ആദായനികുതി വകുപ്പില്‍നിന്നു നല്കുന്ന 10 ഡിജിറ്റുകളുള്ള ഒരു നമ്പറാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍. ലാമിനേറ്റ് ചെയ്യപ്പെട്ട ഒരു പ്ലാസ്റ്റിക് കാര്‍ഡിലാണ് ഇതു നല്‍കുന്നത്. ഇതില്‍ ആറ് ഇംഗ്ലീഷ് അക്ഷരങ്ങളും നാല് അക്കങ്ങളുമാണുള്ളത്. ആദ്യത്തെ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ അഅഅ മുതല്‍ ദദദ വരയുള്ള സീരീസിലുള്ളതാണ്. നാലാമത്തെ ഇംഗ്ലീഷ് അക്ഷരം പാന്‍ കാര്‍ഡ് അപേക്ഷകന്റെ സ്റ്റാറ്റസ് ആണ് സൂചിപ്പിക്കുന്നത്. അപേക്ഷകന് വ്യക്തിയാണെങ്കില്‍ “ജ എന്നും കമ്പനി ആണെങ്കില്‍ “ഇ” എന്നും ഹിന്ദു അവിഭക്തകുടുംബമാണെങ്കില് ‘ഒ’ എന്നും ഫേം ആണെങ്കില്‍ ‘എ എന്നും ഗവണ്മെന്റ് ഏജന്‍സി ആണെങ്കില്‍ ‘അഎന്നും ട്രസ്റ്റ് ആണെങ്കില്‍ ‘ഠ’ എന്നുമുള്ള രീതിയിലാണ് ഇത് നല്‍കുന്നത്. അഞ്ചാമത്തെ അക്ഷരം പാന്‍കാര്‍ഡ് അപേക്ഷകന് വ്യക്തിയാണെങ്കില്‍ സര്‍നെയിമിന്റെ ആദ്യ അക്ഷരവും അല്ലാത്തപക്ഷം അപേക്ഷകന്റെ പേരിന്റെ ആദ്യ അക്ഷരവുമാണ്. അടുത്ത നാലക്കങ്ങള്‍ 0001 മുതല്‍ 9999 വരെയുള്ള ഏതെങ്കിലും കോമ്പിനേഷനായിരിക്കും അവസാനത്തെ ഇംഗ്ലീഷ് അക്ഷരം ചെക്ക് ഡിജിറ്റ് ആണ്.
എന്തിനാണു പാന്‍
ഗവണ്മെന്റ് ഡിപ്പാര്‍ട്ടുമെന്റുമായി നികുതിദായകനുള്ള ഒരു ലിങ്കാണ് പാന്‍ നമ്പര്‍. നികുതി അടയ്ക്കുമ്പോഴും സ്രോതസില്‍ നികുതി പിടിക്കുമ്പോഴും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴും വിവിധങ്ങളായ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോഴും പാന്‍കാര്‍ഡ് അത്യന്താപേക്ഷിതമാണ്. നികുതി അടയ്ക്കുന്ന തുക നേരിട്ട് നികുതിദായകന്റെ അക്കൗണ്ടില്‍ ലഭിക്കുന്നതിനു പാന്‍നമ്പര്‍ കൂടിയേ തീരൂ.
ആദായനികുതി നിയമം അനുസരിച്ച് നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട എല്ലാവര്ക്കും പാന്‍നമ്പര്‍ ആവശ്യമാണ്. മൊത്തവരുമാനം നികുതിനിയമം അനുസരിച്ച് കിഴിവ് ലഭിക്കേണ്ട തുകയേക്കാള്‍ കൂടുതലാണെങ്കില്‍, റിട്ടേണുകള്‍ നിര്‍ബന്ധമായും ഫയല്‍ ചെയ്യേണ്ടതാണ്. ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ ആദായനികുതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണെ്ടങ്കിലും റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടതിനാല്‍ പാന്‍കാര്‍ഡ് ആവശ്യമാണ്. 5,00,000 രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള വ്യാപാരികളും കയറ്റുമതി/ ഇറക്കുമതി നടത്തുന്നവരും സ്രോതസില്‍നിന്നു നികുതി പിടിക്കപ്പെടേണ്ടവരും എക്സൈസ് നിയമത്തിന്റെ കീഴില്‍ രജിസ്ട്രേഷന് എടുക്കേണ്ടവരും സേവനനികുതി അടയ്ക്കേണ്ടവരും വിവിധങ്ങളായ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരും പാന്‍കാര്‍ഡ് നിര്‍ബന്ധമായും കരസ്ഥമാക്കിയിരിക്കണം. കൂടാതെ വരുമാനം കൂടുതല്‍ ഉണ്ടാകുമെന്ന് കരുതുന്നവര്‍ക്കും പാന്‍ കാര്‍ഡിന് അപേക്ഷിക്കാം.
പാന്‍ നമ്പര്‍ നിര്‍ബന്ധമായും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളില്‍ നല്കുന്ന ഡോക്യുമെന്റുകളില്‍ സൂചിപ്പിച്ചിട്ടുണേ്ടായെന്ന് പരിശോധിക്കേണ്ടത് അത് ലഭിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വമാണ്. ഉദാഹരണത്തിന് ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിനും 50,000 രൂപയ്ക്ക് മുകളില്‍ ബാങ്കില്‍ പണമടയ്ക്കുമ്പോഴും പാന്‍നമ്പര്‍ സൂചിപ്പിച്ചിട്ടുണേ്ടായെന്നുള്ളത് ബാങ്ക് അധികൃതരാണ് പരിശോധിക്കേണ്ടത്.
പാന്‍ നമ്പര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത് ഫോം നമ്പര്‍ 49എ/49എഎ ഇവയിലാണ്. എന്എസ്ഡിഎലിന്റെയോ യുടിഐയുടെയോ അംഗീകൃത ഏജന്‍സികളുടെ പക്കല്‍ ഇവ സമര്‍പ്പിച്ച് നിശ്ചിത ഫീസ് അടച്ച് ഇത് കരസ്ഥമാക്കാവുന്നതാണ്. അപേക്ഷകന് ഇന്ത്യന്‍ പൗരനാണോ ഇന്ത്യന്‍ കമ്പനിയോ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനമോ ആണെങ്കില്‍ ഫോം നമ്പര്‍ 49എ ആണ് ഉപയോഗിക്കേണ്ടത്.
ഇന്ത്യന്‍ പൗരന് അല്ലാത്തവര്‍ക്കും വിദേശ കമ്പനികള്‍ക്കും വിദേശത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്കും പാന്‍ കാര്‍ഡ് ലഭിക്കാന്‍ അപേക്ഷ നല്‍കുന്നത് ഫോം നമ്പര്‍ 49 എഎ യിലാണ്. അപേക്ഷയോടൊപ്പം പേരും വയസും അഡ്രസും ഫോട്ടോയും തെളിയിക്കുന്നതിനുള്ള രേഖകളും സ്റ്റാമ്പ്സൈസിലുള്ള രണ്ടു കളര്‍ ഫോട്ടോകളും (3.5സെ.മീ. x 2.5സെ.മീ.) നല്‍കേണ്ടതാണ്. അപേക്ഷകള്‍ പൂരിപ്പിക്കേണ്ടവിധം ഫോമില്‍ത്തന്നെ വിശദീകരിച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക് ഐഡന്റിറ്റിക്കായി ആധാര്‍ കാര്‍ഡോ വോട്ടേഴ്സ് കാര്‍ഡോ പാസ്പോര്‍ട്ടോ ഉപയോഗിക്കാവുന്നതാണ്.
വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ അല്ലാത്തവരും നല്കുന്ന അപേക്ഷകളോടൊപ്പം സ്ഥാപനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കേറ്റിന്റെ കോപ്പിയാണ് നല്‍കേണ്ടത്. ട്രസ്റ്റാണ് അപേക്ഷ നല്കുന്നതെങ്കില് ട്രസ്റ്റ് ഡീഡിന്റെ കോപ്പിയോ ചാരിറ്റി കമ്മീഷണറുടെ പക്കല്നിന്നുലഭിച്ച രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയോ നല്‍കാവുന്നതാണ്. ഇന്ത്യന്‍ പൗരന് അല്ലായെങ്കില്‍ പാന്‍കാര്‍ഡ് ലഭിക്കുന്നതിന് പാസ്പോര്‍ട്ട് കോപ്പിയോ പിഐഒ കാര്‍ഡിന്റെ കോപ്പിയോ ഒസിഐ കാര്‍ഡിന്റെ കോപ്പിയോ നല്‍കാവുന്നതാണ്.
വിവാഹിതരായ സ്ത്രീകളും അപേക്ഷയില്‍ ഭര്‍ത്താവിന്റെ പേരിനുപകരം പിതാവിന്റെ പേരാണ് ഉപയോഗിക്കേണ്ടത്. മൈനര്‍, ബുദ്ധിസ്ഥിരതയില്ലാത്തവര്‍ തുടങ്ങിയവര്‍ക്ക് പാന്‍കാര്‍ഡ് ലഭിക്കുന്നതിന് രക്ഷാകര്‍ത്താവാണ് അപേക്ഷസമര്‍പ്പിക്കേണ്ടത്. പ്രവാസികള്‍ക്ക് പാന്‍കാര്‍ഡ് ലഭിക്കുന്നതിന് അംഗീകൃത റെപ്രസെന്റേറ്റീവ് മുഖാന്തിരം അപേക്ഷസമര്‍പ്പിക്കാവുന്നതാണ്.
പാന്‍ നമ്പര്‍ ലഭിച്ചു എന്നുകരുതി ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല. ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടത് വരുമാനത്തെമാത്രം അടിസ്ഥാനപ്പെടുത്തിയാണ്. ഏതെങ്കിലും വിധത്തില്‍ പാന്‍കാര്‍ഡ് നഷ്ടപ്പെട്ടുപോയാല്‍ ഡ്യൂപ്ലിക്കേറ്റ് കോപ്പിക്ക് നിശ്ചിത ഫീസ് അടച്ച് അപേക്ഷസമര്‍പ്പിക്കാവുന്നതാണ്. നഷ്ടപ്പെട്ടതു സംബന്ധിച്ചു പോലീസില്‍ നല്കിയ എഫ്ഐആറിന്റെ കോപ്പി ചിലപ്പോള്‍ ആവശ്യമായി വരും. പാന്‍കാര്‍ഡ് നഷ്ടപ്പെട്ടതിനോടൊപ്പം പാന്‍നമ്പര്‍ ഓര്മയില്ലെങ്കില് ഇന്‍കം ടാക്സ് വെബ്സൈറ്റില്‍നിന്നും ഇത് ലഭ്യമാക്കാവുന്നതാണ്. ഇത് ലഭ്യമാക്കിയതിനുശേഷം പുതിയ പാന്‍കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. രണ്ട് പാന്‍നമ്പറുകള്‍ ഒരിക്കലും കരസ്ഥമാക്കരുത്. രണ്ട് പാന്‍കാര്‍ഡ് കരസ്ഥമാക്കിയിട്ടുണെ്ടങ്കില് ആദായനികുതി നിയമം വകുപ്പ് 272 ബി അനുസരിച്ച് 10,000 രൂപ പിഴ ചുമത്താവുന്നതാണ്. അബദ്ധത്തില്‍ അധികമായി ഒരു പാന്‍ ലഭിച്ചെങ്കില്‍ രണ്ടാമത് ലഭിച്ച പാന്‍ നമ്പര്‍ ആദായനികുതി വകുപ്പിന് മുമ്പാകെ സമര്‍പ്പിച്ച് ക്യാന്‍സല്‍ ചെയ്യേണ്ടതാണ്.
പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുള്ള ഇടപാടുകള്‍
1. ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങളുടെ ഇടപാടുകള്‍ക്ക് പാന്‍ ആവശ്യമാണ്.
2. ബേസിക് സേവിംഗ്സ് ബാങ്കും 50,000 രൂപയില്‍ താഴെയുള്ള ടൈം ഡെപ്പോസിറ്റുകളും ഒഴികെയുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും തുടങ്ങുന്നതിന് പാന്‍കാര്‍ഡ് ആവശ്യമാണ്.
3. ഒരു ദിവസത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ ബാങ്കില്‍ പണമായി അടയ്ക്കുന്നതിന് പാന്‍നമ്പര്‍ ആവശ്യമാണ്.
4. ഓഹരി ഇടപാടുകളുടെ ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന് പാന്‍ നമ്പര്‍ വേണം
5. 50,000 രൂപയ്ക്ക് മുകളില്‍ ഫോറിന് കറന്‍സി കാഷ് നല്കി വാങ്ങിയാല്‍ പാന്‍കാര്‍ഡ് ആവശ്യപ്പെടും.
6. 50,000 രൂപയ്ക്ക് മുകളില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍നിന്ന് യൂണിറ്റുകള്‍ വാങ്ങുന്നതിന് പാന്‍കാര്‍ഡ് ആവശ്യമാണ്.
7. 50,000 രൂപയ്ക്ക് മുകളില്‍ റിസര്‍വ് ബാങ്ക് ബോണ്ടുകള്‍ വാങ്ങുന്നതിന് പാന്‍നമ്പര്‍ വേണം. ബാങ്കില്‍നിന്ന് 50,000 രൂപയ്ക്ക് മുകളിലുള്ള ഡ്രാഫ്റ്റുകള്‍ എടുക്കുന്നതിനും മറ്റും പണം കാഷായിട്ടാണ് നല്കുന്നതെങ്കില് പാന്‍ നിര്‍ബന്ധമാണ്. കൂടാതെ 50,000 രൂപയ്ക്ക് മുകളിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്കും വിവിധങ്ങളായ അവസരങ്ങളില്‍ 50000 രൂപയില്‍ താഴെ ഡെപ്പോസിറ്റ് ചെയ്താലും ഒരു വര്‍ഷത്തില്‍ 5,00,000 രൂപ കഴിഞ്ഞാല്‍ പാന്‍ സമര്‍പ്പിക്കേണ്ടതാണ്.
8. റിസര്‍വ് ബാങ്ക് നിയമമനുസരിച്ച് ബാങ്കുകള്‍ ഇറക്കിയിട്ടുള്ള പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റ്സ് 50,000 രൂപയ്ക്ക് മുകളില്‍ വാങ്ങുന്നതിനും 50,000 രൂപയ്ക്ക് മുകളിലാണ് വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം എങ്കിലും പാന്‍ കാര്‍ഡ് ആവശ്യമാണ്.
9. സെക്യൂരിറ്റീസ് കോണ്‍ട്രാക്ട് ആക്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സെക്യൂരിറ്റികളുടെ ഇടപാടുകള്‍ 1,00,000 രൂപയ്ക്ക് മുകളില്‍ വരുകയാണെങ്കിലും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികള്‍ 1,00,000 രൂപയ്ക്ക് മുകളില്‍ വാങ്ങുകയാണെങ്കിലും പാന്‍ ആവശ്യമാണ്.
10. പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭൂമി ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്.
11. രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ ആവശ്യമാണ്. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഈ പരിധി അഞ്ചു ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്.