കൊച്ചിയുടെ അവസ്ഥ കണ്ട് എനിക്കാകെ സങ്കടമായി! കേരളത്തിനായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിച്ചപ്പോഴാണ് ഇങ്ങനെ തോന്നിയത്; എന്റെ കേരളം..എത്ര സുന്ദരം പാട്ട് മാറ്റിപ്പാടി ഗായിക ഉഷാ ഉതുപ്പ്

ഉഷാ ഉതുപ്പിന്റെ ഭാവത്തില്‍ മലയാളികള്‍ ഏറെ പാടി നടന്നിട്ടുള്ള ഒരു ഗാനമാണ്, ‘എന്റെ കേരളം എത്ര സുന്ദരം…’ എന്നത്. എന്നാല്‍ ഇപ്പോള്‍ ആ പാട്ട് പാടാനുള്ള അവസ്ഥയിലല്ല കേരളവും മലയാളികളും. അതുകൊണ്ടു തന്നെ ആ പാട്ടൊന്ന് മാറ്റി പാടിയിരിക്കുകയാണ് ഗായിക ഉഷ ഉതുപ്പ്. പാട്ടിന്റെ വരികളാണ് അവര്‍ മാറ്റിയിരിക്കുന്നത്.

കെടുതി അനുഭവിക്കുന്ന കേരളജനതയുടെ ദുഖത്തില്‍ പങ്കുചേരുകയാണ് പുതിയ ഗാനത്തിലൂടെ ഉഷ ഉതുപ്പ്. ഹരിതാഭവും ആരോഗ്യപൂര്‍ണവുമായ കേരളത്തിന്റെ നല്ലനാളേയ്ക്കുള്ള ഒരു പ്രാര്‍ഥനയാണ് ഇത് എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.

എന്റെ കേരളം എത്ര സുന്ദരം’ എന്ന വരികള്‍ക്കു പകരം ‘എന്റെ കേരളം എത്ര സങ്കടം’ എന്നാണ് മാറ്റിയ വരികള്‍. പ്രളയത്തിന്റെ തീവ്രത പ്രകടമാക്കുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് വിഡിയോ. ‘പ്രളയതാളം’ എന്നാണ് ആല്‍ബത്തിന്റെ പേര്. ചിറ്റൂര്‍ ഗോപിയുടെ വരികള്‍ക്കു സുമിത് രാമചന്ദ്രനാണു സംഗീതം.

കൊച്ചിയുടെ അവസ്ഥകണ്ട് എനിക്കാകെ സങ്കടമായി. ഇത്ര ദൂരെ ഇരുന്ന് കേരളത്തിനായി നമുക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നു ഞാന്‍ മകള്‍ അഞ്ജലിയോടു ചോദിച്ചു. കണ്ണുനീര്‍ ഒന്നിനും പരിഹാരമാകില്ല. കരയാതെ ചിറ്റൂര്‍ ഗോപിയെ വിളിച്ച് ‘എന്റെ കേരളം’ എന്ന ഗാനത്തിന്റെ വരികള്‍ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് മാറ്റി എഴുതാമോ എന്നു ചോദിക്കണമെന്നും അവള്‍ എന്നോടു പറഞ്ഞു. അതുപ്രകാരം ഞാന്‍ അദ്ദേഹത്തെ വിളിച്ചു. അങ്ങനെയാണു ഈ ഗാനം പിറന്നത്.

കേരളത്തോടുള്ള ആദരസുചകമായി ഈ ഗാനം ഞാന്‍ സമര്‍പ്പിക്കുന്നു’, ഉഷ ഉതുപ്പ് പറയുന്നു. ബംഗാള്‍ സ്വദേശികളായ രണ്ടുപേരാണ് ഈ ഗാനം എഡിറ്റ് ചെയ്തത്. ചിറ്റൂര്‍ ഗോപിയുടെ വരികള്‍ അവര്‍ക്ക് തര്‍ജമചെയ്തു നല്‍കി. അവര്‍ അതുഭംഗിയായി എഡിറ്റ് ചെയ്തു. ഉഷാ ഉതുപ്പ് പറയുന്നു.

Related posts