സഹോദരന്റെ ആ ഒരൊറ്റ സംശയം ബിനിയെ അഴിക്കുള്ളിലാക്കി, സുലിലിന് ക്വട്ടേഷന്‍ കൊടുത്ത ബിനിക്കും വേലക്കാരിക്കും പിഴച്ചത് രണ്ടു കാര്യങ്ങള്‍, ആ ചെറിയ തുമ്പില്‍ പിടിച്ച് പോലീസ് ബുദ്ധി

വയനാട്ടില്‍ ഭര്‍തൃമതിയായ കാമുകിയുടെ ക്വട്ടേഷനില്‍ ജീവന്‍ നഷ്ടപ്പെട്ട സുലിലിന്റെ കൊലയാളികളെ കുടുക്കിയത് സഹോദരന്റെ ചില സംശയങ്ങള്‍. പത്തുമാസം മുമ്പാണ് തിരുവനന്തപുരം സ്വദേശിയായ സുലിലിനെ കബനിപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ മുങ്ങിമരണമെന്ന് ഏവരും എഴുതിതള്ളിയ കേസില്‍ പിന്നീട് കാമുകിയായ ബിനി മധുവും വേലക്കാരിയും അറസ്റ്റിലാകുകകായിരുന്നു.

എസ്എല്‍എം ബസുടമ പരേതനായ സുരേന്ദ്രന്റെയും ലീലയുടെയും മകനായിരുന്നു സുലില്‍ മരിച്ചശേഷം സഹോദരനായ പ്രദീപ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് മനസിലായത്. അതിനു കാരണമായത് ഒരു ചെറിയ സംശയവും. കുട്ടിക്കാലത്തേ കുളത്തിലും വെള്ളക്കെട്ടിലും ഇറങ്ങാന്‍ ഭയമുണ്ടായിരുന്ന ആളായിരുന്നു സുലില്‍. ജന്മനാടായ അവനവഞ്ചേരിയിലെ ക്ഷേത്രക്കുളത്തില്‍ കൂട്ടുകാര്‍ക്കോ തനിക്കൊപ്പമോ ഒരിക്കല്‍പ്പോലും കുളിക്കാനോ കാല്‍നനയ്ക്കാനോ പോലും മുതിര്‍ന്നിട്ടില്ലാത്ത സുലില്‍ നദിയില്‍ കുളിക്കാനിറങ്ങി മുങ്ങിമരിക്കുകയെന്നത് അസ്വാഭാവികമാണെന്ന് ഉറപ്പിച്ച പ്രദീപ് , അതോടൊപ്പം പോലീസിന് നല്‍കിയ മറ്റ് സൂചനകളും കേസില്‍ നിര്‍ണായകമായി.

സുലിലിന്റെ മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് ചെരുപ്പുകള്‍ കിട്ടാത്തതും സംശയത്തിനിടയാക്കി. സുലിലിന്റെ ചെരുപ്പുകള്‍ മറ്റൊരു പറമ്പില്‍വച്ചാണ് പോലീസ് കണ്ടെടുക്കുന്നത്. ഇതോടെ സംഭവം കൊലപാതകമാണെന്ന് ഉറപ്പിച്ചു. മാത്രമല്ല, മരിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പ് സുലിലിന്റെ അക്കൗണ്ടില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ പിന്‍വലിച്ചതായി പ്രദീപ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പ്രദീപും സുലിലും പരസ്പരം നോമിനികളായി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരുന്ന ഡെപ്പോസിറ്റില്‍ നിന്നും പ്രദീപ് അറിയാതെ സുലില്‍ പലപ്പോഴായി ലക്ഷങ്ങള്‍ പിന്‍വലിച്ചിരുന്നു. സുലിലിന്റെ മരണശേഷമാണ് പ്രദീപ് ഇക്കാര്യം അറിയുന്നത്.

സുലിലിന്റെ മരണത്തിനുശേഷം ബിനിയുമായുള്ള അടുപ്പവും പുതിയ വീട് വയ്ക്കാന്‍ സുലിലുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും പ്രദീപിന്റെ സംശയങ്ങള്‍ ഇരട്ടിയാക്കി. സുലിലിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപ് സമര്‍പ്പിച്ച പരാതിയില്‍ മാനന്തവാടി പോലീസ് മാസങ്ങളായി മന്ദഗതിയില്‍ നടത്തിവന്ന അന്വേഷണം അടുത്തിടെ അന്വേഷണ ഉദ്യോഗസ്ഥന്‍ മാറിയതോടെയാണ് വേഗത്തിലായത്. ആക്ഷന്‍ കൗണ്‍സിലിന്റെ ഇടപെടീലുകളും ബിനിയുള്‍പ്പെടെയുള്ള കുറ്റവാളികളിലേക്ക് വേഗത്തിലെത്താന്‍ സഹായിച്ചു. എന്തായാലും സഹോദരന്റെ കൊലയാളികള്‍ അകത്തായതിന്റെ സന്തോഷത്തിലാണ് പ്രദീപും ബന്ധുക്കളും.

അയല്‍വാസികളെ സഹോദരനാണെന്ന് വിശ്വസിപ്പിച്ചാണ് സുലിലിനെ ബിനി കൂടെ താമസിപ്പിച്ചിരുന്നത്. ആഡംബര ജീവിതം നയിക്കുന്ന ബിനി കാറില്‍ കറങ്ങി നടക്കുന്നത് മാനന്തവാടിക്കാര്‍ക്ക് പതിവു കാഴ്ചയായിരുന്നു. എല്ലാ ദിവസങ്ങളിലും രാവിലെ മുതല്‍ ഹെല്‍ത്ത് ക്ലബ്ബിലെ പരിശീലനത്തിനും തുടര്‍ന്ന് ഉച്ചകഴിഞ്ഞ് യോഗ പരിശീലനത്തിനും ഇവര്‍ സമയം കണ്ടെത്തിയിരുന്നു. മിക്ക സമയവും ഭക്ഷണം ഹോട്ടലില്‍ നിന്നാണ്. വീട്ടില്‍ ഉള്ള സമയങ്ങളില്‍ ഭക്ഷണം മാനന്തവാടിയിലെ ഹോട്ടലില്‍നിന്ന് ഓട്ടോെ്രെഡവര്‍മാരെക്കൊണ്ട് വാങ്ങിക്കുകയാണ് പതിവ്. ഇതൊക്കെയാണ് കടബാധ്യതയുണ്ടാക്കിയത്. ഇതിനിടയില്‍ വിദേശത്ത് നിന്ന് നാട്ടില്‍ എത്തിയ ഭര്‍ത്താവിനെ ബിനി ഇറക്കിവിട്ടതായി അയല്‍വാസികള്‍ പറയുന്നു.

Related posts