ഇടുക്കി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുമ്പോൾ വി.ഡി.സതീശന് അനുകൂലമായി പ്രകടനം നടത്തിയ നാല് നേതാക്കൾക്കെതിരെ നടപടിയെടുത്ത് ഇടുക്കി ഡിസിസി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നടപടി.
ഡിസിസി ജനറൽ സെക്രട്ടറി വി.ഇ.താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി എന്നിവരെ പദവികളിൽ നിന്ന് നീക്കി. വ്യാഴാഴ്ചയാണ് സതീശനെ അനുകൂലിച്ച് തൊടുപുഴയിൽ ഒരു വിഭാഗം ആളുകൾ പ്രകടനം നടത്തിയത്.
നടപടികൾക്കിടയിലും നേതാക്കളെ പിന്തുണച്ചുള്ള ഫ്ലക്സ് യുദ്ധം ഇടുക്കിയിൽ തുടരുകയാണ്. അടിമാലിയിലും മാങ്കുളത്തും കട്ടപ്പനയിലും രമേശ് ചെന്നിത്തിലക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
