ദേശീയ മീറ്റിലെ സ്വര്‍ണജേതാവ് ജപ്തിഭീഷണിയില്‍

അജിത് ജി. നായര്‍
ck-sreeja
തേഞ്ഞിപ്പലം: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കൊടിയുയരുമ്പോള്‍ മികച്ച പ്രകടനം നടത്താനൊരുങ്ങിത്തന്നെയാണ് ഓരോ അത്‌ലറ്റും ട്രാക്കിലിറങ്ങുക. എന്നാല്‍ നാളെയുടെ പ്രതീക്ഷയായ ഒരു കായികതാരവും കുടുംബവും തെരുവിലിറങ്ങാന്‍ ദിനങ്ങളെണ്ണി കഴിയുകയാണ്. നോട്ടു നിരോധനത്തിനിടെ ലഭിച്ച ചെറിയൊരാശ്വാസം മാത്രമാണ് കൈമുതലായുള്ളത്. സഹകരണ സംഘങ്ങളിലെ വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയമാണ് ഈ കായിക താരത്തിന് ഇടക്കാലത്തേക്ക് രക്ഷയായത്.

പക്ഷെ, മാര്‍ച്ച് മാസം വരെ മാത്രമേ ആ ആശ്വാസത്തിന് ആയുസുള്ളൂ. ഉള്ളില്‍ നീറുന്ന ജീവിത പ്രാരാബ്ധങ്ങളുമായാണ് സി. കെ. ശ്രീജയെന്ന മുണ്ടൂര്‍ എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി നാളെ ട്രാക്കിലൂടെ നടക്കാനിറങ്ങുക. കോയമ്പത്തൂരില്‍ സമാപിച്ച ദേശീയ ജൂണിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ശ്രീജ സ്വര്‍ണത്തിലേക്ക് നടന്നത് ജപ്തിയുടെ നടുവിലൂടെയായിരുന്നു. നാലര സെന്റ് ഭൂമിയും കൊച്ചുവീടും പാലക്കാട് ഭൂപണയ ബാങ്കിന്റെയും പുതുപ്പരിയാരം കോ–ഓപ്പറേറ്റീവ് ബാങ്കിന്റെയും ജപ്തി ഭീഷണിയിലാണ്. കൂലിപ്പണിക്കാരനായ മുണ്ടൂര്‍ നെച്ചിപ്പുള്ളി തലക്കാട് പറമ്പില്‍ കൃഷ്ണകുമാറിന് മക്കളുടെ പഠനത്തിനായി ആകെയുള്ള നാലര സെന്റ് ഭൂമി പണയപ്പെടുത്തി സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുക്കേണ്ടി വന്നു. എന്നാല്‍ വായ്പ കൃത്യമായി തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല.

ഇരു ബാങ്കുകളിലുമായി പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ നാല് ലക്ഷത്തോളം രൂപയാണ് ബാധ്യത. കഴിഞ്ഞ നവംബര്‍ 15 ന് മുന്‍പ് വായ്പ തിരിച്ചടച്ചില്ലെങ്കില്‍ പണയ വസ്തു ജപ്തി ചെയ്യുമെന്ന് ബാങ്ക് അധികൃതരുടെ ഭീഷണി കൂടിയായപ്പോള്‍ കൃഷ്ണകുമാര്‍ തളര്‍ന്നു.

ഇതിനിടെ നോട്ടു നിരോധനവും സഹകരണ പ്രതിസന്ധിയും വന്നത് തല്‍ക്കാലം ജപ്തിയില്‍ നിന്നും രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത് മാര്‍ച്ച് വരെ ആശ്വാസമായി. പക്ഷേ, വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍ധനനായ കൃഷ്ണകുമാറിന്റെ മുന്നില്‍ മറ്റു വഴികളൊന്നുമില്ല. ആകെയുള്ള പണയ വസ്തു ബാങ്കുകള്‍ ജപ്തി ചെയ്യുമ്പോള്‍ തെരുവിലേക്ക് ഇറങ്ങുക മാത്രമാണ് ശ്രീജയ്ക്കും സഹോദരങ്ങള്‍ക്കും മുമ്പിലുള്ള ഏകപോംവഴി.

Related posts