ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നു: വി.ഡി. സതീശന്‍

EKM-VDSATHEESHANതൃശൂര്‍: നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി രാജ്യത്തു നടപ്പാക്കിയതു സാമ്പത്തിക ഫാസിസമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എംഎല്‍എ. കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ 40-ാം സംസ്ഥാന സമ്മേളനം അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.     മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണവിനിമയം നടത്താനാണ് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെടുന്നത്. ഇതിനു സാധാരണക്കാരുടെ കൈയില്‍ എന്തു കോപ്പാണുള്ളത്.

സാങ്കേതികവിദ്യകളുടെ ഉപയോഗമറിയുന്നത് രാജ്യത്തെ 25 ശതമാനം ജനങ്ങള്‍ക്കു മാത്രമാണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതും മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതും അറിയാത്ത ഗ്രാമീണര്‍ ഇന്നും ഇന്ത്യയുടെ വിദൂരഗ്രാമങ്ങളിലുണ്ട്. കറന്‍സി വിനിമയം ചെയ്യപ്പെടേണ്ട മാധ്യമമാണ്. ആര്‍ക്കും പണമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ജനങ്ങളുടെ ജീവിതദുരിതം വര്‍ധിപ്പിച്ചതല്ലാതെ ഒരു മാറ്റവും കറന്‍സി പിന്‍വലിച്ചതുകൊണ്ട് ഉണ്ടായില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

ജനങ്ങളെ ദുരിതത്തിലാക്കുന്നതില്‍ മത്സരിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. ഒന്നരമാസമായി കേരളത്തില്‍ അരിവിതരണം നടക്കുന്നില്ല. അരി കയറ്റിയിറക്കം സംബന്ധിച്ച തര്‍ക്കമാണ് വിതരണ തടസമായി പറയുന്നത്. അതു പരിഹരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് ബി. ശശികുമാര്‍ അധ്യക്ഷനായി. വി.ടി. ബല്‍റാം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. ജേക്കബ്‌സണ്‍, സി. ജയകുമാര്‍, ഷാഹിന്‍ മെഹബൂബ്, ടി.എ. രാധാകൃഷ്ണന്‍, കൈമനം പ്രഭാകരന്‍, എം. വസന്തന്‍, എന്‍.കെ. ബെന്നി, ജോസ് വള്ളൂര്‍, എ. പ്രസാദ്, സി.ബി. ഗീത, സുന്ദരന്‍ കുന്നത്തുള്ളി, ജേക്കബ് പുലിക്കോട്ടില്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യന്‍ സംസ്കാരത്തിന്റെ ബഹുസ്വരത എന്ന വിഷയത്തില്‍ പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തി.

Related posts