ആ സംവിധായകന്‍ എന്റെ പുതിയ ചിത്രത്തിനും തടയിടുന്നുണ്ട്! ഇത്തരം തേജോവദങ്ങള്‍ക്കിടയിലും സന്തോഷം പകര്‍ന്ന മല്ലികചേച്ചിയ്ക്ക് നന്ദി; സംവിധായകന്‍ വിനയന്‍ പറയുന്നു

അകാലത്തില്‍ വേര്‍പെട്ടുപോയ നടന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ വെളിപ്പെടുത്തുന്നതെന്നവകാശപ്പെടുന്ന സിനിമ, ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ പൂജാവേളയില്‍ വിയന്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. വൈദ്യുതിയേക്കാള്‍ അപകടകരമാണ് സിനിമയില്‍ നടക്കുന്ന ചില കാര്യങ്ങളെന്ന് വിനയനും വിനയന്‍ കാരണമാണ് തന്റെ മക്കളായ പൃഥിരാജും ഇന്ദ്രജിത്തും സിനിമയില്‍ എത്തിയതെന്ന് നടി മല്ലികയും വെളിപ്പെടുത്തിയിരുന്നു. വിനയന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കൂട്ടുചേര്‍ന്നതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് സംവിധായകന്‍ ജോസ് തോമസും പറയുകയുണ്ടായി. ചടങ്ങിനുശേഷം ഇതേക്കുറിച്ചെല്ലാം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിനയന്‍. ഫേസ്ബുക്കിലൂടെയാണ് വിനയന്‍ തന്റെ പ്രതികരണം നടത്തിയിരിക്കുന്നത്.

വിനയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന എന്റെ പുതിയ ചിത്രത്തിന്റെ ഇന്നലെ നടന്ന പൂജാവേളയില്‍ ബഹുമാന്യയായ മല്ലിക ചേച്ചിയും എന്റെ സഹപ്രവര്‍ത്തകനും സംവിധായകനും, ഫെഫ്ക നേതാവുമായ ജോസ് തോമസും നടത്തിയ പ്രസംഗം കേട്ടപ്പോള്‍ സത്യത്തില്‍ മനസ്സിനൊത്തിരി സന്തോഷം തോന്നി.

ജോസ്‌തോമസ്സിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു വേദനയുമുണ്ടായി. യാതൊരു തെറ്റും ചെയ്യാത്ത ഒരാളെ ഫെഫ്ക നേതാക്കളും കുറേ സിനിമാ പ്രമുഖരും ചേര്‍ന്ന് തേജോ വധം ചെയ്ത് സിനിമയില്‍ നിന്നു തന്നെ പുറത്താക്കാന്‍ ശ്രമിച്ചു എന്ന ജോസ് തോമസ്സിന്റെ വെളിപ്പെടുത്തല്‍ ഈ സാംസ്‌കാരിക കേരളത്തില്‍ തന്നെയാണ് നടന്നതെന്ന് ഓര്‍ക്കുമ്പോളാണ് വേദനയും, ലജ്ജയും,തോന്നുന്നതോടൊപ്പം കമല്‍,സിദ്ദിക്, സിബിമലയില്‍ ,ഉണ്ണികൃഷ്ണന്‍ എന്നീ സംവിധായകരോട് അങ്ങേയറ്റത്തെ സഹതാപവും തോന്നുന്നത്.

ഇവര്‍ക്കെതിരേ കോമ്പറ്റീഷന്‍ കമ്മീഷന്റെ വിധി നേടിയതിനേക്കാള്‍ സന്തോഷം ചെയ്ത തെറ്റ് ഒടുവില്‍ അവരിലൊരാള്‍ തന്നെ ഏറ്റു പറഞ്ഞപ്പോള്‍ തോന്നുന്നു. ശ്രീ ജോഷിയും കോഴിക്കോടു രഞ്ജിത്തും ഒക്കെ ആ വാക്കുകള്‍ ഒന്നു കേള്‍ക്കുന്നതു നല്ലതാണ്. ഇപ്പോഴും നിങ്ങളുടെ നേതാവ് ഉണ്ണികൃഷ്ണന്‍ എന്റെ ഈ പുതിയ ചിത്രവും തടസ്സപ്പെടുത്താന്‍ ടെക്‌നീഷ്യന്‍മാരോട് ആവശ്യപ്പെടുന്നുണ്ട്. ഇതേവരെ അങ്ങേര്‍ക്കു നിര്‍ത്താന്‍ സമയമായിട്ടില്ല..കഷ്ടം..ഇത്തരം തേജോവധങ്ങള്‍ക്കിടയിലും കൊച്ചു കൊച്ചു സന്തോഷം പകരുന്ന വാക്കുകള്‍ പറഞ്ഞ മല്ലികച്ചേച്ചിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയട്ടെ…

Related posts