ബാലാമണിയമ്മ മുതല്‍ സ്‌നേഹ വരെ! തോമസ് ഐസക്കിന്റെ ബജറ്റില്‍ ഇത്തവണ പെണ്ണെഴുത്തിന്റെ ആധിപത്യം; കൂട്ടത്തില്‍ തിളങ്ങിയത് പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്‌നേഹയും അവളുടെ കവിതയും

കടിച്ചാല്‍പൊട്ടാത്ത കോടിക്കണക്കുകളും സാമ്പത്തികശാസ്ത്രത്തിലെ കഠിനപദങ്ങളും കൊണ്ടുള്ള കളിയാട്ടമാണ് ബജറ്റ്. ഈയവസരത്തില്‍ വിരസതയെന്ന കള്ളന്‍ കേള്‍വിക്കാരുടെ ശ്രദ്ധയെ ബജറ്റവതാരകനില്‍ നിന്ന് കട്ടുകൊണ്ടുപോയാല്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ. എന്നാല്‍ താന്‍ ബജറ്റവതരിപ്പിക്കുമ്പോള്‍ ആ കള്ളന്റെ ശല്യം ഉണ്ടാവാതിരിക്കാന്‍ ധനമന്ത്രി ടി എം തോമസ് ഐസക്ക് നിയമിച്ച കാവല്‍ക്കാരനാണ് സാഹിത്യ ഉദ്ധരണികളും പഴഞ്ചൊല്ലുകളും. ധനമന്ത്രിയുടെ ഈ സാഹിത്യപ്രേമം കണ്ട് കവി ഒഎന്‍വി കുറുപ്പ് ഒരു തവണ ബജറ്റില്‍ ചേര്‍ക്കാന്‍ പ്രത്യേകമായി അദ്ദേഹത്തിന് കവിത എഴുതി നല്‍കുക പോലുമുണ്ടായി.

ബഷീര്‍ മുതല്‍ എംടിവരെയുള്ളവരുടെ സാഹിത്യ കൃതികള്‍ വിവിധ വര്‍ഷങ്ങളിലെ ബജറ്റവതരണവേളകളില്‍ തോമസ് ഐസക് കടമെടുത്തിട്ടുണ്ട്. പാത്തുമ്മയുടെ ആടും തകഴിയുടെ കയറുമെല്ലാം അതില്‍പ്പെടും. 2010ല്‍ വൈലോപ്പള്ളി കവിതയും, 2011ല്‍ ഒഎന്‍വി ബജറ്റിനായി എഴുതിയ കവിതയും ഇടംപിടിച്ചു. 2016ല്‍ ഒഎന്‍വിയുടെ തന്നെ ദിനാന്ത്യത്തിന്റെ അവസാനവരികളും, 2017ല്‍ എംടിയുടെ പ്രസംഗ ശകലങ്ങളുമായിരുന്നു ധനമന്ത്രിയുടെ ബജറ്റിനെ സാഹിത്യത്തിന്റെ നിഴലില്‍ സംരക്ഷിച്ച് നിര്‍ത്തിയത്.

ഇത്തവണത്തെ ബജറ്റവതരണത്തിലും സാഹിത്യ രചനകളെ കൂടെകൂട്ടാന്‍ ധനമന്ത്രി മറന്നില്ല. ബജറ്റവതരണത്തില്‍ വ്യത്യസ്തകളെ കൂട്ടുപിടിക്കുന്ന മന്ത്രി ഇത്തവണ എത്തിയത് സ്ത്രീസാഹിത്യത്തിന് പ്രധാന്യം നല്‍കികൊണ്ടാണ്. ബജറ്റവതരണത്തിനുശേഷം തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹമത് വ്യക്തമാക്കുകയും ചെയ്തു. വിവിധ മേഖലകളിലെ സ്ത്രീസംരക്ഷണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു എന്ന പരാതി ഉയരുമ്പോള്‍, ഇക്കൂട്ടരെ തങ്ങള്‍ മറന്നിട്ടില്ല എന്നോര്‍മ്മപ്പെടുത്തുന്നതായിരുന്നു സ്ത്രീസാഹിത്യത്തെ കടമെടുത്തുകൊണ്ടുള്ള ധനമന്ത്രിയുടെ ബജറ്റവതരണം.

ഓഖി ദുരന്തത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലം വിവരിക്കാനാണ് തോമസ് ഐസക് ആദ്യം സാഹിത്യകൃതികളെ കൂട്ടുപിടിച്ചത്. സുഗതകുമാരിയുടെ കവിതയും സാറാ ജോസഫിന്റെ നോവലുമായിരുന്നു ആദ്യം പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ‘കടലും കാറ്റും തീരത്തിന് ഉയിര്‍നല്‍കുന്നവരാണെന്ന് സുഗതകുമാരി ടീച്ചര്‍ പാടി. പക്ഷേ ആലോചനരഹിതമായ മനുഷ്യ ഇടപെടലുകള്‍ പ്രകൃതിയെ മഹാമൃത്യുരക്ഷസ്സായി മാറ്റിയിരിക്കുകയാണ്. കെടുതി വിതച്ച് അലറുകയാണ് കാറ്റും കടലും. പക്ഷെ തീരം തളരില്ല. പ്രിയങ്കരിയായ കവി പാടിയതുപോലെ ‘കടലമ്മ തന്‍ മാറില്‍ കളിച്ച് വളര്‍ന്നവര്‍ കരുത്ത,് ഉയര്‍ത്തെഴുന്നേല്‍ക്കുന്നു വീണ്ടും ഞങ്ങള്‍’.. എനിക്കുറപ്പുണ്ട്. നമ്മുടെ തീരം കെടുതികളെ അതിജീവിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കും’. ഇങ്ങനെയാണ് 2018ലെ ബജറ്റവതരണം തോമസ് ഐസക് തുടങ്ങിയത്.

വീട്ടമ്മമാരായ സ്ത്രീകളുടെ അവസ്ഥ എടുത്തുകാട്ടവെ, പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ എന്‍ പി സ്‌നേഹ എന്ന വിദ്യാര്‍ഥിനി രചിച്ച കവിതയും തോമസ് ഐസക് എടുത്തു പറഞ്ഞു. അടുക്കള എന്ന വിഷയത്തെ ആസ്പദമാക്കി സ്‌നേഹ എഴുതിയ പന്ത്രണ്ട് വരി കവിതയാണ് തോമസ് ഐസക് ചൊല്ലിയത്. ‘കെമിസ്ട്രി സാറാണ് പറഞ്ഞത്, അടുക്കള ഒരു ലാബാണ്, പരീക്ഷിച്ച്, നിരീക്ഷിച്ച് നിന്നപ്പോഴാണ് കണ്ടത്, വെളുപ്പിനുണര്‍ന്ന്, പുകഞ്ഞ് പുകഞ്ഞ്, തനിയെ സ്റ്റാര്‍ട്ടാകുന്ന കരിപുരണ്ട കേടുപുരണ്ട ഒരു മെഷീന്‍, അവിടെ എന്നും സോഡിയം ക്ലോറൈഡ് ലായനി ഉത്പാദിപ്പിക്കുന്നുവെന്ന്’. കവിതയില്‍ പറയുന്നതുപോലുള്ള അദ്ധ്വാനത്തിന്റെ അന്തസ് സ്ത്രീക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് വിവിധ വിഷയങ്ങളെ സംബന്ധിച്ച് സംസാരിച്ചപ്പോള്‍ പലപ്പോഴായി ലളിതാംബിക അന്തര്‍ജനം, ബി എം സുഹറ, വിജയലക്ഷ്മി, സാവിത്രി രാജീവ്, സി. മേരി ബനീഞ്ഞ, ജയശ്രീ മിശ്ര, രാജലക്ഷ്മി തുടങ്ങിയവരുടെ കവിതാശകലങ്ങളെയും കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവലിലെ വരികളെയും സാറാ തോമസിന്റെ വലക്കാര്‍ എന്ന നോവലിലെ കഥാപാത്രത്തിന്റെ വാക്കുകളെയും ധനമന്ത്രി ഉപയോഗിച്ചു. ഇതിന് പുറമേ ഭക്ഷ്യസുരക്ഷയെക്കുറിച്ച് സംസാരിച്ചപ്പോള്‍ പി വത്സലയുടെ നെല്ല് എന്ന നോവലിലെ വരികള്‍ വായിച്ച മന്ത്രി ഹരിത പദ്ധതികളെക്കുറിച്ച് പറഞ്ഞപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തക സുനിത നരേയ്‌നെക്കുറിച്ചും ആരോഗ്യമേഖലയിലെ പദ്ധതികള്‍ അവതരിപ്പിച്ചപ്പോള്‍ ഡോ മേരി പുന്നന്‍ ലൂക്കോസിനെക്കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി.

സ്റ്റാര്‍ട്ടപ്പ് പദ്ധതികളുടെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കാന്‍ സംവിധായിക വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ എന്ന സിനിമയെയാണ് അദ്ദേഹം കൂട്ടുപിടിച്ചത്. മുന്‍ നേതാവ് എ കെ ഗോപാലന്റെ ഭാര്യ സുശീല ഗോപാലന്‍ അദ്ദേഹത്തെക്കുറിച്ച് കുറിച്ച വരികള്‍ എടുത്തു പറഞ്ഞുകൊണ്ട് ഇരുവരുടെയും ബന്ധത്തെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് എംഎല്‍എ തൊടുത്തുവിട്ട വിവാദത്തിന് മറുപടി നല്‍കാനും ബജറ്റവതരണവേദി ഐസക്ക് ഉപയോഗിച്ചു.

2018 -19 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരണം ധനമന്ത്രി ടി എം ഐസക് അവസാനിപ്പിച്ചതാവട്ടെ, മലയാളത്തിന്റെ പ്രിയ കവിയത്രി ബാലാമണിയമ്മയുടെ നവകേരളം എന്ന കവിതയിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ടും. കേരളജനതയുടെ, വളരെ പ്രത്യേകിച്ച് ഇവിടുത്തെ സ്ത്രീകളുടെ, മുഴുവന്‍ പ്രതീക്ഷയും ആ വരികളിലുണ്ടായിരുന്നുതാനും..
‘ വന്നുദിക്കുന്നു, ഭാവനയിങ്കലിന്നൊരു നവലോകം
വിസ്ഫുരിക്കുന്നു ഭാവനയിലാ വിജ്ഞാനമാംവിധം കേരളം…’.

Related posts