നിങ്ങള്‍ വൈകിയതു കൊണ്ട് നിങ്ങളുടെ വോട്ട് വേറൊരാള്‍ ചെയ്തു ! ഓടിപ്പിടിച്ച് വോട്ടു ചെയ്യാനെത്തിയപ്പോള്‍ വോട്ട് മറ്റാരോ ചെയ്‌തെന്നറിഞ്ഞ് മടങ്ങിപ്പോകേണ്ടി വന്നെന്ന് വീട്ടമ്മ…

കണ്ണൂര്‍: കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വന്‍ വിവാദത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. പിലാത്തറ യുപി സ്‌കൂളില്‍ നിന്നും പുറത്തു വന്ന ദൃശ്യങ്ങളില്‍ വോട്ടു ചെയ്യാനാവാതെ മടങ്ങുന്ന ഒരു വനിതയെയും കാണാന്‍ സാധിക്കും. പിലാത്തറ സിഎം നഗറിലെ കെ.ജെ. ഷാലറ്റ് ആണ് ആ വോട്ടര്‍. തന്റെ ദുരനുഭവം ഷാലറ്റ് പറയുന്നു. ‘കണ്ണൂരില്‍ നിന്നു പിലാത്തറയിലേക്കു താമസം മാറിയതിനു ശേഷമുള്ള ആദ്യ വോട്ടായിരുന്നു ഇത്തവണത്തേത്. വോട്ടെടുപ്പ് ദിവസം വൈകിട്ട് 4.45 നാണ് ബൂത്തിലെത്തിയത്.

അര മണിക്കൂറോളം വരിനിന്ന ശേഷം തിരിച്ചറിയല്‍ രേഖയും സ്ളിപ്പുമായി ബൂത്തില്‍ കയറി. ക്രമനമ്പര്‍ പറഞ്ഞപ്പോള്‍ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതായി കാണുന്നെന്ന് പോളിങ് ഓഫിസര്‍ പറഞ്ഞു. അല്‍പസമയം ഇരിക്കൂ പരിശോധിക്കട്ടെയെന്നും പറഞ്ഞു. അരമണിക്കൂറോളം ഞാന്‍ പോളിങ് ബൂത്തില്‍ ഇരുന്നു. വീണ്ടും ഉദ്യോഗസ്ഥരോട് എനിക്കു വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്റെ തിരിച്ചറിയല്‍ കാര്‍ഡും മഷിപുരട്ടാത്ത വിരലും കാണിച്ചു. എന്നാല്‍, എന്റെ വോട്ട് രേഖപ്പെടുത്തിയതായി കാണുന്നതിനാല്‍ മറ്റു മാര്‍ഗമില്ലെന്നായിരുന്നു മറുപടി. ഒടുവില്‍ എനിക്ക് വോട്ടു രേഖപ്പെടുത്താതെ മടങ്ങേണ്ടി വന്നു.

സ്വന്തം വോട്ട് മറ്റാരെങ്കിലും ചെയ്‌തെന്ന വോട്ടറുടെ പരാതി സത്യമാണെന്നു ബോധ്യപ്പെട്ടാല്‍ പ്രിസൈഡിംഗ് ഓഫിസര്‍ അവര്‍ക്ക് ടെന്‍ഡേഡ് ബാലറ്റ് പേപ്പര്‍ വഴി വോട്ട് ചെയ്യാനുള്ള സൗകര്യം നല്‍കണമെന്നാണു ചട്ടം. ഈ വോട്ട് യന്ത്രത്തില്‍ രേഖപ്പെടുത്തില്ല. ചെറിയ ഭൂരിപക്ഷത്തില്‍ സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന സാഹചര്യമുണ്ടായാല്‍ ടെന്‍ഡേഡ് ബാലറ്റുകള്‍ പരിശോധനയ്ക്കായി കോടതിയില്‍ ഹാജരാക്കും. എന്നാല്‍, ഇങ്ങനെ ഒരവസരത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചില്ലെന്നും ഷാലറ്റ് പറയുന്നു.

Related posts