മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ ഗോത്രവാസികളുടെ ജീവിതപാതയായ ഇരുട്ടളക്കുടി, ഈച്ചാംപെട്ടി, പുതുക്കുടി, വെള്ളക്കല്ല്, മുളകാംപെട്ടി, കമ്മാളംകുടി ഉന്നതികളിലേക്കുള്ള റോഡിൽ മൂന്നിടത്തായി തോടുകൾക്കു കുറുകെ രണ്ട് പാലങ്ങളും ഒരു ചപ്പാത്തും നിർമിക്കാൻ 2023ൽ രണ്ടുകോടി രൂപ അനുവദിച്ചിട്ടും, രണ്ടര വർഷം പിന്നിട്ടിട്ടും നിർമാണം ഒരു ചുവടുപോലും മുന്നോട്ട് പോയിട്ടില്ല.
അംബേദ്ക്കർ വികസന പദ്ധതിയുടെ ഭാഗമായി ഇരുട്ടളക്കുടി, ഈച്ചാംപെട്ടി, കമ്മാളംകുടി പദ്ധതികളിലായി ഓരോ കോടി രൂപ വീതം അനുവദിച്ചിരുന്നു. 2023 ഡിസംബർ 3ന് എ. രാജ എംഎൽഎ ഈ പാലങ്ങളുടെയും അനുബന്ധ റോഡുകളുടെയും നിർമാണ ഉദ്ഘാടനം നടത്തിയിരുന്നു. എന്നാൽ ഉദ്ഘാടനത്തിനു ശേഷം പുരോഗതി ഒന്നുമില്ല.
പുറവയലിൽനിന്ന് 2.4 കിലോമീറ്റർ ദൂരത്തിലുള്ള റോഡിന്റെ ഒരു കിലോമീറ്റർ മാത്രമാണ് കോൺക്രീറ്റ് ചെയ്തത്. 950 മീറ്റർ റോഡ് നിർമാണമുള്ള കമ്മാളംകുടി ഭാഗത്ത് പകുതി മാത്രമാണ് പൂർത്തിയായത്. ബാക്കി റോഡ് നിർമാണവും പാലങ്ങളുടെ നിർമാണവും ആരംഭിക്കാതെ കരാറുകാരൻ പിൻവാങ്ങിയതായി അറിയുന്നു . പണി തുടങ്ങുമെന്ന പ്രതീക്ഷയിൽ ഒരു തോടിനു കുറുകെയുള്ള പഴയ പാലംപോലും പൊളിച്ചുമാറ്റിയിരുന്നു. ഇപ്പോൾ അവിടെ വാഹനങ്ങൾക്കു കടന്നുപോകാൻ വഴിയില്ല.
നിലവിൽ നടപ്പാലങ്ങൾ മാത്രമുള്ള ഈ മേഖലയിലൂടെ വിദ്യാവാഹിനി പദ്ധതി പ്രകാരം സ്കൂൾ കുട്ടികളുമായി ജീപ്പുകൾ സഞ്ചരിക്കുന്നു. മഴക്കാലം അടുത്തിരിക്കെ തോടുകളിലെ നീരൊഴുക്ക് വർധിച്ചാൽ അപകട സാധ്യത ഏറെയാണ്.മറ്റൊരു ബദൽപാതയില്ലാത്തതിനാൽ ഗോത്ര സമൂഹത്തിന്റെ ദൈനംദിന ജീവിതം ഏറെ ദുരിതപൂർണമാണ്.
എത്രയും പെട്ടെന്ന് പുതിയ കരാറുകാരനെ നിയമിച്ച് നിർമാണം പൂർത്തിയാക്കണമെന്നും പണം അനുവദിച്ചിട്ടും കരാറുകാരന്റെ പിൻവലിയലും തുടർന്നുള്ള അനാസ്ഥയും സർക്കാർ യന്ത്രത്തിന്റെ ഗൗരവമേറിയ വീഴ്ചയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.ജില്ലാ ഭരണകൂടവും പൊതുമരാമത്ത് വകുപ്പും ട്രൈബൽ വികസന വകുപ്പും ഈ വിഷയത്തിൽ ഉടൻ ഇടപെടണമെന്നാണ് ഗോത്ര സമൂഹത്തിന്റെ ആവശ്യം. മഴയ്ക്കുമുമ്പ് പാലങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ ഗോത്രവാസികളുടെ ജീവനെയും വിദ്യാഭ്യാസത്തെയും ഗുരുതരമായി ബാധിക്കുമെന്ന് അവർ പറയുന്നു.
