ഉഷസിനു നല്ല തിളക്കം

അജിത് ജി. നായര്‍
usha
തേഞ്ഞിപ്പലം: പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഉഷാ സ്കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ സമ്പൂര്‍ണ വിജയത്തിനാണ് കാലിക്കട്ട് സര്‍വകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗത്തില്‍ യഥാക്രമം ഉഷയുടെ ശിഷ്യമാര്‍ സ്വര്‍ണം തൂത്തുവാരി. സബ്ജൂണിയര്‍ വിഭാഗത്തില്‍ എല്‍ഗാ തോമസും ജൂണിയര്‍ വിഭാഗത്തില്‍ ടി. സൂര്യമോളും സീനിയര്‍ വിഭാഗത്തില്‍ അബിതാ മേരി മാനുവലുമാണ് പയ്യോളി എക്‌സ്പ്രസിന്റെ അഭിമാനം കാത്തത്.

സബ് ജൂണിയര്‍ വിഭാഗത്തില്‍ മത്സരിച്ച കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസിലെ എട്ടാംക്ലാസുകാരി എല്‍ഗാ തോമസ് കടുത്ത മത്സരം അതിജീവിച്ചാണ് ഒന്നാമതെത്തിയത്. ഒരു മിനിറ്റ് 1.23 സെക്കന്‍ഡിലാണ് എല്‍ഗ മത്സരം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സ്കൂള്‍ മീറ്റില്‍ എല്‍ഗയ്ക്ക് ഇതു രണ്ടാം ഊഴമായിരുന്നു. 400 മീറ്ററില്‍ മത്സരിക്കുന്നതാവട്ടെ ആദ്യതവണയും. കഴിഞ്ഞ തവണ മത്സരിച്ച 200 മീറ്ററില്‍ മെഡലൊന്നും ലഭിച്ചിരുന്നില്ല.

വയനാട് മാനന്തവാടിയിലെ അഞ്ചുതെങ്ങ് കപ്യാരുമനയില്‍ വീട്ടില്‍ ജോസഫിന്റെ മകളാണ് എല്‍ഗ. ഇനി 100, 200 മീറ്ററുകളിലും എല്‍ഗ ട്രാക്കിലിറങ്ങും. ഈയിനത്തില്‍ മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ എം.പി.ലിഗ്‌ന ഒരു മിനിറ്റ് 1.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു വെള്ളി നേടി. ഒരു മിനിറ്റ് 2.26 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ മരിയാ ജോജോയ്ക്കാണ് വെങ്കലം.

എല്‍ഗ നിര്‍ത്തിയിടത്തുനിന്നായിരുന്നു ടി. സൂര്യമോള്‍ തുടങ്ങിയത്. അതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സൂര്യമോള്‍ 57.47 സെക്കന്‍ഡിലാണ് ഒന്നാമതായി ഓടിക്കയറിയത്. രണ്ടാമതെത്തിയ എറണാകുളം പെരുമ്പാവൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്എസിലെ ഗൗരിനന്ദന ശക്തമായ മത്സരം കാഴ്ചവച്ചതിനു ശേഷമാണ് കീഴടങ്ങിയത്. 57.68 സെക്കന്‍ഡിലാണ് ഗൗരി മത്സരം പൂര്‍ത്തിയാക്കിയത്. 58.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കെ.ടി. ആദിത്യയിലൂടെ വെങ്കലവും എഎംഎച്ച്എസ് പൂവമ്പായി കൈപ്പിടിയിലൊതുക്കി. മലപ്പുറം അങ്ങാടിക്കല്‍ തോട്ടുങ്കല്‍ സ്വദേശിയായ സുബ്രഹ്മണ്യന്റെയും രജനിയുടെയും മകളായ സൂര്യമോള്‍ സംസ്ഥാന സ്കൂള്‍മീറ്റില്‍ ജൂണിയര്‍ തലത്തില്‍ മത്സരിക്കുന്നത് ഇതാദ്യമായാണ്. 2014ല്‍ സബ്ജൂണിയര്‍ തലത്തില്‍ മത്സരിച്ചപ്പോള്‍ 100, 200 മീറ്ററുകളില്‍ വെള്ളി നേടാന്‍ കഴിഞ്ഞിരുന്നു. ദേശീയ സ്കൂള്‍ മീറ്റില്‍ 200 മീറ്ററിലെ വെള്ളി സ്വര്‍ണമായി ഉയര്‍ത്താനും സൂര്യമോള്‍ക്കായി. ഇന്റര്‍ ചലഞ്ച് മീറ്റുകളിലും സൂര്യമോള്‍ മെഡല്‍ നേടിയിട്ടുണ്ട്. സ്വര്‍ണം നേടിയെങ്കിലും മികച്ച വ്യക്തിഗതസമയമായ 57.22 സെക്കന്‍ഡ് മെച്ചപ്പെടുത്താന്‍ കഴിയാത്തതിന്റെ വിഷമത്തോടെയാണ് സൂര്യമോള്‍ ട്രാക്കുവിട്ടത്.

പി.ടി. ഉഷയുടെ തുറുപ്പുചീട്ടായ അബിതാ മേരി മാനുവലിന് എതിരാളികളേ ഇല്ലായിരുന്നു. പൂവമ്പായി എഎംഎച്ച്എസിലെ 12–ാം ക്ലാസ് വിദ്യാര്‍ഥിനിയായ അബിതയുടെ അവസാന സംസ്ഥാന സ്കൂള്‍ മീറ്റായിരുന്നു ഇത്. 2014ല്‍ 800 മീറ്ററില്‍ സംസ്ഥാന, ദേശീയ സ്കൂള്‍ മീറ്റുകളില്‍ സ്വര്‍ണം നേടിയ അബിത 400 മീറ്ററില്‍ ആദ്യമായാണ് ട്രാക്കിലിറങ്ങിയത്. 56.02 സെക്കന്‍ഡില്‍ അബിത ഫിനിഷിംഗ് വര പിന്നിട്ടു. ഇനി ഇഷ്ട ഇനങ്ങളായ 800, 1500 മീറ്ററുകളിലും അബിത മത്സരിക്കും. കോഴിക്കോട് കല്ലാനോട് അകമ്പടിയില്‍ മാനുവലിന്റെയും ബീനയുടെയും മകളാണ് അബിത. രണ്ടാമതെത്തിയ കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിന്റെ ശാലിനി വി. കെ. 58.07 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. 58.58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്.എസിന്റെ അനില. എ. വേണു വെങ്കലം സ്വന്തമാക്കി.

മത്സരശേഷം ശിഷ്യകളെ പി.ടി. ഉഷ മാറോടു ചേര്‍ത്ത് അഭിനന്ദിച്ചു. രാജ്യാന്തര താരം ജിസ്‌ന മാത്യുവിനെ പങ്കെടുപ്പിച്ചിരുന്നെങ്കില്‍ ഒരു മെഡല്‍ കൂടി ഉറപ്പാകുമായിരുന്നെന്നും എന്നാല്‍ ലക്ഷ്യം വെറുമൊരു മെഡല്‍ മാത്രമല്ലാത്തതിനാല്‍ ജിസ്‌നയെ ഒഴിവാക്കുകയായിരുന്നുവെന്നും ഉഷ പറഞ്ഞു.

Related posts