പണമില്ലാതായാല്‍? കാഷ്‌ലെസ് ഇക്കോണമി ഗുണങ്ങളുണ്ട്, ദോഷങ്ങളും, കള്ളന്മാരും കള്ളപ്പണക്കാരും പടിക്കു പുറത്താകും, ചെറിയ പ്രശ്‌നങ്ങള്‍ വലിയ പ്രതിസന്ധിയുണ്ടാക്കും

rupeeപണരഹിത സമ്പദ് വ്യവസ്ഥ അഥവാ കാഷ്‌ലെസ് ഇക്കോണമിയുടെ ഭാഗമായി ഇന്ത്യയിലെ ജനങ്ങളെ മാറ്റുക എന്നതാണ് 500, 1000 നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യം വച്ച ഒരു പ്രധാന കാര്യം. കഷ്‌ലെസ് ഇക്കോണമി വരുന്നതിലൂടെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ കഴിയും എന്ന ധാരണയാണ് അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. പഴയ നോട്ടുകള്‍ റദ്ദാക്കിയതും പുതിയ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമല്ലാത്തതും കൂടാതെ 2000 പോലെ വലിയ സംഖ്യയുടെ നോട്ട് പുറത്തിറക്കിയതും ജനങ്ങളെ കാഷ്‌ലെസ് വ്യവസ്ഥയിലേക്ക് മാറാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. സൈ്വപിംഗ് മെഷീന്‍ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവ് തന്നെ ഇതിന് തെളിവ്. അതായത് സൈ്വപിംഗ് മെഷീന്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ആളുകള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ യാതൊരു നിര്‍വാഹവുമില്ലാതായിരിക്കുന്നു.

ആവശ്യത്തിന് പണം നോട്ടിന്റെ രൂപത്തില്‍ ആളുകളുടെ കൈവശം ഇല്ലാത്തതു തന്നെ ഇതിന് കാരണം. ഏതായാലും സമ്പന്നനും ദരിദ്രനും യുവാവും വൃദ്ധനും ഒരുപോലെ പണരഹിത സമ്പദ് വ്യവസ്ഥയെ ഇരുംകൈയും നീട്ടി സ്വീകരിക്കേണ്ട കാലം എത്തിയിരിക്കുന്നു. ഈ പുതിയ സമ്പ്രദായം പടിവാതില്‍ക്കല്‍ എത്തിയ സ്ഥിതിയ്ക്ക് ഇതിന്റെ പ്രധാന ഗുണങ്ങളും ദോഷങ്ങളും ഏവയെന്ന് മനസിലാക്കിയിരിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്.

കാഷ്‌ലസ് ഇക്കോണമിയുടെ ഗുണങ്ങള്‍

ഇലക്ട്രോണിക് സംവിധാനം വഴി നടത്തുന്ന എല്ലാ പണമിടപാടുകള്‍ക്കും കൃത്യമായ രേഖ ഉണ്ടാകുന്നതുവഴി ഒരു കാരണവശാലും ആര്‍ക്കും നികുതി വെട്ടിക്കാന്‍ സാധിക്കുകയില്ല എന്നതാണ് ഏറ്റവും സ്വാഗതാര്‍ഹമായ കാര്യം. ഇതിലൂടെ കള്ളപ്പണത്തിന്റെ ഉപയോഗവും മറ്റ് വഴിവിട്ട പണമിടപാടുകളും നിയന്ത്രിക്കാനാകും. കള്ളനോട്ടുകള്‍ എളുപ്പത്തില്‍ കണ്ടെത്താനാകും എന്നത് മറ്റൊരു ഗുണം. കൂടാതെ വീട്ടിലിരുന്നോ വാഹനത്തിലിരുന്നോ പോലും ഇടപാടുകള്‍ നടത്താം. പണമിടപാടുകളില്‍ വേഗതയും കൃത്യതയും ഉറപ്പുനല്‍കാനും കാഷ്‌ലെസ് ഇക്കോണമിക്ക് സാധിക്കും. ആവശ്യത്തിന് പണം തികയാതെ വന്നാല്‍ മറ്റാളുകളില്‍ നിന്ന് വാങ്ങാതെ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ബാങ്കില്‍ നിന്ന് തന്നെ നേരിട്ട് കടമായി വാങ്ങാം.

പ്രധാനമന്ത്രിയുടെ അഭിപ്രായത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പണം കൈമാറുന്നത് വാട്ട്‌സാപ്പില്‍ തമാശ അയയ്ക്കുന്നതിനേക്കാള്‍ എളുപ്പമാണ്. ഒരു പരിധി വരെ ഇത് സത്യവുമാണ്. ഏതാനും മൗസ് ക്ലിക്കുകള്‍ കൊണ്ടോ അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണിലെ ഒന്ന് രണ്ട് ടച്ചുകള്‍ കൊണ്ടോ എത്ര വലിയ പണമിടപാടുകളും സാധ്യമാകും. പണം കൈയില്‍ കൊണ്ടു നടക്കേണ്ടതില്ല. പകരം ഏതാനും കാര്‍ഡുകള്‍ മാത്രം. ചില്ലറ പ്രശ്‌നം, പിടിച്ചു പറിക്കാരുടെയും മോഷ്ടാക്കളുടെയും ശല്യം ഇവയ്‌ക്കെല്ലാം അറുതി വരും എന്നതും ഒരു ഗുണമാണ്.

ദോഷങ്ങളുമുണ്ട്, ഏറെ

ബഹുഭൂരിപക്ഷം ആളുകളും ശരാശരിയ്ക്ക് താഴെ ജീവിതനിലവാരം പുലര്‍ത്തുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇങ്ങനെയൊരു രാജ്യത്ത് എത്ര കടകളില്‍ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് യന്ത്രങ്ങളുണ്ട് ? എത്രപേര്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉണ്ട്, അല്ലെങ്കില്‍ അതേപ്പറ്റി അറിയാം? കോടിക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരായി അവശേഷിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ പണരഹിത ജീവിതത്തിലേക്ക് തള്ളിക്കയറാന്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഇനിയും സമയം ആവശ്യമാണ്. ബാങ്ക് ഇടപാടുകളുമായി ആവശ്യത്തിന് ബന്ധമില്ലാത്തവര്‍ക്ക് ഈയൊരു ജീവിതം ഏറെ ദുഷ്ക്കരമായിരിക്കും.

സാങ്കേതിക വിദ്യ വികസിക്കുന്നതോടൊപ്പം ഇതുപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു എന്നതിന് സംശയമില്ല. സുരക്ഷാ ക്രമീകരണങ്ങളില്‍ ചെറിയ പാളിച്ച വന്നാല്‍പ്പോലും അത് സമ്പദ് വ്യവ്‌സഥയെ ആകെ താറുമാറാക്കുന്നതിലേക്ക് നയിക്കും. കാരണം ഏതാനും അക്കങ്ങളും പാസ് വേഡുകളും ഉപയോഗിച്ചാണ് ഈ വ്യവസ്ഥ മുന്നോട്ട് പോകുന്നത്. നെറ്റ്‌വര്‍ക്കുകളില്‍ നേരിയ തടസം ഉണ്ടായാല്‍ ഇടപാടുകള്‍ മൊത്തം അനശ്ചിതത്വത്തില്‍ ആകാനും സാധ്യതയുണ്ട്.

കാഷലെസ് ഇക്കോണമിയിലേക്ക് നീങ്ങുന്നതിനായി കാര്‍ഡ് പേയ്‌മെന്റുകളും വിവിധതരം ഇലക്ട്രോണിക് പേയ്‌മെന്റുകളും അറിഞ്ഞിരിക്കുക, വിവിധ ബാങ്കുകളുടെ ആപ്പുകള്‍ എങ്ങനെ മൊബൈലില്‍ പ്രവര്‍ത്തിപ്പിക്കാമെന്ന് മനസ്സിലാക്കുക, ഇതേക്കുറിച്ച് അറിയാവുന്നവര്‍ പ്രത്യേകിച്ച് യുവാക്കള്‍ മറ്റുള്ളവരെ ഇക്കാര്യങ്ങള്‍ പറഞ്ഞ്് മനസിലാക്കുക. ഇതൊക്കെയാണ് പ്രധാനമന്ത്രിയുടെ സ്വപ്‌നസാക്ഷാത്കാരത്തിനായി നമുക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍.

Related posts