മൂന്നാം തവണയും നോട്ടീസ് അവഗണിച്ചാല്‍ കാര്യങ്ങള്‍ നീങ്ങുക ജാമ്യമില്ലാ വാറണ്ടിലേക്ക് ! കോടിയേരിയുടെ സഹധര്‍മ്മിണി അഴിക്കുള്ളിലാവുമോ…

ഡോളര്‍ കടത്തു കേസുമായി ബന്ധപ്പെട്ട ഐഫോണ്‍ വിവാദത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരാകാത്തത് സിപിഎമ്മിന്റെ പദ്ധതി പ്രകാരമെന്ന് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിയും വരെ ആരും ചോദ്യം ചെയ്യലിന് ഹാജരാകേണ്ട കാര്യമില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. വിനോദിനിയെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാത്തതിനെ തുടര്‍ന്നു രണ്ടാമതും കസ്റ്റംസ് നോട്ടിസ് നല്‍കി.

ഇതിലും ഹാജരായില്ലെങ്കില്‍ കസ്റ്റംസ് നിയമപ്രകാരം മൂന്നാമത്തെ നോട്ടീസ് രണ്ടോ മൂന്നോ ദിവസത്തിനകം നല്‍കും. അതും വിനോദിനി ഗൗരവത്തില്‍ എടുക്കില്ല.

ഈ സാഹചര്യത്തില്‍ മൂന്നു നോട്ടീസുകളുടെയും തെളിവുകളുമായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാന്‍ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ കസ്റ്റംസ് ഹര്‍ജി നല്‍കും.

സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സല്‍ ജനറലിനു നല്‍കിയ ഐ ഫോണ്‍ വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചിരുന്നത് എന്നതിന്റെ ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കും.

ഈ ഫോണ്‍ എങ്ങനെ ലഭിച്ചുവെന്നറിയാന്‍ മാത്രമാണ് ചോദ്യം ചെയ്യലിനു വിളിച്ചതെന്നും ഹാജരാകാത്തതില്‍ ദുരൂഹതയുണ്ടെന്നും കോടതിയെ ധരിപ്പിക്കും.

അതേ സമയം ഡോളര്‍ കടത്തു കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സമയം നീട്ടി ആവശ്യപ്പട്ടു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കസ്റ്റംസിനു കത്തു നല്‍കിയിരുന്നു.

ഇതില്‍ തുടര്‍നടപടി എന്തു വേണമെന്നതിലും കസ്റ്റംസ് നിയമോപദേശം തേടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളാണ് സ്പീക്കര്‍ കാരണമായി പറയുന്നത്.

അതുകൊണ്ട് തന്നെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കും. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്. അതുകഴിയും വരെ കസ്റ്റംസ് കാത്തിരിക്കാനും സാധ്യതയുണ്ട്.

ഈന്തപ്പഴക്കേസിലും പണിപാളുന്ന ലക്ഷണമാണ്. അതിനിടെ കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സികള്‍ക്കെതിെേര കേസടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കം സര്‍ക്കാരിന് തന്നെ തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഉദ്യോഗസ്ഥര്‍ സ്വപ്നയെ നിര്‍ബന്ധിച്ചുവെന്ന പോലീസ് ഉദ്യോഗസ്ഥയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസുമായി സര്‍ക്കാര്‍ മുമ്പോട്ടു പോകുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ പേര് വ്യക്തമാക്കിക്കൊണ്ട് സ്വപ്ന 164-ാം ചട്ടമനുസരിച്ചു മജിസ്‌ട്രേറ്റിനാണു മൊഴി നല്‍കിയത്. മറ്റൊരു പ്രതിയായ സരിത്തും അങ്ങനെ മൊഴി നല്‍കിയ സാഹചര്യത്തില്‍ സ്വപ്നയെക്കൊണ്ടു നിര്‍ബന്ധിച്ച് പറയിച്ചതാണെന്നുള്ള വാദത്തിന് പ്രസക്തി ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

Related posts

Leave a Comment