അഹമ്മദാബാദ്: പരീക്ഷയ്ക്ക് വൈകി എത്തിയത് ചോദ്യം ചെയ്ത അധ്യാപികയുടെ മുഖത്ത് അടിച്ച് പ്ലസ് ടു വിദ്യാർഥി. എന്തും ചെയ്യാൻ മടിക്കില്ലെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലാണ് സംഭവം. ഇതിന്റെ സ്സിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.മുഹമ്മദ് ഖാന് അന്‍സാരി എന്ന വിദ്യാർഥിയാണ് അധ്യാപികയെ മര്‍ദിച്ചത്.
ജനുവരി 24-നായിരുന്നു സംഭവം. പ്ലസ്ടു മോഡൽ പരീക്ഷ നടക്കുന്ന സമയത്ത് മുഹമ്മദ് ഖാൻ എന്ന വിദ്യാർഥി പരീക്ഷയ്ക്ക് വൈകി ക്ലാസിലേക്ക് എത്തി. ഇൻവിജിലേറ്ററായ അധ്യാപിക വിദ്യാർഥിയോട് താമസിച്ച് വന്നതിന്റെ കാരണം തിരക്കി. എന്നാൽ തന്നെ ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും വീട്ടിൽപ്പോലും ആരും മറുത്ത് ഒരു കാര്യം തന്നോട് സംസാരിക്കില്ലെന്നും പറഞ്ഞ് അധ്യാപികയോട് ദേഷ്യപ്പെട്ടു. “നീ ആരാണ് എന്നെ ചോദ്യം ചെയ്യാൻ’ എന്ന് പറഞ്ഞ് അധ്യാപികയുടെ മുഖത്തേക്ക് അടിച്ചു.
പേടിച്ച് പോയ അധ്യാപിക പിന്നോട്ട് മാറുന്നതും ക്ലാസില്‍ ഉണ്ടായിരുന്ന രണ്ട് വിദ്യാർഥികള്‍ മുഹമ്മദ് ഖാനെ തടയാനായി എഴുന്നേല്ക്കുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിറ്റേ ദിവസം മുഹമ്മദും പിതാവും ഉൾപ്പെടെ 20 ആളുകൾ സ്കൂളിലെത്തി അധ്യാപികയെ ഭീഷണിപ്പെടുത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. എന്നാൽ അധ്യാപികയോട് മാപ്പ് പറയാനാണ് സ്കൂളിലേക്ക് വന്നതെന്നായിരുന്നു വീഡിയോയ്ക്ക് പിന്നാലെ പിതാവിന്റെ വിശദീകരണം.
