വിപണി വിശേഷം / കെ.ബി. ഉദയഭാനു
കൊച്ചി: നാഫെഡ് റെഡി; സംസ്ഥാന സര്‍ക്കാര്‍ ഇനി ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ നാളികേര കര്‍ഷകര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനാവും. റബര്‍ അവധിനിരക്കുകള്‍ ഉയര്‍ന്നത് ഷീറ്റുവില ഉയര്‍ത്തി, ലാറ്റക്‌സിനു നേട്ടമില്ല. ഈസ്റ്റര്‍ ആഘോഷങ്ങള്‍ കഴിയുന്നതോടെ കുരുമുളകിനു വിദേശ ഓര്‍ഡര്‍ പ്രതീക്ഷിക്കുന്നു. ചുക്ക് വില താഴ്ന്നു. പുതിയ ജാതിക്കാവരവു ശക്തം. സ്വര്‍ണവില കുറഞ്ഞു.
നാളികേരം
ദക്ഷിണേന്ത്യയില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും കൊപ്രാ സംഭരണത്തിനു കേന്ദ്ര ഏജന്‍സി തയാറായി. നാളികേര കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വിലത്തകര്‍ച്ചയ്ക്കു തടയിടാന്‍ കേന്ദ്രം നേരത്തേതന്നെ കൊപ്രയുടെ താങ്ങുവില ഉയര്‍ത്തി നിശ്ചയിച്ചു. മുഖ്യ വിപണികളില്‍ ലഭ്യത ഉയര്‍ന്നതോടെ പച്ചത്തേങ്ങയും കൊപ്ര വിലത്തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്.
സംഭരണം തുടങ്ങാനായാല്‍ വിപണിവില ഉയരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. നോഡല്‍ ഏന്‍സിയായി നാഫെഡും എന്‍സിസിഎഫും സജ്ജമായി. ഇനി സംസ്ഥാന സര്‍ക്കാരാണ് ഏത് ഏജന്‍സി സംഭരണരംഗത്ത് ഇറങ്ങണമെന്ന കാര്യത്തില്‍ തീരുമാനം പുറത്തുവിടേണ്ടത്. കേരളത്തിലെ സംഭരണ ഏജന്‍സിയെ ഇനിയും തിരുമാനിച്ചിട്ടില്ല. പ്രഖ്യാപനം വൈകിയാല്‍ കര്‍ഷകര്‍ കുറഞ്ഞ വിലയ്ക്ക് ഉത്പന്നം കൈമാറേണ്ടിവരും. താങ്ങുവിലയായ 5,950 രൂപയില്‍നിന്ന് കാങ്കയത്ത് 4,950 വരെ ഇടിഞ്ഞു. കേരളം, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് സമൂഹങ്ങളിലാണ് താങ്ങുവില നല്‍കി കര്‍ഷകരില്‍നിന്ന് കൊപ്ര സംഭരിക്കുക.
പ്രദേശിക ഡിമാന്‍ഡ് മങ്ങിയതിനാല്‍ കൊച്ചിയില്‍ വെളിച്ചെണ്ണ 7,600ലേക്ക് താഴ്ന്നു. കാങ്കയത്തെ മില്ലുകാര്‍ സ്റ്റോക്കുള്ള എണ്ണവില്പന നടത്തുന്നുണ്ട്. ഈസ്റ്റര്‍ അടുത്തതിനാല്‍ ഈ വാരം വെളിച്ചെണ്ണയ്ക്കു പ്രദേശിക ആവശ്യം ഉയരാം. ഉണര്‍വ് വിഷു വരെ തുടരാം.
റബര്‍
റബര്‍ അവധിനിരക്കുകള്‍ ഉയര്‍ന്നത് സ്റ്റോക്കിസ്റ്റുകള്‍ക്കു നേട്ടമായി. സംസ്ഥാനത്തെ പ്രമുഖ വിപണികളില്‍ ആര്‍എസ്എസ് നാലാം ഗ്രേഡ് ഷീറ്റ് 10,500ല്‍നിന്ന് 11,200 രൂപയായി. അഞ്ചാം ഗ്രേഡ് 10,900 രൂപയിലാണ്. അതേസമയം രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടിട്ടും ലാറ്റക്‌സിന് 7,500 രൂപയില്‍നിന്ന് 7,600 വരെ കയറാന്‍ മാത്രമേ അവസരം ലഭിച്ചുള്ളൂ.
എല്‍-ലിനോ പ്രതിഭാസം മൂലം വരള്‍ച്ച രൂക്ഷമാകുമെന്ന് വിയറ്റ്‌നാം വ്യക്തമാക്കി. പുതിയ വെളിപ്പെടുത്തല്‍ കണക്കിലടുത്താല്‍ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ റബര്‍ ഉത്പാദനം കുറയും. വരണ്ട കാലാവസ്ഥ മൂലം ഇന്തോനേഷ്യയിലും ഉത്പാദനം ചുരുങ്ങും. മാസാരംഭം മുതല്‍ തായ്‌ലന്‍ഡും ഇന്തോനേഷ്യയും മലേഷ്യയും റബര്‍ കയറ്റുമതി വെട്ടിക്കുറച്ചു. ആഗോളവിപണിയെ പുതിയ ദിശയിലേക്കു തിരിക്കാനാണ് മുഖ്യ ഉത്പാദക രാജ്യങ്ങള്‍ ശ്രമം നടത്തുന്നത്.
ഒപെക് ക്രൂഡ് ഓയില്‍ ഉത്പാദനം സംബന്ധിച്ച് പുതിയ പ്രഖ്യപനങ്ങള്‍ നടത്തിയാല്‍ ആഗോള റബര്‍ മാര്‍ക്കറ്റും ഉണരും. വിദേശ മാര്‍ക്കറ്റുകളില്‍ റബര്‍വില കയറിയാല്‍ അത് ഇന്ത്യന്‍ റബറിനും നേട്ടമാവും.
കുരുമുളക്
കുരുമുളകുവിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഉത്തരേന്ത്യന്‍ ആവശ്യക്കാരുണെ്ടങ്കിലും വിദേശരാജ്യങ്ങളില്‍നിന്ന് മുളകിന് ആവശ്യം കുറവാണ്. ഉത്തരേന്ത്യക്കാര്‍ കാര്‍ഷികമേഖലകള്‍ കേന്ദ്രീകരിച്ച് ചരക്കു സംഭരിച്ചത് വിലക്കയറ്റത്തിനു തടസമായി. കര്‍ണാടകത്തില്‍നിന്നുള്ള ചരക്കുനീക്കം ചുരുങ്ങിയത് സ്റ്റോക്കിസ്റ്റുകള്‍ക്കു പ്രതീക്ഷ പകര്‍ന്നു. വിദേശ ബയറര്‍മാര്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ കഴിയുന്നതോടെ ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം കയറ്റുമതിക്കാര്‍. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 65,200 രൂപയിലാണ്.
ചുക്ക്
ചുക്കിന് ആവശ്യം കുറഞ്ഞത് ഉത്പന്നവിലയെ ബാധിച്ചു. വിവിധയിനം ചുക്കിന് പോയ വാരം 500 രൂപ കുറഞ്ഞു. വിദേശത്തുനിന്നും ആഭ്യന്തര മാര്‍ക്കറ്റില്‍നിന്നും ചുക്കിന് ഡിമാന്‍ഡ് കുറഞ്ഞു. മീഡിയം ചുക്ക് 16,500 രൂപയിലും ബെസ്റ്റ് ചുക്ക് 18,000ലും വ്യാപാരം അവസാനിച്ചു.
ജാതിക്ക
മധ്യകേരളത്തിലെ പ്രമുഖ വിപണികളിലേക്കുള്ള ജാതിക്കവരവുയര്‍ന്നു. കറിമസാല വ്യവസായികളും ഔഷധനിര്‍മാതാക്കളും ഉത്പന്നം ശേഖരിക്കുന്നുണ്ട്. ജാതിക്ക തൊണ്ടന്‍ 180-210, തൊണ്ടില്ലാത്തത് 375-410, ജാതിപത്രി 580-925 രൂപ.
സ്വര്‍ണം
സ്വര്‍ണവില വീണ്ടും കുറഞ്ഞു. ആഭരണവിപണികളില്‍ പവന്‍ 21,280ല്‍നിന്ന് 21,200 രൂപയായി. ഈസ്റ്റര്‍ കഴിയുന്നതോടെ വിവാഹ സീസണിനു തുടക്കം കുറിക്കും. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1,260 ഡോളറില്‍നിന്ന് 1,255 ഡോളറായി.