മുംബൈ: ആഗോളഭീതി വീണ്ടും ഇന്ത്യന്‍ കമ്പോളങ്ങളിലും. ചൈനയുടെ കയറ്റുമതി വേണ്ടത്ര കൂടിയില്ല; അമേരിക്കയില്‍ തൊഴില്‍വളര്‍ച്ച മോശമാകാത്തതിനാല്‍ അവിടെ പലിശ കൂട്ടും. ഈ രണ്ടു ധാരണകളുടെ വെളിച്ചത്തില്‍ ഇന്ത്യന്‍ ഓഹരികള്‍ക്ക് ഇന്നലെ ഒന്നര ശതമാനം വിലയിടിഞ്ഞു. ഡോളറിനു 42 പൈസ കയറി.ആഗോളഭീതിയുടെ ഫലം നിക്ഷേപകസമൂഹത്തിന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി എന്നതാണ്.
ബിഎസ്ഇ സെന്‍സെക്‌സ് 439 പോയിന്റ് താണ് 27,643.11ല്‍ ക്ലോസ് ചെയ്തു. മൂന്നു മാസത്തിനിടയിലെ ഏറ്റവും താണ നില. നിഫ്റ്റി 135.45 പോയിന്റ് താണ് 8,573.35ലെത്തി. രണ്ടു സൂചികകളും 1.56 ശതമാനം താണു. ഇനിയും താഴോട്ടു പോകാവുന്ന നിലയിലാണു കമ്പോളം.ചൈനയുടെ സെപ്റ്റംബറിലെ കയറ്റുമതി തലേക്കൊല്ലം സെപ്റ്റംബറിനെ അപേക്ഷിച്ചു 10 ശതമാനം കുറഞ്ഞു. ഇറക്കുമതിയില്‍ 1.9 ശതമാനം കുറവുമുണ്ടായി. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്ഘടന കുറേക്കാലത്തെ ക്ഷീണത്തില്‍നിന്നു കരകയറി എന്ന കണക്കുകൂട്ടല്‍ തെറ്റിയെന്നാണ് ഈ കണക്കുകള്‍ കാണിച്ചത്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ യോഗരേഖകള്‍ പുറത്തുവന്നപ്പോള്‍ നേരിയ വ്യത്യാസത്തിലാണു പലിശ കൂട്ടേണ്ട എന്നു തീരുമാനിച്ചത് എന്നറിവായി. സമ്പദ്ഘടന മെച്ചപ്പെടുന്നുവെന്നു കൂടുതല്‍ തെളിവുലഭിച്ചാല്‍ പലിശ കൂട്ടും എന്നുറപ്പാണെന്നായി അതിന്റെ വ്യാഖ്യാനം. പുതിയ കണക്കുകള്‍ തൊഴില്‍ വര്‍ധന മോശമല്ലെന്നു കാണിച്ചു. ഇതോടെ ഡിസംബറില്‍ ഫെഡ് പലിശ കൂട്ടുമെന്നായി വിലയിരുത്തല്‍. ഫെഡ് പലിശ കൂട്ടിയാല്‍ ഇന്ത്യയില്‍നിന്നു കുറേയേറെ നിക്ഷേപങ്ങള്‍ അമേരിക്കയിലേക്കു മടങ്ങും. ഇതു കണക്കാക്കിയാണ് ഓഹരികള്‍ക്കു വില താണത്.
നിക്ഷേപം പിന്‍വലിക്കുമെന്ന ഭീതി ഡോളറിനു വില കയറ്റി. ഡോളര്‍ 66.94 രൂപയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. രണ്ടു ദിവസംകൊണ്ട് ഡോളറിന് 50 പൈസ കയറി. ഡോളറിന് ഇനിയും വില കൂടുമെന്നാണു സൂചന.ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസി(ടിസിഎസ്) ന്റെ രണ്ടാംപാദ റിസല്‍ട്ട് മോശമാകുമെന്ന ഭീതിയില്‍ നിക്ഷേപകര്‍ ആ ഓഹരിയെ താഴ്ത്തി. ടിസിഎസ് ഓഹരിവില 2.17 ശതമാനം താണു 2,328.5 രൂപയായി.
എന്നാല്‍, റിസല്‍ട്ട് വൈകുന്നേരം വന്നപ്പോള്‍ ടിസിഎസ് പ്രകടനം മോശമല്ലെന്നു മനസിലായി. അറ്റാദായം രൂപയില്‍ 8.4 ശതമാനം വര്‍ധിച്ച് 6,586 കോടിയായി. മൊത്തം വരവ് എട്ടു ശതമാനം കൂടി 29,284 കോടി രൂപയായി. ഡോളര്‍ നിരക്കില്‍ വരവ് വര്‍ധന പ്രതീക്ഷയിലും കുറവായി എന്നതാണ് എടുത്തുപറയാവുന്ന ന്യൂനത. എന്നാല്‍, ലാഭമാര്‍ജിനുകള്‍ നോക്കുമ്പോള്‍ ടിസിഎസ് പ്രകടനം മെച്ചപ്പെട്ടു.
മൂന്നു മാസക്കാലയളവില്‍ കമ്പനി 9,440 പേരെക്കൂടി ജോലിക്കെടുത്തതോടെ മൊത്തം ജീവനക്കാരുടെ സംഖ്യ 3.71 ലക്ഷമായി.മൂന്നും നാലും പാദങ്ങളില്‍ കമ്പനി കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതായി സിഇഒ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതുകൊണ്ടു വലിയ ആഘാതം പ്രതീക്ഷിക്കുന്നില്ല.