എന്റെ ഭാര്യയെ അജു വര്‍ഗീസ് കോളജില്‍ റാഗ് ചെയ്തു ! വിനീത് ശ്രീനിവാസന്‍ തന്റെ പ്രണയകാലത്തെക്കുറിച്ച് പറയുന്നതിങ്ങനെ…

അജു വര്‍ഗീസും വിനീത് ശ്രീനിവാസനും കട്ട സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചു പഠിച്ചവരും കൂടിയാണ്. വിനീതിന്റെ സിനിമകളിലെല്ലാം അജുവും ഉണ്ടാവും. എന്നാല്‍ അജു പണ്ട് ചെയ്ത ഒരു കാര്യത്തെക്കുറിച്ച് ഇപ്പോള്‍ വിനീത് തുറന്നു പറഞ്ഞിരിക്കുകയാണ്. എട്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്‍ ദിവ്യയെ വിവാഹം ചെയ്യുന്നത്. ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളജില്‍ വച്ചാണ് വിനീത് ദിവ്യയെ പരിചയപ്പെടുന്നത്. കോളജില്‍ വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ. അങ്ങനെ ആ സൗഹൃദം പ്രണയത്തിനു വഴിമാറുകയായിരുന്നു. ജൂനിയറായ ദിവ്യയെ അജു വര്‍ഗീസ് റാഗ് ചെയ്തിട്ടുണ്ടെന്നാണ് വിനീത് ശ്രീനിവാസന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

”ഞാനും അജു വര്‍ഗീസും കോളെജില്‍ ഒരുമിച്ച് പഠിച്ചവരാണ്. ഞങ്ങളുടെ ജൂനിയറായിരുന്നു ദിവ്യ. അജു അവളെ റാഗ് ചെയ്തിട്ടുണ്ട്. ദിവ്യയും ഞാനും പരസ്പരം ഇഷ്ടത്തിലാണെന്ന കാര്യം ആദ്യം പറഞ്ഞത് സുഹൃത്തായ നോബിളിനോടാണ്. പിന്നീട് അവളെ റാഗ് ചെയ്യരുതെന്ന് അജുവിനോടും പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് പുറത്തുപോകാറുണ്ടായിരുന്നു. ചെന്നൈയില്‍ പഠിച്ചതുകൊണ്ട് ആര്‍ക്കും അങ്ങനെ ഇക്കാര്യം അറിയില്ലായിരുന്നു.” വിനീത് പറയുന്നു. 2012ലാണ് വിനീതും ദിവ്യയും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും ഇപ്പോള്‍ ഒരു കുഞ്ഞുണ്ട്. വിഹാന്‍ ദിവ്യ വിനീത് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അടുത്ത മാസമാണ് വിവാന്റെ ഒന്നാം പിറന്നാള്‍.

Related posts