ജോലിഭാരം കാരണം സ്വന്തം കുഞ്ഞിനെപ്പോലും കൊഞ്ചിക്കാൻ സാധിക്കാറില്ല പലർക്കും. പ്രത്യേകിച്ച് കോർപ്പറേറ്റ് ജോലിക്കാർക്ക് ഒന്നിനും സമയം കിട്ടാറില്ല. കുഞ്ഞിനെ താലോലിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞ് കോർപ്പറേറ്റ് ജീവനക്കാരനായ പിതാവ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രാവിലെ 11 മുതൽ രാത്രി 11 വരെ നീളുന്ന ജോലിക്കിടയിൽ ഒരു വയസുകാരനായ മകന്റെ വളർച്ച ആസ്വദിക്കാൻ പോലും സാധിക്കുന്നില്ലെന്ന് പറഞ്ഞാണ് യുവാവ് പോസ്റ്റ് പങ്കുവച്ചത്. ഓഫീസിൽ നിന്ന് വന്ന് വീട്ടിൽ എത്തിയാലും ജോലി സംബന്ധമായ തിരക്കുകൾ അവസാനിക്കുന്നില്ല. ഒരുപാട് കോളുകൾ വന്നുകൊണ്ടേയിരിക്കുന്നതിനാൽ മകൻ അടുത്ത് വരുന്പോൾ അവനെ മര്യാദയ്ക്ക് ഒന്നു നോക്കാൻ പോലും പറ്റുന്നില്ലെന്നും യുവാവ് പറഞ്ഞു.
‘ഞാൻ വീട്ടിലെത്തുമ്പോൾ മകൻ ഓടി എന്റെ അടുത്തേക്ക് വരും. ഞാനവനെ എടുക്കാനും അവന്റെ കൂടെ കളിക്കാനും അവൻ ആഗ്രഹിക്കുന്നു. എന്നാൽ മീറ്റിംഗുകൾക്കിടയിൽ എനിക്ക് അവനെ അവഗണിക്കേണ്ടി വരുന്നു. ആ സമയത്ത് അവന്റെ മുഖത്തുണ്ടാകുന്ന ഭാവം എന്റെ ഹൃദയം തകർക്കുകയാണ്’ എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്. മകനെ നോക്കാൻ ജോലി വരം ഉപേക്ഷിക്കാൻ ഇപ്പോൾ തോന്നുന്നു എന്നും ഇയാൾ പറഞ്ഞു.
പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. എല്ലാം അവനെ വളർത്തുന്നതിനു വേണ്ടിയാണെന്ന് കരുതിയാൽ മതിയെന്നാണ് ചിലർ കമന്റ് ചെയ്തത്. നിങ്ങളുടെ ഭാര്യയ്ക്കാണ് ക്രെഡിറ്റ് കൊടുക്കേണ്ടതെന്ന് പറഞ്ഞവരും കുറവല്ല.
