വന്‍തുക ചിലവഴിച്ച് വീട്ടിലെത്തിയ ഭര്‍ത്താവിനോട് ‘സ്ഥലം കാലിയാക്കാന്‍’ പറഞ്ഞ് ഭാര്യ ! പിന്നീട് നടന്ന സംഭവ വികാസങ്ങള്‍ ഇങ്ങനെ…

ലോക്ക്ഡൗണ്‍ കാലത്ത് ദൂരദേശത്തു നിന്നും വീട്ടില്‍ തിരികെയെത്തുന്ന പലര്‍ക്കും വീട്ടുകാരില്‍ നിന്ന് തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്.

പലരെയും കോവിഡ് രോഗബാധ ഭയന്ന് സ്വന്തം വീട്ടുകാര്‍ വീട്ടില്‍ കയറ്റാത്ത അവസ്ഥയാണുള്ളത്.

ഇത്തരത്തില്‍ വന്‍തുക ചെലവഴിച്ച് അസമില്‍ നിന്നും സ്വന്തം നാടായ ത്രിപുരയിലെ അഗര്‍ത്തലയിലെത്തിയ യുവാവിനെയാണ് ഭാര്യ വീട്ടില്‍ കയറ്റാഞ്ഞത്. 30000 രൂപ ചിലവിട്ടാണ് 37കാരനായ ഗൊബീന്ദ ദേബ്നാഥ് ത്രിപുരയിലെത്തിയത്.

ഭാര്യ സഹോദരനെ കാണാനാണ് ഇയാള്‍ അസമിലേക്ക് പോയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം അസമില്‍ കുടുങ്ങുകയായിരുന്നു.

ഒടുവില്‍ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചപ്പോള്‍ വീട്ടിലേക്ക് തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാറിലാണ് ഇദ്ദേഹം അസമില്‍ നിന്നും മടങ്ങി അഗര്‍ത്തലയില്‍ എത്തിയത്.

നാട്ടിലെത്തിയ ഗൊബീന്ദയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് നെഗറ്റീവ് ആണെന്ന് വ്യക്തമായിരുന്നു.

ഇയാളോട് ത്രിപുര അസം അതിര്‍ത്തിയിലുള്ള ചുരൈബാരി എന്ന സ്ഥലത്തെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

എന്നാല്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോകാതെ വീട്ടിലേക്ക് പോകാനായിരുന്നു ഇദ്ദേഹം തീരുമാനിച്ചത്. എന്നാല്‍ വീട്ടില്‍ കയറ്റാന്‍ ഭാര്യ തയ്യാറായില്ല.

കുഞ്ഞിനും പ്രായമായ അമ്മയ്ക്കും ഒപ്പമാണ് താമസിക്കുന്നതെന്നും അവരുടെ ജീവന്‍ അപകടത്തിലാക്കാന്‍ അനുവദിക്കില്ലെന്നും ആണ് ഭാര്യ പറഞ്ഞത്.

നിലവിലെ സാഹചര്യത്തില്‍ വീട്ടിലേക്ക് വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഭാര്യ പറഞ്ഞു.

എന്നാല്‍ ഫ്‌ളാറ്റിലെ മറ്റ് താമസക്കാരുടെ സമ്മര്‍ദ്ദം മൂലമാണ് ഭാര്യ വീട്ടില്‍ കയറ്റാത്തതെന്നാണ് ദേബ്നാഥ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. കാര്യങ്ങളില്‍ ഫ്‌ളാറ്റിലെ മറ്റ് താമസക്കാര്‍ കൂടി ഇടപെട്ടതോടെ തര്‍ക്കമായി.

ഇതോടെ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തുകയായിരുന്നു. പ്രശ്നം രൂക്ഷമായതോടെ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

Related posts

Leave a Comment