നമുക്കും നടക്കാം ആരോഗ്യജീവിതത്തിലേക്ക്

FB-WALKING

ആരോഗ്യം വിലമതിക്കാനാകാത്ത സമ്പത്താണ്. അതുളളവര്‍ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. അവരുടെ ആയുസിന്റെ പുസ്തകം കനമുളളതായിരിക്കും. പക്ഷേ, രോഗങ്ങള്‍ അകന്നുനില്ക്കണമെങ്കില്‍ ആരോഗ്യകരമായ ജീവിതശൈലി സ്വന്തമാക്കണം ജീവിതശൈലി തെറ്റായതു കൊണ്ടുമാത്രം പിടിച്ചുവാങ്ങുന്ന രോഗങ്ങള്‍ അടുത്തിടെയായി ജീവിതശൈലീരോഗങ്ങള്‍ എന്നുളള ഓമനപ്പേരില്‍ മാധ്യമങ്ങള്‍ കൊണ്ടാടുന്നുണ്ട്. അമിതവണ്ണം, അമിതഭാരം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്താതിസമ്മര്‍ദം… എന്നിങ്ങനെ അതിനു പല രൂപഭാവങ്ങള്‍.

നടത്തം ഉള്‍പ്പെടെയുളള വ്യായാമരീതികള്‍ ശീലമാക്കുന്നത് ആരോഗ്യജീവിതം ഉറപ്പാക്കും. പതിവായി അര മണിക്കൂറെങ്കിലും നടക്കണം. വെറുതേ നടന്നാല്‍ പോരാ; വേഗത്തില്‍ നടക്കണം, നന്നായി വിയര്‍ക്കട്ടെ. അമിതമായി ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് ദഹിക്കുന്നതിന് അതു സഹായകം. രാവിലത്തെ ഇളംവെയിലേറ്റു നടന്നാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ ഉത്പാദനവും സാധ്യമാകും. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ വ്യായാമം പാടുളളൂ. ജിമ്മില്‍ പോയി ചെയ്യുന്നതു മാത്രമല്ല വ്യായാമം; ജോഗിംഗ്, സൈക്കിള്‍ സവാരി, കളികള്‍, പൂന്തോട്ട പരിപാലനം എന്നിവയെല്ലാം വ്യായാമത്തിനുളള ഉപാധികള്‍ തന്നെ. നടത്തം ആര്‍ക്കും എപ്പോഴും ചെലവില്ലാതെ സാധ്യമാകും.

വ്യായാമം രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ഓക്‌സിജന്‍സമ്പന്നമായ രക്തം ശരീരത്തിലെമ്പാടും എത്തിക്കുമെന്നതിനാല്‍ എയ്‌റോബിക് വ്യായാമവും ഏറെ ഗുണകരം. ഇതു തുടങ്ങുംമുമ്പ് ഫിസിഷ്യന്റെ നിര്‍ദേശം തേടാവുന്നതാണ്. വ്യായാമത്തിനിടെ ശ്വാസംമുട്ടല്‍, മറ്റ് അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെട്ടാല്‍ എത്രയും പെട്ടെന്ന് ഫിസിഷ്യന്റെ സേവനം തേടുക. കാന്‍സര്‍, ഹൃദയരോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം, സ്‌ട്രോക്ക്, ഡിമെന്‍ഷ്യ, ഡിപ്രഷന്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനു വ്യായാമം സഹായമെന്നു പഠനങ്ങള്‍. പ്രായമാകുന്നതുമായി ബന്ധപ്പെട്ട ശാരീരിക മാറ്റങ്ങളുടെ വേഗം കുറച്ചു യുവത്വം നിലനിര്‍ത്തുന്നതിനും വ്യായാമം സഹായകം.

പച്ചക്കറിത്തോട്ടം രൂപപ്പെടുത്തുന്നതു വഴി വ്യായാമം സാധ്യമാകും; അതിലുപരി മാനസികപിരിമുറുക്കം (സ്ട്രസ്) കുറയ്ക്കാനുള്ള നല്ല ഒരു ഉപായമായും അതു മാറും. പക്ഷേ, ചെടികളോടും പച്ചക്കറികളോടുമുളള സ്‌നേഹപരിചരണങ്ങള്‍ ശീലമാക്കണം. സ്ട്രസ് ഒഴിവാക്കിയാല്‍ ശരീരത്തിന്റെ പ്രതിരോധശക്തി മെച്ചപ്പെടും. ഹൃദയാരോഗ്യത്തിനും അതു ഗുണകരം. നടത്തവും സ്ട്രസ് കുറയ്ക്കുന്നതിന് സഹായിക്കും. മനസിനെ ചിന്തകള്‍ അലട്ടുമ്പോള്‍ അര മണിക്കൂര്‍ നടന്നുനോക്കൂ. അതു മാനസികപിരിമുറുക്കത്തിന് അയവുവരുത്തും. പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിയുളള ആഹാരക്രമം, ദിവസേന എട്ടു മണിക്കൂര്‍ ഉറക്കം.. തുടങ്ങിയവയും സ്ട്രസ് കുറയ്ക്കാനുളള ഉപാധികള്‍ തന്നെ.

വ്യായാമത്തിനൊപ്പം മതിയായ വിശ്രമവും ആരോഗ്യജീവിതത്തിന് അവശ്യം. ഉറക്കം വിശ്രമത്തിനുളള സ്വാഭാവിക ഉപാധിയാണ്. ഉറക്കക്കുറവ് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം തളര്‍ത്തും.മതിയായ ഉറക്കം സ്ട്രസ് കുറയ്ക്കുമെന്നു പഠനങ്ങള്‍. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനും നീര്‍വീക്കം കുറയ്ക്കുന്നതിനും ഡിപ്രഷന്‍ തടയുന്നതിനും ശരീരഭാരം നിയന്ത്രിതമാക്കുന്നതിനും എട്ടു മണിക്കൂര്‍ വരെ ഉറക്കം അവശ്യമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Related posts