ജയ്റ്റ്‌ലിയെ കൊച്ചാക്കി സ്വാമി; പട്ടേലും ദാസും പുതിയ ഇരകള്‍

bis-jetlyന്യൂഡല്‍ഹി: സുബ്രഹ്മണ്യന്‍ സ്വാമി അടങ്ങുന്നില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ബിജെപിയും സ്വാമിയെ തള്ളിപ്പറഞ്ഞിട്ടും സ്വാമി ആക്രമണവുമായി മുന്നോട്ടു തന്നെ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനെ മാത്രമല്ല ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തി കാന്തദാസിനെയും സ്വാമി ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നു. ഒടുവില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കു നേരേയും തിരിഞ്ഞു.

അരവിന്ദ് സുബ്രഹ്മണ്യന്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് എതിരായി അമേരിക്കയുടെ കൂടെ നിലയുറപ്പിച്ചു എന്ന ആക്ഷേപം സ്വാമി ഇന്നലെ ആവര്‍ത്തിച്ചു. ഇതു രാജ്യസ്‌നേഹമാണെന്നു ഗവണ്‍മെന്റ് പറഞ്ഞാല്‍ താന്‍ എതിര്‍പ്പ് നിര്‍ത്താമെന്നു സ്വാമി പരിഹസിച്ചു. ഔഷധകമ്പനികളുടെ പേറ്റന്റ് വിഷയത്തിലാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ അമേരിക്കന്‍ കമ്പനികളുടെ പക്ഷത്തുനിന്നത്. 2013-ലാണു സംഭവം. അന്ന് ഇന്ത്യയുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ യുഎസ് ഗവണ്‍മെന്റിന് സുബ്രഹ്മണ്യന്‍ ഉപദേശം നല്കി. ഐഎംഎഫില്‍ ഉദ്യോഗസ്ഥനായിരുന്നു സുബ്രഹ്മണ്യന്‍ അന്ന്.

വൈകുന്നേരമായപ്പോള്‍ ജയ്റ്റ്‌ലിയെ നേരിട്ടാക്രമിച്ച് സ്വാമി രംഗത്തുവന്നു. അരവിന്ദ് സുബ്രഹ്മണ്യനെപ്പറ്റി ജയ്റ്റ്‌ലി എന്തും പറഞ്ഞോട്ടെ. ഞാന്‍ അതു വകവയ്ക്കുന്നില്ല. എനിക്കു പാര്‍ട്ടി പ്രസിഡന്റിനോടും പ്രധാനമന്ത്രിയോടും പറയാനറിയാം എന്നാണു സ്വാമി ട്വീറ്റ് ചെയ്തത്.

സോണിയാഗാന്ധിയെയും മറ്റും ആക്രമിക്കുന്നതിനു പ്രതിഫലമായി സ്വാമി ധനമന്ത്രിപദം ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണു റിസര്‍വ് ബാങ്ക് ഗവര്‍ണറെയും മറ്റും ആക്രമിച്ചതെന്നു സ്വാമിയുടെ യഥാര്‍ഥ ലക്ഷ്യം അരുണ്‍ ജയ്റ്റ്‌ലിയാണെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്‌സിംഗ് പറഞ്ഞിരുന്നു. അതു ശരിവയ്ക്കും വിധമാണു സ്വാമിയുടെ പുതിയ നീക്കം.

സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്, മുന്‍ കോണ്‍ഗ്രസ് മന്ത്രി പി. ചിദംബരം ഉള്‍പ്പെട്ട ഒരു ഭൂമി കൈയടക്കല്‍ കേസില്‍ പ്രതിയായതിനാല്‍ അദ്ദേഹത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്കു പരിഗണിക്കരുതെന്നു സ്വാമി ട്വീറ്റ് ചെയ്തിരുന്നു. അച്ചടക്കമുള്ള ഒരു ഉദ്യോഗസ്ഥനെതിരേ സ്വാമി അന്യായമായി കുറ്റാരോപണം നടത്തുകയാണെന്നു ജയ്റ്റ്‌ലി ഇതിനു മറുപടിയായി ട്വീറ്റ് ചെയ്തു.

റിസര്‍വ് ബാങ്കിന്റെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെതിരേയും സ്വാമി ആരോപണമുന്നയിച്ചു. അദ്ദേഹത്തെയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നാണ് ആവശ്യം.അരവിന്ദ് സുബ്രഹ്മണ്യന്‍, ശക്തികാന്ത ദാസ്, ഊര്‍ജിത് പട്ടേല്‍ എന്നിവര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരിലുണ്ട്. ഹാര്‍വാഡില്‍നിന്നു ധനശാസ്ത്ര പിഎച്ച്ഡി എടുത്ത സ്വാമിയുടെ യഥാര്‍ഥലക്ഷ്യം ആര്‍ക്കും വ്യക്തമല്ല.

Related posts