്നും ദിലീപുന്നയിച്ച ആവശ്യത്തിന് വഴങ്ങാതിരുന്ന ഭാമയുടെ കരിയര്‍ തന്നെ നശിപ്പിച്ചതിന് പിന്നില്‍ ദിലീപാണെന്നുമുള്ള രീതിയില്‍ ഒരു വാരികയില്‍ വന്ന ലേഖനത്തെ തള്ളി ഭാമ രംഗത്ത്. വാരികയുടെയും ലേഖകന്റെയും പേര് പരാമര്‍ശിക്കാതെയാണ് ഭാമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് ഒരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ടുമായി, തനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും ഭാമ അഭ്യര്‍ത്ഥിച്ചു.

‘ഇവര്‍ വിവാഹിതരായാല്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാലത്ത്, അതിലെ അവസരം മുടക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നുവെന്ന് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറഞ്ഞിരുന്നുവെന്ന് ഭാമ പറയുന്നു. ‘സിനിമ അനൗണ്‍സ് ചെയ്തപ്പോഴേ ഒരാള്‍ വിളിച്ച് എന്നെ മാറ്റാന്‍ ആവശ്യപ്പെട്ടുവെന്ന് സജി സുരേന്ദ്രന്‍ പറഞ്ഞു. എല്ലാം ഫിക്‌സ് ചെയ്തുകഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ അവര്‍ക്ക് തലവേദനയാകുമെന്ന് മുന്നറിയിപ്പ് നല്‍കി,’. ഭാമ പറയുന്നു. പിന്നീടും പല സംവിധായകരും ഇത്തരത്തില്‍ തനിക്കുള്ള അവസരം മുടക്കാനുള്ള ശ്രമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും മറുപടി എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെ വിഎം വിനു ആ വ്യക്തിയുടെ പേര് പറഞ്ഞ് കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അയാളെന്നും ഭാമ പറഞ്ഞു. എന്നാല്‍ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ ഭാമ തയ്യാറായിരുന്നില്ല. ഭാമയെ ഒഴിവാക്കാന്‍ ശ്രമിച്ചതും നടന്‍ ദിലീപാണെന്ന് പ്രചരണമുണ്ടായി. പിന്നീടാണ് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകരെ വിളിച്ചിരുന്ന ആ വ്യക്തി ദിലീപില്ലെന്ന് ഭാമ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്. അമേരിക്കന്‍ ഷോയ്ക്കിടെ ദിലീപ് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തയും ഭാമ തള്ളിക്കളഞ്ഞു. അത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ല.

ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

എല്ലാവര്‍ക്കും നമസ്‌കാരം, ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയുടെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. പ്രമുഖ വാരികയായ ‘വനിതക്ക് ‘ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂ വിലെ ചില പ്രസക്തഭാഗങ്ങള്‍ ആണ് എല്ലാവര്‍ക്കും തെറ്റിധാരണ നല്‍കാന്‍ കാരണമായതെന്ന് ഞാന്‍ കരുതുന്നു. ‘പ്രസ്തുത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വ്യക്തി നടന്‍ ദിലീപ് അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ’. ഒരാഴ്ച മുന്‍പ് മറ്റൊരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ട് മായി,എനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോള്‍ ഞാന്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹത്തോടെ, ഭാമ

Related posts