സെഞ്ചൂറിയനിലും തോറ്റ് ടീം ഇന്ത്യ; പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോൽവി. 135 റണ്‍സിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി. 287 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് മുൻപ് തന്നെ 151 റണ്‍സിന് പുറത്തായി.

ആറ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ പേസർ ലുംഗി എൻഡിഗിയാണ് ഇന്ത്യയെ തകർത്തത്. തുടർച്ചയായ ഒൻപത് പരന്പര വിജയങ്ങളുമായി ദക്ഷിണാഫ്രിക്കയിൽ കാലുകുത്തിയ വിരാട് കോഹ്ലിക്കും സംഘത്തിനും തുടർ തോൽവികൾ കനത്ത തിരിച്ചടിയായി.

47 റണ്‍സ് നേടിയ രോഹിത് ശർമ മാത്രമാണ് രണ്ടാം ഇന്നിംഗ്സിൽ പൊരുതി നോക്കിയത്. അഞ്ചാം ദിനം ആദ്യം പുറത്തായത് ചേതേശ്വർ പൂജാരയാണ്. ആദ്യ ഇന്നിംഗ്സിലെ തനിയാവർത്തനം പോലെ രണ്ടാം ഇന്നിംഗ്സിലും പൂജാര ഇല്ലാത്ത റണ്ണിന് ഓടി റണ്‍ഒൗട്ടായി.

പിന്നാലെ പാർഥിവ് പട്ടേലിനെ സുന്ദരമായ ക്യാച്ചിലൂടെ മോണി മോർക്കൽ മടക്കി. താൻ ടെസ്റ്റിന് പാകമാകാത്ത ആളാണെന്ന് തെളിയിക്കുന്ന രീതിയായിരുന്നു ഹർദിക് പാണ്ഡ്യയുടേത്. റണ്‍സ് കണ്ടെത്താൻ ബാറ്റ്സ്മാൻ വിഷമിച്ച പിച്ചിൽ വിചിത്രമായ ഷോട്ട് കളിച്ച് പാണ്ഡ്യ വിക്കറ്റ് കളഞ്ഞുകുളിക്കുകയായിരുന്നു.

ഷമിയും രോഹിതും ചേർന്ന് 54 റണ്‍സ് കൂട്ടിച്ചേർത്തെങ്കിലും അനിവാര്യമായ പരാജയം ഒഴിവാക്കാൻ പര്യാപ്തമാകുമായിരുന്നില്ല. നാല് റണ്‍സുമായി ഇഷാന്ത് ശർമ പുറത്താകാതെ നിന്നു. എൻഡിഗിയാണ് മാൻ ഓഫ് ദ മാച്ച്.

സ്കോർ: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 335, രണ്ടാം ഇന്നിംഗ്സ് 258. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 307, രണ്ടാം ഇന്നിംഗ്സ് 151.

Related posts