ഇന്‍സ്റ്റഗ്രാം കാമുകിയെ തേടി ലോക്ക്ഡൗണ്‍ കാലത്ത് തിരുവനന്തപുരത്തു നിന്നും തിരിച്ച മൂവര്‍ സംഘം എത്തിച്ചേര്‍ന്നത് വടകരയില്‍; കാമുകി കൃത്യനിഷ്ഠ പാലിക്കാതിരുന്നപ്പോള്‍ കാമുകനും കൂട്ടുകാരും ഇവര്‍ വന്ന ആംബുലന്‍സും പെട്ടു…

സിനിമക്കഥകളെ വെല്ലുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം വടകരയില്‍ നടന്നത്. ഈ ലോക്ക്ഡൗണ്‍ കാലത്ത് പ്രേമിക്കുന്ന രണ്ടു മനസ്സുകള്‍ക്ക് ഒന്നിക്കണമെങ്കില്‍ എന്തെല്ലാം സാഹസങ്ങള്‍ സഹിക്കണം.

മിഥുനം സിനിമയില്‍ കാമുകിയെ പായയില്‍ ചുരുട്ടിക്കടത്തിക്കൊണ്ടു പോകുന്ന നായകനെ മറക്കാന്‍ മലയാളികള്‍ക്കാവുമോ.

ഇത്തരത്തില്‍ കാമുകിയെ കടത്തിക്കൊണ്ടു പോകാന്‍ പലവിധ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങിയാല്‍ പോലീസ് പൊക്കുമെന്ന സ്ഥിതിയാണുള്ളത്.

എന്നാല്‍ വടകരയിലുള്ള കാമുകിയെ സ്വന്തമാക്കുന്നതിന് തിരുവനന്തപുരത്തുള്ള കാമുകന്‍ ആലോചിച്ചിട്ട് ഒരേയൊരു വഴിയേ തെളിഞ്ഞുള്ളൂ. അതായിരുന്നു ആംബുലന്‍സ്

ഒടുവില്‍ കാമുകിയെ കടത്തിക്കൊണ്ടു പോകാന്‍ തിരുവനന്തപുരത്തു നിന്ന് ആംബുലന്‍സുമായി എത്തിയ കാമുകനും സോഷ്യല്‍ മീഡിയ പ്രണയ സാക്ഷാത്ക്കാരത്തിന് സാക്ഷ്യം വഹിക്കാനെത്തിയ സുഹൃത്തുക്കളും പൊലീസ് പിടിയിലാവുകയും ചെയ്തു.

തിരുവനന്തപുരം മണ്‍വിള കിഴിവിലം ഉണ്ണി കോട്ടേജില്‍ ശിവജിത്ത് (22), അരമട സജിത്ത് നിവാസില്‍ സബീഷ് (48), ചെറിയതുറ ഫിഷര്‍മെന്‍ കോളനിയില്‍ ഉണ്ണി അല്‍ഫോന്‍സ് (29) എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് വടകരയില്‍ നിന്നുള്ള രോഗിയെ കൊണ്ടുപോകാനെന്ന പേരിലാണ് സംഘം ചെറിയ ആംബുലന്‍സില്‍ വടകരയിലെത്തിയത്.

ഇന്‍സ്റ്റഗ്രാം വഴിയാണ് ശിവജിത്തും പെണ്‍കുട്ടിയും പരിചയപ്പെട്ടത്. പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എത്തിയതെന്ന് ശിവജിത്ത് പൊലീസിനോട് പറഞ്ഞു.

പുലര്‍ച്ചെ വടകരയിലെത്തിയ സംഘം മാങ്ങാട്ടുപാറ കുട്ടൂലി പാലം കനാലില്‍ ആംബുലന്‍സ് കഴുകുന്നത് കണ്ട് നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചിരുന്നു.

പോലീസ് കൂട്ടിക്കൊണ്ടു പോയെങ്കിലും രോഗിയുടെ നമ്പറില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ വിട്ടയച്ചു.

കുരിയാടിയില്‍ ആംബുലന്‍സ് കറങ്ങുന്നതു കൊണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴും കൃത്യമായ മറുപടി പറഞ്ഞില്ല.

പിന്നീട് ഇതുവഴിയെത്തിയ റവന്യു സംഘമാണ് വീണ്ടും പൊലീസിനെ വിളിച്ചത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തു വന്നത്.

ലോക്ഡൗണ്‍ ലംഘിച്ചതിനും ആംബുലന്‍സ് ദുരുപയോഗം ചെയ്തതിനുമാണ് അറസ്റ്റ്. ആംബുലന്‍സിന്റെ പെര്‍മിറ്റ് റദ്ദാക്കും.

എന്തായാലും കാമുകിയെ സ്വന്തമാക്കാന്‍ ഇത്രയധികം സാഹസം സഹിച്ച അധികം ആളുകള്‍ കേരളത്തിലുണ്ടാവില്ലെന്നുറപ്പാണ്.

Related posts

Leave a Comment