ആലത്തൂരില്‍ നിന്നു കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി ! നാടുവിട്ടത് മൂന്നു മാസം മുമ്പ്…

പാലക്കാട്ടെ ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുമ്പ് കാണാതായ കോളജ് വിദ്യാര്‍ഥിനി സൂര്യ കൃഷ്ണ(21)നെ കണ്ടെത്തി.

മുംബൈയില്‍ നിന്നാണ് പോലീസ് സംഘം സൂര്യയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആലത്തൂരില്‍ എത്തിച്ചിട്ടുണ്ട്. നിലവില്‍ ഡിവൈ.എസ്.പി. ഓഫീസിലാണ് പെണ്‍കുട്ടിയുള്ളത്.

2021 ഓഗസ്റ്റ് 30-ാം തീയതിയാണ് സൂര്യ കൃഷ്ണനെ കാണാതായത്. ആലത്തൂരിലെ വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി ആലത്തൂര്‍ ടൗണിലേക്ക് പോയ പെണ്‍കുട്ടിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

ഒരു ബാഗില്‍ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. മൊബൈല്‍ ഫോണോ എ.ടി.എം. കാര്‍ഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല.

ഇതിനിടെ, വീടിന് സമീപത്തെ വഴിയിലൂടെ പെണ്‍കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യവും ലഭിച്ചിരുന്നു.

സൂര്യയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാതിരുന്നിട്ടും മകള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സൂര്യയുടെ മാതാപിതാക്കള്‍.

ഒടുവില്‍ മാസങ്ങള്‍ നീണ്ട പോലീസ് അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ മുംബൈയില്‍നിന്ന് കണ്ടെത്തിയത്.

ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയ സൂര്യ, പാലക്കാട്നിന്ന് തീവണ്ടിമാര്‍ഗം കോയമ്പത്തൂര്‍ വഴി മുംബൈയിലേക്കാണ് പോയതെന്ന് പോലീസ് പറയുന്നത്.

തീവണ്ടിയില്‍ നിന്ന് ഒരാളെ പരിചയപ്പെടുകയും ഇയാള്‍ വഴി മുംബൈയിലെ ഒരു തമിഴ് കുടുംബത്തിനൊപ്പം താമസം ആരംഭിക്കുകയും ചെയ്തു.

അച്ഛനും അമ്മയും ഇല്ലെന്നും അനാഥയാണെന്നുമാണ് പെണ്‍കുട്ടി ഇവരോട് പറഞ്ഞിരുന്നത്. തിരിച്ചറിയല്‍ രേഖകളോ മറ്റോ കൈയില്‍ ഇല്ലാത്തതിനാല്‍ ഹോസ്റ്റലുകളില്‍ താമസം ശരിയാക്കാന്‍ കഴിഞ്ഞില്ല.

ഇതോടെയാണ് തമിഴ് കുടുംബത്തിനൊപ്പം അവരുടെ വീട്ടില്‍ താമസിപ്പിച്ചത്. കഴിഞ്ഞ മൂന്നുമാസമായി ഈ കുടുംബത്തോടൊപ്പം സുരക്ഷിതമായി താമസിച്ചുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

മൊബൈല്‍ ഫോണ്‍ എടുക്കാതെ വീട് വിട്ടിറങ്ങിയതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഈ കേസില്‍ യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല.

എന്നാല്‍ സൂര്യയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സൈബര്‍ സെല്‍ സദാസമയവും നിരീക്ഷിച്ചിരുന്നു. പക്ഷേ, മൂന്ന് മാസത്തോളം പെണ്‍കുട്ടി സാമൂഹികമാധ്യമങ്ങളൊന്നും ഉപയോഗിച്ചില്ല.

അടുത്തിടെ, ഫേസ്ബുക്ക്് അക്കൗണ്ട് വീണ്ടും ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചതാണ് കേസില്‍ വഴിത്തിരിവായത്.
ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച ഐ.പി. അഡ്രസും ലൊക്കേഷനും സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു.

ഈ വിവരം ആലത്തൂര്‍ പോലീസിന് ഉടന്‍തന്നെ കൈമാറി. തുടര്‍ന്ന് ആലത്തൂരില്‍നിന്നുള്ള പോലീസ് സംഘം മുംബൈയിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ച കുടുംബം യഥാര്‍ഥ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് നല്‍കുന്നവിവരം.

അനാഥയാണെന്ന് കരുതിയാണ് ഇവര്‍ പെണ്‍കുട്ടിയെ വീട്ടില്‍ താമസിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. എന്നാല്‍ എന്തിനാണ് പെണ്‍കുട്ടി വീടു വിട്ടതെന്ന വിവരം ഇനിയും അറിവായിട്ടില്ല.

Related posts

Leave a Comment