ന്യൂഡൽഹി: ജല അഥോറിറ്റിയുടെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കമൽ കുഴിയിൽ വീണ് കിടന്നത് ധാരാളം ആളുകൾ കണ്ടെന്നും എന്നാൽ രക്ഷിക്കാനായി ആരും മുന്നോട്ട് വന്നില്ലെന്നുമുള്ളവിവരമാണ് പുറത്ത് വരുന്നത്. കമൽ വീട്ടിലെത്തിയില്ലെന്ന് പറഞ്ഞ് കുടുംബാംഗങ്ങൾ പരാതി പറഞ്ഞിട്ടും പോലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നും വീട്ടുകാർ ആരോപിച്ചു. മനുഷ്യത്വമില്ലായ്മയുടെയും ഗുരുതര അനാസ്ഥയുടെയും ഇരയായാണ് കമൽ മരിച്ചത് എന്ന ആക്ഷേപം ശക്തമാണ്.
ഫെബ്രുവരി ആറിന് പുലർച്ചെയാണ് ബാങ്ക് ജീവനക്കാരനായ കമൽ ജല അഥോറിറ്റി കുഴിച്ച കുഴിയിൽ വീഴുന്നത്. പിന്നാലെ വന്ന ഒരാൾ യുവാവ് വീണുകിടക്കുന്നത് കാണുകയും അടുത്തുള്ള സെക്യൂരിറ്റിയോട് പറയുകയും ചെയ്തു. ഉടൻതന്നെ സെക്യൂരിറ്റി ജീവനക്കാരൻ യോഗേഷ് എന്ന തൊഴിലാളിയെ വിവരമറിയിച്ചു.
യോഗേഷ് വന്നുനോക്കിയപ്പോൾ കുഴിയിൽ വീണുകിടക്കുന്ന കമലിനെ കണ്ടു. എന്നാൽ അയാൾ യുവാവിനെ രക്ഷിക്കാൻ ശ്രമിക്കാതെ കരാറുകാരനായ രാജേഷ് പ്രജാപതിയോട് വിവരം അറിയിക്കുകയാണ് ചെയ്തത്. കരാറുകാരൻ പ്രദേശത്തേക്ക് കാറിൽ പാഞ്ഞെത്തി. കുഴിക്കുള്ളിൽ ചലനമറ്റ് കിടക്കുന്ന കമലിനെ കണ്ടിട്ടും പോലീസിനെയോ ആംബുലൻസിനെയോ വിവരമറിയിച്ചില്ല. കമലിനെ പുറത്തെടുക്കാൻ പോലും കരാറുകാരൻ തയ്യാറായില്ല. പോലീസ് രാജേഷ് പ്രജാപതിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. യോഗേഷ് ഒളിവിലുമാണ്.
ഡൽഹിയിലെ ജനക്പുരിയിൽ നിർമാണ പ്രവർത്തനങ്ങള്ക്കായി ജല അഥോറിറ്റി കുഴിച്ച കുഴിയിൽ വീണാണ് കമൽ എന്ന യുവാവ് മരിച്ചത്. ഹെൽമറ്റും റൈഡിംഗ് ജാക്കറ്റും കയ്യുറകളും ധരിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കുഴിക്ക് ഒരു കുളത്തിന്റെ വീതിയുണ്ടെന്നാണ് റിപ്പോർട്ട്.
