ഐഐടി വാരാണാസി വിദ്യാർഥിയായ അഭിനന്ദൻ ഗെയ്ക്വാദ് തന്റെ അച്ഛന് ഒരു പുതിയ ഫോൺ വാങ്ങി നല്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ ആഗ്രഹങ്ങൾക്കെല്ലാം തടസം പറയാതെ സാധിച്ചുതരുന്ന അച്ഛന് എന്തെങ്കിലും തിരിച്ച് നല്കണം എന്ന മകന്റെ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്.
അഭിനന്ദൻ ഗെയ്ക്വാദ് തന്റെ അച്ഛന് ഒരു പുതിയ ഫോൺ സമ്മാനിക്കുന്ന ഹൃദയസ്പർശിയായ വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും തന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതന്ന പിതാവിനോടുള്ള നന്ദിസൂചകമായാണ് മകൻ ഈ സർപ്രൈസ് ഒരുക്കിയത്.
അഭിനന്ദൻ ഒരു മൊബൈൽ സ്റ്റോറിൽ പോയി ഫോൺ തിരഞ്ഞെടുക്കുന്നതും, തുടർന്ന് വീട്ടിലെത്തി അച്ഛന് അത് സർപ്രൈസായി നല്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ആദ്യം ഒട്ടും പ്രതീക്ഷിക്കാതെ ബാഗ് തുറന്ന അച്ഛൻ, ഉള്ളിൽ പുതിയ ഫോൺ കണ്ട് അത്ഭുതപ്പെടുകയും അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി വിടരുകയും ചെയ്യുന്നു.
തന്റെ പഠനകാലത്ത് അച്ഛൻ ചെയ്ത ത്യാഗങ്ങളെക്കുറിച്ച് അഭിനന്ദൻ ഇൻസ്റ്റാഗ്രാം കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. 2021ൽ പത്താം ക്ലാസ് പരീക്ഷ ജയിച്ചപ്പോൾ ചോദിച്ച ഉടനെ അച്ഛൻ ഒരു ഫോൺ വാങ്ങി നൽകി. കോളേജ് ഒന്നാം വർഷം പഠിക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ വകവെക്കാതെ ഒരു ഐഫോൺ 14 വാങ്ങി നല്കി.
തനിക്ക് ചോദിച്ചതെല്ലാം വാങ്ങിത്തന്ന അച്ഛന്, തന്റെ ആദ്യ സമ്പാദ്യങ്ങളിൽ നിന്നും തിരികെ ഒരു സമ്മാനം നല്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മകൻ. മാതാപിതാക്കൾ മക്കൾക്കായി ചെയ്യുന്ന ത്യാഗങ്ങളെയും അവരുടെ നിഷ്കളങ്കമായ സ്നേഹത്തെയും ഓർമിപ്പിക്കുന്ന ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.
