ബീജിംഗിൽ 455 കുട്ടികളുടെ ചികിത്സയ്ക്കായി അഞ്ച് ദശലക്ഷം യുവാൻ (ഏകദേശം ഏഴ് കോടി രൂപ) സംഭാവന ചെയ്ത ചൈനീസ് ദമ്പതികളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷാങ്ഹായിൽ നടന്ന ഒരു എക്സിബിഷനിൽ ചാരിറ്റി ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡു യിങ്റോങ്ങും ഭാര്യ ലു സുയിംഗുമാണ് കുട്ടികൾക്കായി ഇത്രയും വലിയ സംഭാവന നൽകിയത്. കുട്ടികളില്ലാത്ത ദമ്പതികൾ വളരെ ലളിതമായ ജീവിതശെെലി പിന്തുടർന്ന് മിച്ചംപിടിച്ച പണമാണ് സംഭാവന ചെയ്തത്. 2018ൽ തന്റെ 81-ാം വയസിലാണ് ഡു യിങ്റോങ്ങ് മരിച്ചത്. കഴിഞ്ഞ വർഷമാണ് ലു സിയുംഗ് (91) മരണപ്പെട്ടത്.
ഇരുവരുടെയും മരണത്തിന് പിന്നാലെയാണ് ഇക്കാര്യം ചാരിറ്റി ഫൗണ്ടേഷൻ അധികൃതർ പുറത്തുപറഞ്ഞത്. 2018ൽ ദമ്പതികൾ 10 കുട്ടികളുടെ ചികിത്സാ സഹായം ഏറ്റെടുത്ത് 70 ലക്ഷം രൂപ ആശുപത്രിയ്ക്ക് നൽകിയിരുന്നു. ആശുപത്രിയിൽ ചാരിറ്റി ചുമതലയുള്ള ഒരു ജീവനക്കാരി ദമ്പതികളുടെ വീട്ടിലെത്തിയപ്പോഴാണ് അവർ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നതെന്ന് മനസിലാക്കിയത്. അതിനാൽ കുറച്ച് പണം ദമ്പതികൾക്ക് തന്നെ നൽകാൻ ജീവനക്കാർ തയ്യാറായെങ്കിലും അത് അവർ സ്വീകരിച്ചില്ല.’ഞങ്ങൾ രണ്ടുപേർക്കും അധികം സമയമില്ല. ഞങ്ങൾക്ക് പെൻഷൻ ലഭിക്കുന്നുണ്ട്. ഇപ്പോഴും കുറച്ച് സമ്പാദ്യവുമുണ്ട്’- എന്നാണ് അന്ന് ഡു പറഞ്ഞത്.
എന്തായാലും ദമ്പതികളുടെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. പലപ്പോഴും 17 യുവാൻ (238 രൂപ) വിലയുള്ള ഭക്ഷണം വാങ്ങിയാണ് ഇരുവരും കഴിച്ചിരുന്നതെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. ചെെനയിലെ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി അവർ ഉദാരമായി സംഭാവന നൽകിയിട്ടുണ്ട്. ദമ്പതികൾ മരിച്ചെങ്കിലും അവർ കാരണം 455 കുട്ടികൾ ജീവിക്കുന്നുണ്ടെന്ന് ചാരിറ്റി ഫൗണ്ടേഷന്റെ അധികൃതർ വ്യക്തമാക്കി.
