വായിച്ചാൽ വളരും വായിക്കാത്തവൻ വളയും എന്നാണ് മലയാളത്തിന്റെ പ്രശസ്ത കവി കുഞ്ഞുണ്ണി മാഷ് പറയുന്നത്. പുസ്തക വായന മനുഷ്യന് ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്. വായനാ ശീലം നമുക്ക് ചെറിയ പ്രായത്തിൽ മുതൽ വേണം. സ്വഭാവ രൂപീകരണത്തിനും ഭാഷാ രൂപീകരണത്തിനുമൊക്കെ വായന നമ്മളെ സഹായിക്കും. അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തുർക്കിയിലെ ക്ലാസ് റൂം അധ്യാപകനായ സെമിൽ ഉൽക്കർ ആണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. അദ്ദേഹം താൻ പഠിപ്പിക്കുന്ന കുട്ടികളിൽ വായനാശീലം വളർത്തുവാൻ ചെയ്ത മാർഗമാണ് വീഡിയോയിലുള്ളത്. വീഡിയോ വൈറലായതോടെ അഭിനന്ദന പ്രവാഹങ്ങളാണ് ഉൽക്കറിന് ലഭിച്ചത്.
ഒരു സ്കൂൾ ഇടനാഴിയിൽ അധ്യാപകർ ബെഞ്ചുകളിൽ ഇരുന്ന് ശാന്തമായി പുസ്തകം വായിക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഈ കാഴ്ച അതുവഴി പോകുന്ന വിദ്യാർഥികൾ കാണുന്നു. ഇത് കണ്ടതോടെ ചില കുട്ടികൾ വേഗത തങ്ങളുടെ അധ്യാപകർ എന്താണ് വായിക്കുന്നതെന്ന് അറിയാൻ വേണ്ടി അവിടെ നിൽക്കുന്നു. ചിലർ അവരുടെ അടുത്തെത്തി പുസ്തകത്തിലേക്ക് നോക്കി നിൽക്കുന്നു.
അധ്യാപകരാകട്ടെ ഇതൊന്നും കണ്ടില്ലന്ന് നടിച്ച് പുസ്തക വായനയിലേക്ക് കൂടുതലായി കേന്ദ്രീകരിച്ച് ഇരിക്കുകയാണ്. ഇതോടെ കുട്ടികളിലും ആ ജിജ്ഞാസ ഉടലെടുത്തു. ഒടുവിൽ അവരും ഷെൽഫിൽ നിന്നും പുസ്തകങ്ങളെടുത്ത് അവരുടെ അധ്യാപകരുടെ അരികിൽ ഇരിക്കുന്നത് കാണാം. ഏതാനും മിനിറ്റുകൾക്കുള്ളിൽ, കൂടുതൽ വിദ്യാർഥികൾ അവിടെ ഒത്തുകൂടി. അവരും പുസ്തകം വായിക്കുവാൻ തുടങ്ങി.
“ഞങ്ങൾ ഞങ്ങളുടെ വിദ്യാർഥികളോട് ഒന്നും ഉരിയാടാതെ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. അവരും ഞങ്ങളെ അനുകരിക്കാൻ ആരംഭിച്ചു. ഇടവേളകളിൽ കളിക്കാൻ നിൽക്കാതെ പൂന്തോട്ടത്തിൽ കൂടി വരെ പുസ്തകം വായിച്ചു നടക്കുന്നത് കണ്ടു, എന്ന കുറിപ്പോടെയാണ് ഉൽക്കർ വീഡിയോ പങ്കുവച്ചത്.
