അമ്മൂമ്മ വാറ്റ്ചാരായം വിറ്റു! അച്ഛന്‍ ചുമട്ടുതൊഴില്‍ ചെയ്തു; അവാര്‍ഡ് ജേതാവായ യുവവ്യവസായി കഥ പറഞ്ഞപ്പോള്‍ വിതുമ്പിയത് മമ്മൂട്ടി; അച്ഛനെ സ്റ്റേജിലേയ്ക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിച്ച് മെഗാസ്റ്റാറിന്റെ ആദരം

y5ry5ryrകഷ്ടപ്പാടുകളില്‍ നിന്ന് ഉയര്‍ന്നു വന്നവര്‍ക്കേ വിജയത്തിന്റെ മധുരം ശരിയായ രീതിയില്‍ നുണയാന്‍ സാധിക്കുകയുള്ളു. അതേസമയം ആ മധുരം നുണയാന്‍ നമുക്ക് അവസരമൊരുക്കിതന്നവരെ മറക്കാതിരിക്കേണ്ടതും അവരെ വേണ്ട ബഹുമാനം നല്‍കി മാനിക്കേണ്ടതും പ്രധാനമാണ്. സ്വകാര്യ ചാനലിന്റെ  ഇന്നോടെക്ക് അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ വരുണ്‍ ചന്ദ്രന്‍ എന്ന യുവാവ് നടത്തിയ പ്രസംഗം പുതുതലമുറയ്ക്ക് പ്രചോദനമേകുന്നതാണ്. ചെറുപ്പകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ച് വരുണ്‍ തുറന്നു പറഞ്ഞപ്പോള്‍ വേദിയിലും ചടങ്ങിനെത്തിയവര്‍ക്കും നൊമ്പരമായി. കോര്‍പ്പറേറ്റ് 360 എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിജയ രഹസ്യം പങ്കുവയ്ക്കുന്നതിനിടെയാണ് വരുണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അച്ഛന്‍ ബാലചന്ദ്രന്റെ മാതാവ് പൊന്നമ്മ വാറ്റുചാരായം വിറ്റായിരുന്നു കുടുംബത്തെ പോറ്റിയിരുന്നതെന്നും പിന്നീട് അച്ഛന്‍ അത് ഏറ്റെടുത്ത് നടത്തിയെന്നും വരുണ്‍ പറഞ്ഞു.

പിന്നീട് വാറ്റുചാരായത്തിന്റെ കച്ചവടം ഒഴിവാക്കി പിതാവ് ചുമട്ടുതൊഴിലാളിയായി. ആ സമയത്ത് തനിക്കും ലോഡിംഗ് തൊഴിലാളിയാകാനായിരുന്നു ആഗ്രഹമെന്നും വരുണ്‍ പറഞ്ഞു. കടബാധ്യതമൂലം നാടുവിട്ട അമ്മയെ കുറിച്ചും വരുണ്‍ മനസുതുറന്നു. വരുണ്‍ ഇതെല്ലാം പറയുമ്പോള്‍ വേദിയിലുണ്ടായിരുന്നത് അഭിനയലോകത്തെ കുലപതികളായ മമ്മൂട്ടിയും മുകേഷും ജോണ്‍ ബ്രിട്ടാസുമെല്ലാമായിരുന്നു. പിന്നീട് സംസാരിക്കാനായി എത്തിയ മെഗാ സ്റ്റാര്‍ മമ്മൂട്ടി വേദിയിലേയ്ക്ക് വരുണിന്റെ പിതാവ് ബാലചന്ദ്രനെ ക്ഷണിച്ച് ചേര്‍ത്ത് നിര്‍ത്തി, സദസിനു വേണ്ടി തന്റെ ആദരം അറിയിച്ചു. കേരളത്തിലെ ആദ്യ റൂറല്‍ സ്റ്റാര്‍ട്ടപ്പ് ഐടി പാര്‍ക്കിന്റെ മേധാവി വരുണ്‍ ചന്ദ്രന്റെ ‘കോര്‍പ്പറേറ്റ് 360’ എന്ന ഐടി സ്ഥാപനം സിംഗപ്പൂര്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലുമടക്കം ശാഖകളുള്ള കമ്പനി രണ്ടു വര്‍ഷത്തിനിടെ 10 ലക്ഷം ഡോളറാണ് വരുമാനമുണ്ടാക്കിയത്. വമ്പന്‍ കമ്പനികള്‍ക്ക് വിപണിയില്‍ മുന്നേറാനുള്ള തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുകയാണ് കോര്‍പ്പറേറ്റ് 360ന്റെ സോഫ്റ്റ്വെയര്‍ ചെയ്യുന്നത്. വരുണ്‍ ഐടി മേഖലയിലേയ്ക്ക് ചുവടുമാറ്റാനും ഒരു കാരണമുണ്ട്. ഫുട്‌ബോളില്‍ സജീവമായിരുന്ന വരുണ്‍ ഒരു പരിക്കിനേത്തുടര്‍ന്നാണ് ഈ മേഖലയിലേയ്ക്ക് കടന്നത്.

Related posts