ഗര്‍ഭാശയഗള കാന്‍സറിനെ കരുതിയിരിക്കാം

sthree2016dec03fa1

ഇന്ത്യയില്‍ സ്ത്രീകളിലെ കാന്‍സറുകളില്‍ ഒന്നാം സ്ഥാനത്താണ് ഗര്‍ഭാശയഗള കാന്‍സര്‍. കേരളത്തില്‍ രണ്ടാം സ്ഥാനത്തും. ഗര്‍ഭാശയഗള കാന്‍സറിന്റെ കാരണം ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഗര്‍ഭാശയഗള കാന്‍സറിനെക്കുറിച്ച് അറിയാം…

ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി)

നൂറോളം തരത്തിലുള്ള എച്ച്പിവി നമുക്കിടയിലുണ്ട്. ഇവയില്‍ ചിലത് വളരെ അപകടകാരികളാണ് (ഹൈ റിസ്ക്). ചിലത് അപകടം കുറഞ്ഞതും (ലോ റിസ്ക്). പതിനഞ്ചോളം അര്‍ബുദകാരികളായ ഹ്യൂമന്‍ പാപ്പിലോമ വൈറസുകളില്‍ ഹൈ റിസ്ക്കില്‍പ്പെട്ട അഞ്ച് തരമാണ് ഗര്‍ഭാശയഗള കാന്‍സര്‍ ഉണ്ടാക്കുന്നത്.

ഈ വൈറസ് അണുബാധ ഉണ്ടാകാനുള്ള പ്രധാന കാരണം ലൈം ഗികബന്ധം തന്നെയാണ്. എന്നാല്‍ ജനനേന്ദ്രിയവും ചര്‍മവുമായുള്ള സ്പര്‍ശം മൂലവും വൈറസ് അണുബാധ ഉണ്ടാകാം. അതില്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നതുകൊണ്ടുമാത്രം വൈറസ് അണുബാധ തടയാന്‍ കഴിയില്ല.

മറ്റു ഘടകങ്ങള്‍

* പുകവലി
* ലൈംഗിക ശുചിത്വമില്ലായ്മ
* കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉണ്ടാവുക
* ഗര്‍ഭനിരോധന ഗുളികകള്‍ കൂടുതല്‍ കാലം ഉപയോഗിക്കുക
ഇന്ത്യയില്‍ ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രധാന കാരണങ്ങളായി നേരത്തെ എടുത്തുപറഞ്ഞിരുന്നത് പുകവലിയും ലൈംഗികശുചിത്വമില്ലായ്മയുമാണ്. ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികളുണ്ടാകുന്നതും അനേകവര്‍ഷങ്ങളായുള്ള ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗവും ഈ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രത്യേകതകള്‍

ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍. പാപ്‌സ്മിയര്‍ ടെസ്റ്റിലൂടെ ഗര്‍ഭാശയഗള കാന്‍സര്‍ ആരംഭ ഘട്ടത്തിലേ കണ്ടെത്താന്‍ കഴിയും. കാന്‍സര്‍ രോഗനിര്‍ണയത്തിലെ ഏറ്റവും കൃത്യതയുള്ള പരിശോധനയാണ് പാപ്‌സ്മിയര്‍ ടെസ്റ്റ്.

കാരണവും തടയാനുള്ള വാക്‌സിനും കണ്ടുപിടിച്ചിട്ടുള്ള ഒരേയൊരു കാന്‍സറാണിത്. ഗര്‍ഭാശയഗള കാന്‍സറിനു കാരണമാകുന്നത് എച്ച്പിവി അണുബാധയാണെന്നു സ്ഥിരീകരിച്ചതോടെ ഇതിന്റെ പ്രതിരോധ മാര്‍ഗം ഏറെ ഫലപ്രദമായി.

ഗര്‍ഭാശയത്തിന്റെ ഘടന

ഗര്‍ഭാശയത്തിന്റെ താഴ്ഭാഗമാണ് സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയഗളം എന്നറിയപ്പെടുന്നത്. യോനിയിലേക്ക് തള്ളിനില്‍ക്കുന്ന ഈ ഭാഗമാണ് ഗര്‍ഭാശയത്തെ യോനിയിലേക്കും അതുവഴി പുറത്തേക്കും ബന്ധിപ്പിക്കുന്നത്.

ഗര്‍ഭാശയത്തിന്റെയും ഗര്‍ഭാശയഗളത്തിന്റെയും ഉള്‍ഭാഗം ആവരണം ചെയ്തിരിക്കുന്ന കോശങ്ങളില്‍ നിന്നു വിഭിന്നമാണ് പുറംഭാഗം (യോനിയിലേക്ക് തള്ളി നില്‍ക്കുന്ന ഭാഗം) ആവരണം ചെയ്തിരിക്കുന്ന കോശങ്ങള്‍. തൊലിപ്പുറ രോഗങ്ങളോടും സാദൃശ്യമുള്ള ഈ കോശങ്ങള്‍ സ്ക്വാമസ് കോശങ്ങളാണ്. ഉള്‍ഭാഗത്തെ ഗ്ലാന്‍ഡ് കോശങ്ങളും പുറംഭാഗത്തെ സ്ക്വാമസ് കോശങ്ങളും ചേരുന്ന ഭാഗമാണ് ’ ട്രാന്‍സ് ഫോര്‍മേഷന്‍ സോണ്‍. വിഭജിച്ചുകൊണ്ടിരിക്കുന്ന കോശങ്ങള്‍ ഈ ഭാഗത്താണ് കാണുന്നത്. പ്രായപൂര്‍ത്തിയാകുന്ന സമയത്തും (പുബേര്‍ട്ടി) ആദ്യ ഗര്‍ഭകാലത്തും ഒരുപാടു കോശവ്യതിയാനങ്ങള്‍ ഈ ഭാഗത്തുണ്ടാകുന്നുണ്ട്. ഈ സന്ദര്‍ഭങ്ങളിലുണ്ടാകുന്ന വൈറസ് അണുബാധ അര്‍ബുദത്തിനു മുന്നോടിയായിട്ടുള്ള വ്യതിയാനങ്ങളിലേക്ക് കോശങ്ങളെ തള്ളിവിടും. ഹ്യൂമന്‍ പാപ്പിലോമ വൈറസിന്റെ മൂലഘടകം (ഡി.എന്‍.എ) ഗര്‍ഭാശയകോശ ഡിഎന്‍എയിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതുകൊണ്ടാണ് ഈ അണുബാധ ഏറ്റവും അപകടകാരിയാകുന്നത്.

ലക്ഷണങ്ങള്‍

ഗര്‍ഭാശയഗള കാന്‍സര്‍ ഉള്ളവരില്‍ 90 ശതമാനം പേരിലും പ്രാരംഭദശയില്‍ തന്നെ രോഗത്തിന്റെ സൂചനകള്‍ കാണാം. മാസമു അല്ലാത്ത ഏതു രക്തസ്രാവവും അസാധാരണമാണ്.

കാന്‍സര്‍ പ്രതിരോധം

കാന്‍സര്‍ പ്രതിരോധത്തിനു പ്രധാനമായി രണ്ടു മാര്‍ഗങ്ങളാണുള്ളത്.

1. പ്രാഥമിക നിവാരണം : കാന്‍സര്‍ ഉണ്ടാകാനുള്ള കാരണം ഉന്മൂലനം ചെയ്യുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് രോഗപ്രതിരോധ വാക്‌സിന്‍ എടുക്കുന്നത് ഫലപ്രദമാണ്. ഏതുപ്രായത്തിലൂള്ള സ്ത്രീകള്‍ക്കും ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയുടെ സാധ്യതയുണ്ട്. അതുകൊണ്ട് വാക്‌സിനേഷന്‍ എടുക്കുന്നതു പിന്നീടുള്ള അണുബാധയെ തടയാന്‍ സഹായിക്കുന്നു. ഗര്‍ഭകാലത്ത് വാക്‌സിന്‍ എടുക്കുന്നതു നിര്‍ദേശിക്കുന്നില്ല

ഗര്‍ഭാശയഗള കാന്‍സറിനെതിരേ വാക്‌സിന്‍

ലൈംഗികബന്ധം തുടങ്ങും മുന്‍പേ തന്നെ വാക്‌സിന്‍ എടുക്കുന്നതാണ് ഫലപ്രദം. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് പത്തുവയസിനുശേഷം ഈ കുത്തിവയ്പ് എടുക്കാം. 45 വയസുവരെ ഫലപ്രദമാണ്. ഗര്‍ഭിണികളില്‍ ഈ കുത്തിവയ്പ് എടുക്കാന്‍ പാടില്ല. രണ്ടു ഡോസ് വാക്‌സിന്‍ ആണ് ഉപയോഗിക്കുന്നത്. 0–1, 6 മാസം ആണ്. രണ്ടാമത്തെ ഇന്‍ജക്ഷന്‍ രണ്ടര മാസം വരെയാകുന്നതു കൊണ്ടു കുഴപ്പമില്ല.

2. രണ്ടാംഘട്ട നിവാരണം : പ്രാരംഭദശയിലോ അല്ലെങ്കില്‍ കാന്‍സറാകുന്നതിനു മുന്‍പുതന്നെയോ കണ്ടുപിടിച്ചു ചികിത്സിച്ച് ഭേദമാക്കുക.

ഗര്‍ഭാശയഗള കാന്‍സര്‍ : മുന്‍കൂര്‍ പരിശോധന

1. പാപ്‌സ്മിയര്‍ ടെസ്റ്റ്
2. കോള്‍പോസ്‌കോപ്പി
3. എച്ച്പിവി ഡി.എന്‍.എ ടെസ്റ്റ്
രോഗ നിര്‍ണയം ബയോപ്‌സി പരിശോധന

പ്രധാന ചികിത്സാരീതികള്‍

ഗര്‍ഭാശയഗള കാന്‍സര്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ശസ്ത്രക്രിയയും റേഡിയേഷനുമാണ്. ഗര്‍ഭപാത്രവും യോനിയുടെ മുകള്‍ ഭാഗവും നീക്കം ചെയ്യുന്ന റാഡിക്കല്‍ ഹിസ്റ്ററക്ടമി, സാധാരണ ഗര്‍ഭപാത്ര ശാസ്ത്രക്രിയകളേക്കാള്‍ ഏറെ സങ്കീര്‍ണമാണ്. ഗര്‍ഭപാത്രത്തിന്റെ ഇരുവശങ്ങളിലുമുള്ള കുഴലുകളും നീക്കം ചെയ്യും. അതോടെ കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുന്നു.
ശസ്ത്രക്രിയയ്ക്ക് മുന്‍പു ശസ്ത്രക്രിയ ചെയ്യാന്‍ പറ്റുമോ എന്നറിയാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത് എം.ആര്‍.ഐ സ്കാനാണ്.

കാന്‍സര്‍ ഏതു ഘട്ടത്തിലെത്തി എന്നു കണ്ടുപിടിക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ട്. നെഞ്ചിന്റെ എക്‌സറേ, വയറിന്റെ അള്‍ട്രാ സൗണ്ട് സ്കാന്‍, മൂത്രാശയത്തിന്റെ പരിശോധന എന്നിവയിലൂടെ ഇത് സാധ്യമാകും. ചില രോഗികള്‍ക്ക് റേഡിയേഷന്‍ മാത്രം മതിയാകും.

ഗര്‍ഭാശയഗള കാന്‍സര്‍ പ്രധാനമായും നാലു ഘട്ടങ്ങളിലായിട്ടാണു കാണുന്നത്. ഒന്നാം ഘട്ടത്തില്‍ ഇതു ഗര്‍ഭാശയ ഗളത്തില്‍ മാത്രമായിരിക്കും. അപ്പോള്‍ ശസ്ത്രക്രിയയും റേഡിയേഷനും ഒരേ ഫലം തരും. ചെറുപ്പക്കാര്‍ക്ക് ശസ്ത്രക്രിയയാണ് ഏറെ ഗുണം ചെയ്യുന്നത്.

രണ്ടാംഘട്ടത്തില്‍ കാന്‍സര്‍ ഗര്‍ഭാശയഗളത്തിന്റെ വശങ്ങളിലേക്കു വ്യാപിക്കും. ഈ അവസ്ഥയില്‍ റേഡിയേഷനും ആഴ്ചതോറുമുള്ള കീമോതെറാപ്പിയും വേണ്ടിവരും.

ഒന്നാംഘട്ടത്തിലെ കാന്‍സര്‍ ചികിത്സ ഏറെ ഫലപ്രദമാണ്. 90–95 ശമതാനം പേര്‍ക്കും രോഗം പൂര്‍ണമായി ഭേദപ്പെടാറുണ്ട്. 92 ശതമാനം പേര്‍ക്കും അഞ്ചുവര്‍ഷത്തേക്കുള്ള ആയുര്‍ദൈര്‍ഘ്യം ലഭ്യമാകുന്നു എന്നാണു കണക്ക്.

കാന്‍സറിന്റെ വലിപ്പം കുറവാണെങ്കില്‍ ഗര്‍ഭാശയഗളത്തെ ബാധിച്ച ഭാഗം മുറിച്ചുമാറ്റി ശസ്ത്രക്രിയ ചെയ്യാം. കുട്ടികള്‍ ഇല്ലാത്ത സ്ത്രീകളിലും ഇത്തരത്തില്‍ ഗര്‍ഭാശയഗളത്തിലെ ആ ഭാഗം മാറ്റി ശസ്ത്രക്രിയ നടത്താവുന്നതാണ്.

ഡോ. കെ. ചിത്രതാര
സീനിയര്‍ കണ്‍സള്‍ട്ടന്റ്
സര്‍ജിക്കല്‍ ആന്‍ഡ് ഗൈനക് ഓങ്കോളജി ലേക്ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം

തയാറാക്കിയത്– സീമ മോഹന്‍ലാല്‍

Related posts