കൊച്ചി: അസാധാരണമായ നിയമപോരാട്ടങ്ങളുടെ പേരിൽ ചരിത്രത്തിൽ ഇടംപിടിക്കുന്നതാണ് നടിയെ ആക്രമിച്ച കേസ്. വിചാരണയ്ക്കിടെ തൊണ്ണൂറോളം ഹർജികളാണു ദിലീപ് സുപ്രീംകോടതിയിൽ ഉൾപ്പെടെ ഫയൽ ചെയ്തത്. നീതിക്കായി യുവനടിയും പലതവണ കോടതികൾ കയറിയിറങ്ങി. അഞ്ചുതവണ വിചാരണ നീട്ടിവച്ചു.
ജഡ്ജിയെത്തന്നെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെടുകയുണ്ടായി. രണ്ടു പ്രോസിക്യൂട്ടർമാർ പിന്മാറി. ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നുകണ്ടെന്ന ആരോപണവും ഉയർന്നു.
ദിലീപ് സമർപ്പിച്ചത് തൊണ്ണൂറോളം ഹർജികൾ
2017ൽ കുറ്റപത്രം സമർപ്പിച്ച് മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ വിചാരണ തുടങ്ങിയത്. ഈ സമയത്തിനുള്ളില്‍ പല ആവശ്യങ്ങള്‍ ഉന്നയിച്ച് ദിലീപ് നല്‍കിയത് 20 ഹര്‍ജികളാണ്.
സിനിമാ ചിത്രീകരണത്തിനായി വിദേശത്തു പോകാന്‍ അനുമതി വേണം, നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിക്കണം, കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും ലഭിക്കണം, മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതു തടയണം തുടങ്ങി നിരവധി ഹർജികളാണു കോടതിയിലെത്തിയത്. 2020ല്‍ വിചാരണ തുടരവേ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ദിലീപ് ഹര്‍ജി നല്കി. ഹൈക്കോടതി തള്ളിയതോടെ സുപ്രീംകോടതിയിലേക്കു ഹർജിയുമായി പോയെങ്കിലും ഒടുവില്‍ പിന്‍വലിച്ചു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിപ്രകാരം കോടതി ഉത്തരവിട്ട തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടും ദിലീപ് മേല്‍ക്കോടതിയെ സമീപിച്ചു. തുടരന്വേഷണത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്യുമെന്ന ഭീതിയിൽ മുൻകൂർ ജാമ്യഹർജിയുമായും ഇയാൾ ഹൈക്കോടതിയിലെത്തി.
തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയിലെത്തിയപ്പോള്‍ അതിന്റെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ ദിലീപിന്റെ ആവശ്യം തുടരന്വേഷണം റദ്ദാക്കണമെന്നായി. ഇതു മുൻനിർത്തിയും ഹർജി നൽകിയെങ്കിലും ഫലമുണ്ടായില്ല.ഇതിനിടെ, തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ നടി കക്ഷിചേര്ന്നുള്ള ഇടപെടലുമുണ്ടായി. ഇത്തരത്തിൽ ആകെ 90ഓളം ഹര്‍ജികളാണു വിചാരണവേളയിൽ ദിലീപ് നല്‍കിയത്.
പോരാടി നടിയും
അതിജീവിതയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെത്തന്നെ കോടതി വിചാരണയ്ക്കു നിയോഗിച്ചത്. സാക്ഷിവിസ്താരം തുടങ്ങി എട്ടാം മാസം ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു.
ദിലീപ് കോടതികളെ സമീപിച്ചപ്പോഴെല്ലാം തടസഹര്‍ജിയുമായി അതിജീവിതയുമെത്തി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതില്‍ സ്വതന്ത്ര അന്വേഷണവും ആവശ്യപ്പെട്ടു. ഈ ഇടപെടലിലാണ് കേസ് ആദ്യം പരിഗണിച്ച ജില്ലാ ജഡ്ജിപോലും സംശയനിഴലിലായത്.
ഒടുവില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ മെമ്മറി കാര്‍ഡ് മൂന്നു തവണ തുറന്നതായി സ്ഥിരീകരിച്ചപ്പോള്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഇത് മേല്‍ക്കോടതികള്‍ നിരസിച്ചതോടെ തന്റെ സ്വകാര്യതയ്ക്കു ഭീഷണിയെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു കത്തയയ്ക്കാനും അവർ തയാറായി.
ദിലീപിനെതിരേ തെളിവില്ലെന്ന പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ആര്. ശ്രീലേഖയ്ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജിയും നടി നല്കി.
അഞ്ചു തവണയാണ് കേസില്‍ വിചാരണ നീട്ടിവച്ചത്. കോവിഡിനെത്തുടര്‍ന്നു വിചാരണ നീണ്ടതും ബാലചന്ദ്രകുമാറിന്റെ പരാമര്‍ശത്തിലുള്ള തുടരന്വേഷണവുമെല്ലാം കാരണമായി. രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ ഇടയ്ക്കുവച്ച് ഒഴിവായതും മൂന്നാമത്തെയാള്‍ക്കായുള്ള കാത്തിരിപ്പുമെല്ലാം വിചാരണനടപടികൾ വൈകിച്ചു.
