Set us Home Page

കല്ല്യാണ പരസ്യം നല്‍കി യുവാക്കളെ ചതിയില്‍ വീഴ്ത്തും; മിന്നുകെട്ടിയാല്‍ ഭര്‍ത്താവിടുന്ന ആഭരണവുമായി മുങ്ങും; കല്ല്യാണ തട്ടിപ്പുകാരി അറസ്റ്റിലായത് പുതിയ വിവാഹം കഴിഞ്ഞയുടന്‍; ശാലിനി പോലീസ് പിടിയിലായതിങ്ങനെ

c2വിവാഹം കഴിച്ചശേഷം പണവും ആഭരണങ്ങളുമായി കടന്നുകളയുന്ന യുവതി ഒടുവില്‍ കുടുങ്ങി. വിവാഹവേദിയില്‍ നിന്നുതന്നെയാണ് തട്ടിപ്പുകാരിയെ നാട്ടുകാര്‍ പിടുകൂടി പോലീസിലേല്‍പ്പിച്ചത്. കൊട്ടാരക്കര ഇളമാട് ആക്കല്‍ ഷാബുവിലാസത്തില്‍ ശാലിനിയെ(32)യാണ് പന്തളം പൊലീസ് അറസ്റ്റു ചെയ്തത്. കോയിപ്രം,ചെങ്ങന്നൂര്‍,ആറന്മുള, എറണാകുളം ജില്ലയിലെ കോലഞ്ചേരി തുടങ്ങിയ സ്റ്റേഷനുകളിലായി ഒന്‍പതു കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും നേരത്തെ ശിക്ഷ അനുഭവിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഞായറാഴ്ച്ച ഉള്ളന്നൂര്‍ വിളയാടിശ്ശേരില്‍ ക്ഷേത്രത്തില്‍ കുളനട സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചുകഴിഞ്ഞപ്പോഴാണ് പിടിവീണത്.

കിടങ്ങന്നൂര്‍ സ്വദേശിയായ യുവാവിന്റെ സുഹൃത്തും ക്ഷേത്രത്തിലെ സെക്രട്ടറിയുമായ പി.എസ്. അഭിലാഷ്, സുഹൃത്തായ വി.മനു എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.  തുടര്‍ന്ന് തട്ടിപ്പിനിരയായ കിടങ്ങന്നൂര്‍ സ്വദേശിയെ കൊണ്ടുവന്ന് ഇവര്‍ തന്നെയാണ് തട്ടിപ്പുകാരിയെന്ന് ഉറപ്പിച്ചു. തട്ടിപ്പു പുറത്തായി പോലീസെത്തുമെന്ന് അറിഞ്ഞതോടെ ഇവര്‍ സ്ഥലത്തുനിന്നു രക്ഷപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍ പോലീസ് വിദ്ഗധമായി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാം വിവാഹമാണിതെന്നും അടുത്തബന്ധുക്കളാരും ഇല്ലെന്നും കോടതി ജീവനക്കാരിയാണെന്നുമാണ് വരന്റെ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. വിവാഹം തീരുമാനിച്ചശേഷം 10,000 രൂപ വരനില്‍ നിന്ന് ഇന്‍ഷുറന്‍സ് പണം അടയ്ക്കാനെന്ന വ്യാജേന വാങ്ങുകയും ചെയ്തു. ശനിയാഴ്ച്ച ബന്ധുവെന്ന് പറഞ്ഞ് ഒരാള്‍ ഇവരെ വരന്റെ ബന്ധുവീട്ടില്‍ കൊണ്ടുവന്ന് വിടുകയായിരുന്നു.

ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങളും മുക്കുപണ്ടമായിരുന്നു. അഞ്ചോളം യുവാക്കളെ ഇവര്‍ കബളിപ്പിച്ചിട്ടുണ്ട്. പത്രത്തില്‍ വിവാഹപരസ്യം നല്‍കി വിവാഹം ചെയ്ത് യുവാക്കളുടെ സ്വര്‍ണവും പണവും കവര്‍ന്നുകടക്കുകയാണു ശാലിനിയുടെ രീതി. വിവാഹപരസ്യം കണ്ടു ഫോണില്‍ വിളിക്കുന്നവരെയാണ് ഇവര്‍ ഇരയാക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് വരനെ ആവശ്യമുണ്ടെന്ന് കാട്ടിയുള്ള ശാലിനിയുടെ പത്രപരസ്യം കണ്ടു പത്തനംതിട്ട സ്വദേശി വിളിക്കുന്നത്. തുടര്‍ന്നു ശാലിനിയുടെ സഹോദരന്റെ ഭാര്യയെന്ന് പറഞ്ഞ് ഒരു യുവതി ഫോണില്‍ വിളിച്ചു. പിന്നീട് മറ്റൊരു നമ്പറില്‍നിന്ന് ശാലിനിയും വിളിച്ചു. തുടര്‍ന്നു ശാലിനിയുടെ ആവശ്യത്തേത്തുടര്‍ന്നു മണ്ണാറശാല ക്ഷേത്രത്തിലെത്തിയ ഇരുവരും നേരിട്ടുകണ്ടു. ബന്ധുക്കളുമായി ആലോചിച്ചശേഷം വിവാഹം നടത്താമെന്ന് യുവാവ് അറിയിക്കുകയും ചെയ്തു. എന്നാല്‍, വിവാഹം ഉടന്‍ വേണമെന്ന നിലപാടിലായിരുന്നു ശാലിനി. ആദ്യം മടിച്ചെങ്കിലും ശാലിനിയുടെ നിര്‍ബന്ധത്തിനു യുവാവ് വഴങ്ങി. ബംഗളുരുവില്‍ ജോലിയുണ്ടായിരുന്ന തനിക്ക് അടുത്ത സമയത്ത് കേരളാ ഹൈക്കോടതിയില്‍ ജോലി ലഭിച്ചെന്നും താന്‍ എല്‍.എല്‍.എം ബിരുദധാരിയാണെന്നും ശാലിനി യുവാവിനോട് പറഞ്ഞിരുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS